വാട്‍സാപ്പിൽ ഡാർക്ക് മോഡ് ഉടനെത്തുമെന്ന് റിപ്പോർട്ട്

രാത്രികാലങ്ങളിലെ വാട്സാപ്പിന്റെ ഉപയോഗം സുഗമമാക്കുന്നതും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതുമാണ് വാട്‌സാപ്പ് ഡാര്‍ക്ക് മോഡ്

വാട്സാപ്പ് ഉപഭോക്താക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡാർക്ക് മോഡ് ഉടനെ വാട്സാപ്പിന്റെ ഭാഗമാകുന്നതായി റിപ്പോർട്ട്. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ ഡാർക്ക് മോഡ് വാട്സപ്പിൽ എത്തുമെന്നാണ് സൂചന. വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്.

ആൻഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ്ഫോമുകളിൽ ഡാർക്ക് മോഡ് എത്തും. രാത്രികാലങ്ങളിലെ വാട്സാപ്പിന്റെ ഉപയോഗം സുഗമമാക്കുന്നതും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതുമാണ് വാട്‌സാപ്പ് ഡാര്‍ക്ക് മോഡ്. ബാറ്ററി ഉപയോഗം കുറയ്ക്കുന്നതിനും ഡാർക്ക് മോഡ് സഹായകമാണ്.

ആൻഡ്രോയിഡ് ഫോണുകളിലെ ഓഎല്‍ഇഡി ഡിസ്‌പ്ലേകളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും. മറ്റ് ഡിസ്‌പ്ലേകളേക്കാള്‍ മികച്ച രീതിയില്‍ കറുപ്പ് നിറം പ്രദര്‍ശിപ്പിക്കാന്‍ ഓഎല്‍ഇഡി ഡിസ്പ്ലെ പാനലുകൾക്കാകും എന്നതിനാലാണ് ഇത്.

“ഡാർക്ക് മോഡുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. ഈ ഫീച്ചർ നിർമ്മാണത്തിലാണ്. തൽക്കാലത്തേക്ക് കാത്തിരിക്കൂ,”വാബീറ്റാ ഇന്‍ഫോ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം തന്നെ യൂട്യൂബും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടി ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചത്.

മൊബൈൽ ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്സും ഡിജിറ്റൽ വമ്പന്മാരായ ഗൂഗിളുമെല്ലാം ഡാർക്ക് മോഡിനെ പ്രെമോട്ട് ചെയ്തിരുന്നു. ഫോണിൽ ഡാർക്ക് മോഡ് അവതരിപ്പിച്ച ആദ്യ കമ്പനിയാണ് വൺപ്ലസ്സ്.

 

 

You must be logged in to post a comment Login