വാണിജ്യവാഹനങ്ങളില്‍ എഎംടി സാധ്യതയുമായി ടാറ്റ മോട്ടോഴ്‌സ്

 ജംഷഡ്പൂര്‍: ഗീയര്‍ രഹിത ഡ്രൈവിങ്ങിന്റെ സൗകര്യം വാണിജ്യ വാഹനങ്ങളിലും ലഭ്യമാക്കാന്‍ ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്നു. ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എ എം ടി) നല്‍കുന്ന സാധ്യതകള്‍ വാണിജ്യ വാഹനങ്ങളിലും പ്രയോജനപ്പെടുത്തി വിപണിയിലെ മേധാവിത്തം ഉറപ്പിക്കാനാണു കമ്പനിയുടെ പദ്ധതി.വാണിജ്യവാഹന വിപണിയില്‍ 60% വിഹിതം അവകാശപ്പെടുന്ന ടാറ്റ മോട്ടോഴ്‌സ്, വലിയ വാഹനങ്ങള്‍ക്കുള്ള എ എം ടി സാങ്കേതികവിദ്യ സ്വയം വികസിപ്പിക്കാനാണു തയാറെടുക്കുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ തന്നെ കോംപാക്ട് സെഡാനായ ‘സെസ്റ്റിലും മാരുതി സുസുക്കിയുടെ ചെറുകാറായ ‘സെലേറിയൊയിലും അവതരിപ്പിച്ച എ എം ടി സാങ്കേതികവിദ്യയ്ക്ക് വിപണിയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
‘പ്രിമ ട്രക്കുകളിലും ‘സീനോന്‍ എക്‌സ് ടി  പിക് അപ് ട്രക്കുകളിലും ലഘുവാണിജ്യ വാഹനമായ ‘അള്‍ട്രയിലും  എ എം ടി സാങ്കേതികവിദ്യ ലഭ്യമാക്കാനാണു കമ്പനി ആലോചിക്കുന്നത്.  അടുത്ത സാമ്പത്തിക വര്‍ഷം തന്നെ എ എം ടിയുടെ പിന്‍ബലമുള്ള വാണിജ്യ വാഹനങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിക്കാനാണു ടാറ്റയുടെ തീരുമാനം. വില നിയന്ത്രിണം ലക്ഷ്യമിട്ടാണ് വാണിജ്യ വാഹനങ്ങള്‍ക്കുള്ള എ എം ടി സാങ്കേതികവിദ്യ സ്വയം വികസിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന്  ടാറ്റ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ്) രവി പിഷാരടി അറിയിച്ചു.ഇറക്കുമതി വഴി എ എം ടി സാങ്കേതികവിദ്യ നേടുക എളുപ്പമാണെന്നു ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹന എന്‍ജിനീയറിങ് വിഭാഗം മേധാവി എ കെ ജിന്‍ഡാല്‍ അറിയിച്ചു. ഉയര്‍ന്ന ഇന്ധനക്ഷമതയ്‌ക്കൊപ്പം ക്ലച് പ്ലേറ്റിനു ദീര്‍ഘായുസ്സും വാഗ്ദാനം ചെയ്യുന്ന എ എം ടിയുടെ വരവ് വാണിജ്യവാഹനങ്ങളുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കുമെന്നാണു ജിന്‍ഡാലിന്റെ കണക്കുകൂട്ടല്‍. ഗീയര്‍ ഒഴിവാകുന്നതോടെ വാണിജ്യ വാഹന ഡ്രൈവിങ് ആയാസരഹിതമാവുമെന്ന നേട്ടവുമുണ്ട്. ഗീയര്‍ ലീവറിന്റെ ക്രമീകരണത്തിലൂടെ മാനുവല്‍, ഓട്ടോ ട്രാന്‍സ്മിഷന്‍ മോഡുകള്‍ തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് ഓട്ടോ ഗീയര്‍ ഷിഫ്റ്റിലെ സംവിധാനം.വാഹനനിര്‍മാണ രംഗത്ത് ജംഷഡ്പൂരിലെ ശാല ആറു പതിറ്റാണ്ട് പിന്നിടുന്ന വേളയില്‍ ദ്രവീകൃത പ്രകൃതി വാതകം(എല്‍ എന്‍ ജി) ഇന്ധനമാക്കുന്ന വാണിജ്യ വാഹനങ്ങള്‍ നിര്‍മിക്കാനും ടാറ്റ മോട്ടോഴ്‌സിനു പദ്ധതിയുണ്ട്. കൂടാതെ ഡീസലിനൊപ്പം മറ്റൊരു ഇന്ധനം കൂടി ഉപയോഗിക്കാവുന്ന ഡ്യുവല്‍ ഫ്യുവല്‍ പവേഡ് വാഹനങ്ങളും കമ്പനി വികസിപ്പിക്കുന്നുണ്ട്.ലഭ്യതയിലെ പരിമിതികള്‍ പരിഗണിക്കുമ്പോള്‍ സമ്മര്‍ദിത പ്രകൃതി വാതകം(സി എന്‍ ജി) വാണിജ്യ വാഹനങ്ങള്‍ക്കു ചേരുന്ന ഇന്ധനമല്ലെന്നു ജിന്‍ഡാല്‍ വിശദീകരിച്ചു. എന്നാല്‍ വാണിജ്യ വാഹനങ്ങള്‍ക്ക് എല്‍ എന്‍ ജി ഇന്ധനമാക്കാനുള്ള പദ്ധതിയില്‍ പങ്കാളിയാവാന്‍ ഇന്ത്യന്‍ ഓയിലും ഗ്യാസ് അതോറിട്ടി ഓഫ് ഇന്ത്യയുമൊക്കെ തല്‍പരരാണ്. എല്ലാവരും സഹകരിച്ചു നിരത്തിലെത്തിക്കുന്ന, എല്‍ എന്‍ ജിയില്‍ ഓടുന്ന വാണിജ്യ വാഹനം രണ്ടു വര്‍ഷത്തിനകം യാഥാര്‍ഥ്യമാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതോടൊപ്പം സി എന്‍ ജിയിലും ഡീസലിലും ഓടുന്ന വാഹനങ്ങളും വികസനഘട്ടത്തിലുണ്ട്.

You must be logged in to post a comment Login