വാട്‌സ്ആപ്പിന്റെ പുതിയ നയം നിലവില്‍ വന്നു

A 3D printed Whatsapp logo is seen in front of a displayed stock graph in this illustration taken April 28, 2016. REUTERS/Dado Ruvic/Illustration

വാട്‌സ്ആപ്പിന്റെ പുതിയ നയം നിലവില്‍ വന്നു. ഇതോടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് ലഭ്യമാകും. അതേസമയം പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ക്ക് ഇന്നുമുതല്‍ സേവനം ലഭ്യമാകില്ലെന്ന പ്രചാരണം ശരിയല്ലെന്നാണ് സൂചന.

സ്വന്തമാക്കി രണ്ടുവര്‍ഷം കഴിഞ്ഞാണ് ഫെയ്‌സ്ബുക് വാട്‌സ്ആപ്പിന്റെ സ്വകാര്യതാനയത്തില്‍ ഇടപെട്ടത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു അത്. ഇതനുസരിച്ച് ഉപയോക്താക്കളുടെ വിവരങ്ങള്‍ വാട്‌സാപ്പ് ഇന്നുമുതല്‍ ഉടമയായ ഫെയ്‌സ്ബുക്കുമായി പങ്കുവെയ്ക്കണം. എന്നാല്‍ ഇന്നലെവരെയുള്ള വിവരങ്ങള്‍ ആരുമായും പങ്കുവെയ്ക്കാന്‍ വാട്‌സാപ്പിന് അധികാരമുണ്ടാകില്ല. പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ക്ക് സേവനം അവസാനിപ്പിച്ചുപോകാം. അവരുടെ വിവരങ്ങള്‍ സര്‍വറില്‍ നിന്ന് തന്നെ നീക്കം ചെയ്യണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. പുതിയസ്വകാര്യതാനയത്തിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു ഇത്. അതേസമയം ഉപയോക്താക്കളുടെ ഏതാനും സന്ദേശങ്ങള്‍ സൂക്ഷിക്കാനും ആവശ്യമെങ്കില്‍ പങ്കുവെയ്ക്കാനും അനുവാദം നല്‍കിയിട്ടുണ്ട്.

മുപ്പതുദിവസത്തിലധികം സന്ദേശങ്ങള്‍ സൂക്ഷിക്കാറില്ലെന്ന് വാട്‌സാപ്പ് അവകാശപ്പെടുമ്പോഴും മള്‍ട്ടിമീഡിയ സന്ദേശങ്ങള്‍ സര്‍വറില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ പങ്കുവയ്ക്കാന്‍ കോടതി അനുമതി നല്‍കിയത് എത്തരത്തിലുള്ള സന്ദേശങ്ങളാണെന്ന് വ്യക്തതയില്ല. എന്നാല്‍ ഒന്നും പരസ്യമായി പങ്കുവെയ്ക്കരുതെന്ന് നിര്‍ദേശമുണ്ട്. അതേസമയം , ഉപയോക്താവിന്റെ പ്രൊഫൈല്‍ ഫൊട്ടോ, കോണ്‍ടാക്റ്റ്‌സ്, പങ്കുവയ്ക്കുന്ന ലിങ്കുകള്‍, ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍, എന്നിവയെല്ലാം പങ്കുവെയ്ക്കാം. ചാറ്റില്‍ അവസാനം കണ്ട സമയം, ഓണ്‍ലൈന്‍ സ്റ്റേറ്റസ്, ആരോടൊക്കെ ചാറ്റുചെയ്യുന്നു, ആരൊക്കെ വിളിക്കുന്നു തുടങ്ങിയ കാര്യങ്ങളും ഫെയ്‌സ്ബുക്കിനെ അറിയിക്കാം. അതേസമയം ഇത്തരത്തിലുള്ള മെസേജിങ് ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി ട്രായ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

You must be logged in to post a comment Login