വാട്‌സാപ്പിനെ തോല്‍പിക്കാന്‍ അലോയ്ക്ക് സാധിക്കില്ല

മികവുകള്‍ നോക്കിയാല്‍ വാട്‌സാപ്പിനെ തറപറ്റിക്കാനുള്ള ബൗദ്ധികനിലവാരം ഗൂഗിള്‍ മെസഞ്ചര്‍ അലോയ്ക്കുണ്ടായിരുന്നു. എന്തുകൊണ്ടോ ആളുകള്‍ക്ക് അതിനെ അംഗീകരിക്കാന്‍ സാധിച്ചില്ല. ഏറെ പരിശ്രമിച്ച് ഗൂഗിള്‍ അവതരിപ്പിച്ച അലോ മെസഞ്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആദ്യത്തെ 500 ആപ്പുകളുടെ പട്ടികയില്‍പ്പോലും ഇടം നേടാനാവാതെ കഷ്ടപ്പെടുകയാണ്. ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളിലെ വെര്‍ച്വല്‍ അസിസ്റ്റന്റിന്റെ സേവനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ജനകീയമായ പ്രയോഗമായിരുന്നിട്ടു കൂടി അലോയ്ക്ക് സ്വീകാര്യത ലഭിച്ചില്ല.

വാട്‌സാപ്പും ഫെയ്‌സ്ബുക്ക് മെസഞ്ചറുമൊക്കെ കഴിഞ്ഞ് ആദ്യപത്തിലെങ്കിലും ഇടം ലഭിക്കേണ്ടിയിരുന്ന അലോ അഞ്ഞൂറിന്റെ പിന്നാമ്പുറങ്ങളില്‍ ഇപ്പോഴും വിശ്രമിക്കുന്നു. ചൈനയുടെ വിചാറ്റ് പോലും ചെറിയ നമ്പരുകള്‍ കൊണ്ടു വലിയ നേട്ടമുണ്ടാക്കുമ്പോള്‍ ഗൂഗിളിന്റെ വലിയ നമ്പരുകള്‍ ജനം അവഗണിച്ചു കളയുന്നു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് തുടങ്ങിയ സേവനങ്ങള്‍ ഗൂഗിളിനൊപ്പം തന്നെ ലോകത്തിന്റെ ഇന്റര്‍നെറ്റിനെ നിര്‍വചിക്കുന്ന ഘടകങ്ങളായതിനു ശേഷം പകരം വയ്ക്കാന്‍ ഗൂഗിള്‍ തറവാട്ടില്‍ നിന്നു വന്ന മികവുള്ള സേവനങ്ങളൊക്കെയും നിലംപരിചായി.

ഓര്‍കുട്ടിനു ശേഷം രണ്ടാമതൊരങ്കത്തിനു വേണ്ടി അവതരിപ്പിച്ച ഗൂഗിള്‍ പ്ലസും തോറ്റു പിന്‍വാങ്ങിയിരുന്നു. ചാറ്റ്, മെസ്സേജിങ് ആപ്ലിക്കേഷനായ ഹാങ്ഔട്ട്‌സ് ആരും ഉപയോഗിക്കാതായപ്പോഴാണ് ഏതാനും മാസം മുന്‍പ് അലോ, ഡ്യുവോ എന്ന മെസ്സേജിങ്, വിഡിയോ കോള്‍ ആപ്പുകള്‍ തുടങ്ങിയവ ഗൂഗിള്‍ പുറത്തിറക്കിയത്. അലോയ്ക്ക് ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇന്ത്യയിലും ആദ്യ അഞ്ഞൂറില്‍ ആപ്പ് ഇല്ല. എന്നാല്‍ ഡ്യുവോ 227ാം സ്ഥാനത്തുണ്ട്.

പ്ലേ സ്റ്റോറിലെ സൗജന്യ ആപ്പുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം വാട്‌സാപ്പിനാണ്. ഹോട്ട്സ്റ്റാര്‍ ആണ് രണ്ടാമത്. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ മൂന്നാം സ്ഥാനത്തും ഷെയര്‍ഇറ്റ് നാലാം സ്ഥാനത്തുമുണ്ട്. ഫെയ്‌സ്ബുക്ക് അഞ്ചാം സ്ഥാനമാണ്.

You must be logged in to post a comment Login