വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുമായി യുഎസ് സ്ഥാപനം

ന്യൂയോര്‍ക്ക്: വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുമായി യുഎസിലെ പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ സിമാന്‍ടെക് രംഗത്ത്. പ്രോഗ്രാമിന്റെ പ്രവര്‍ത്തനരീതിയിലും ഉപയോഗിച്ചിരിക്കുന്ന കോഡുകളിലും വലിയ സമാനതകളുണ്ടെന്ന് സിമാന്‍ടെക് അറിയിച്ചു. വാനാക്രൈയുടെ ചില പതിപ്പുകള്‍ ഫെബ്രുവരിയില്‍ ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.

ഉത്തര കൊറിയന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലസാറസ് ഹാക്കിങ് സംഘത്തിന് വാനാക്രൈയുമായി ബന്ധമുണ്ടെന്ന് നേരത്തേ തന്നെ സൂചനയുണ്ടായിരുന്നു. ഫെബ്രുവരിയില്‍ നടന്ന ആക്രമണത്തിലെ പ്രോഗ്രാമുകളും ഇപ്പോഴത്തെ വാനാക്രൈ പ്രോഗ്രാമും തമ്മില്‍ കാര്യമായ സാമ്യമുണ്ടെന്നാണ് റിപ്പോ!ര്‍ട്ട് സൂചിപ്പിക്കുന്നത്.

പ്രോഗ്രാമിലെ ചില കോഡുകള്‍ സോണി പിക്‌ചേഴ്‌സ് ഹാക്കിങ്ങിലും ഉപയോഗിച്ചതായി കണ്ടെത്തി. പല പ്രോഗ്രാമുകളും ബന്ധപ്പെടാന്‍ ശ്രമിക്കുന്ന ഐപി വിലാസവും ഒന്നുതന്നെയാണ്. ഫെബ്രുവരി 10ന് ഒരു പ്രമുഖ സ്ഥാപനത്തിലാണ് വാനാക്രൈ ആദ്യമായി സ്ഥിരീകരിച്ചതെന്ന് സിമാന്‍ടെക് വ്യക്തമാക്കി.

രണ്ടു മിനിറ്റിനുള്ളില്‍ 100 കംപ്യൂട്ടറുകളിലാണ് ഇവ വ്യാപിച്ചത്. വലിയ തോതിലുള്ള ആക്രമണത്തിനു മുന്നോടിയായിരുന്നു ഇതെന്നാണു സൂചന.

വാനാക്രൈ ആക്രമണവുമായി ബന്ധമുണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസം ഉത്തര കൊറിയ നിഷേധിച്ചിരുന്നു.

You must be logged in to post a comment Login