വായ്പാകെണിയിലെ കാണാക്കുരുക്കുകള്‍

Untitled-3 copyവായ്പ എടുക്കാത്തവരായി നാട്ടില്‍ ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് ഒറ്റയടിക്ക് ഉത്തരം പറയുക നന്നേ പ്രയാസം. അതേപോലെ തന്നെയാണ് ബാങ്കുകളില്‍ നിന്നും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് രക്ഷപ്പെട്ടവരുണ്ടോ എന്ന ചോദ്യവും ഇല്ലെന്ന് തന്നെയാകും ഭൂരിഭാഗം പേരുടെയും പ്രതികരണം. ഇനി പറയുന്നത് കുറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു സംഭവ കഥ. 1982 – 85 കാലത്ത് തൃശ്ശൂരില്‍ നിന്ന് ഒരു യുവാവ് പാലക്കാട്ടേയ്ക്ക് കുടുംബസമേതം താമസം മാറി താമസിച്ചു. അഞ്ച് സെന്റ് ടൗണിനോട് ചേര്‍ന്ന സ്ഥലം.
സംസ്ഥാനത്തെ തന്നെ പ്രശസ്തമായ ബാങ്കില്‍ നിന്ന് 4 ലക്ഷം രൂപ വായ്പയെടുത്ത് കാസ്റ്റേണ്‍ പാത്രങ്ങള്‍ ഉണ്ടാക്കുന്ന കമ്പനി തുടങ്ങി. കൈയിലെ കാശും കൂടി മുടക്കി തികയാത്തതിനാലാണ് ആ ചെറുപ്പക്കാരന്‍ ബാങ്കിന്റെ സഹായം തേടിയത്. കമ്പനിക്ക് വേണ്ടി വലിയ കെട്ടിടം വാടകയ്ക്ക് തരപ്പെടുത്തി. കോയമ്പത്തൂരില്‍ നിന്നും ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ കൊണ്ട് വന്നായിരുന്നു ഫാക്ടറിയില്‍ ഉല്പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ആദ്യമൊക്കെ തണുപ്പന്‍ പ്രതികരണമായിരുന്നെങ്കിലും 90 ദിവസം കൊണ്ട് കാസ്റ്റേണ്‍ പാത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയായി. വിപണനം പാലക്കാട് നിന്നും സമീപജില്ലയിലേക്ക് വ്യാപിപ്പിക്കേണ്ട അവസരം ലഭിച്ചു. 8 പേരായിരുന്നു തുടക്കത്തില്‍ കമ്പനിയില്‍ ജോലിക്കാരായി ഉണ്ടായിരുന്നത്.  ഒരു വര്‍ഷം തികയുന്നതിന് മുന്‍പെ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചു.
കമ്പനിക്കും ഉടമയ്ക്കും നല്ല കാലം. അപ്പോഴാണ് ചെക്കുകേസില്‍ വായ്പാക്കാരനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയത്. കാര്യം അന്വേഷിച്ചപ്പോള്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിനിടയില്‍ കോയമ്പത്തൂര്‍ക്കാരന് 25000 രൂപയുടെ ചെക്ക് നല്‍കിയിരുന്നു അത് മടങ്ങി.
വ്യാപാരി വണ്ടി ചെക്കിന് കേസ് എടുത്തു. യഥാര്‍ത്ഥത്തില്‍ ബാങ്കില്‍ നിന്നും വായ്പ സ്വീകരിച്ചപ്പോള്‍ പ്രവര്‍ത്തന മൂലധനമായി 2 ലക്ഷം അനുവദിച്ചിരുന്നു. ആ തുക വെറുതെ പലിശ കൊടുക്കേണ്ടല്ലോ എന്ന് കരുതി എടുത്തിരുന്നില്ല. ഈ പണത്തിന്റെ പിന്‍ബലത്തിലാണ് ചെക്ക് നല്‍കിയത്. എന്നാല്‍ ബാങ്ക് എന്തു ചെയ്‌തെന്ന് ചോദിച്ചാല്‍ ആറു മാസം വരെ മാത്രമേ ബാങ്ക് അനുവദിച്ച പ്രവര്‍ത്തന മൂലധനം ആ അക്കൗണ്ടില്‍ ഉണ്ടാകൂ. ഇതിനിടയില്‍ മൂലധനം വായ്പാക്കാരന്‍ ഉപയോഗിച്ചില്ലെങ്കില്‍ ആ ഫണ്ട് ബാങ്കിന് പലിശ ലഭിക്കാതെ നഷ്ടമാകുന്നതിനാല്‍ വര്‍ക്കിംഗ് ക്യാപിറ്റലിനായി അനുവദിക്കുന്ന തുക റദ്ദ് ചെയ്യപ്പെടും. ഈ വസ്തുത അറിയാതെയാണ്  കമ്പനി ഉടമ ചെക്ക് നല്‍കിയത്.
ഉപഭോക്താവിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അദ്ദേഹത്തിന് അനുവദിച്ച ലോണ്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ ? കാരണം  വായ്പയും പലിശയും നല്‍കിയാല്‍ മതിയല്ലോ എന്നതാണ്. പക്ഷെ ബാങ്കുകാര്‍ക്ക് പൊതുസമൂഹത്തെ നന്നാക്കി നാടിന്റെ സമ്പത്ത് ഘടനയും സംസ്‌കാരവും ഉയര്‍ത്തി കാട്ടാനല്ല. ബാങ്ക് പൂര്‍ണ്ണമായും ബിസിനസ് സ്ഥാപനങ്ങളാണ്. ഒരാളില്‍ നിന്ന് വാങ്ങി മറ്റൊരാള്‍ക്ക് നല്‍കുന്ന ഇടനിലക്കാരന്മാര്‍ മാത്രം.
ഇടനിലക്കാരന്റെ ജീവനക്കാര്‍ക്കും, അവര്‍ ഉപയോഗിക്കുന്ന മറ്റു സൗകര്യങ്ങള്‍ക്കുമൊക്കെ പണം കണ്ടെത്തുന്നത് വായ്പക്കാരുടെ തിരിച്ചടവില്‍ നിന്നാണ്. അതുകൊണ്ട് തന്നെ പാലക്കാട്ട് ആരംഭിച്ച പാത്രകമ്പനിക്ക് ബാങ്ക് അധികൃതര്‍ താഴിട്ടു. ഇന്ന് അന്ന അലുമിനിയം കമ്പനിയേക്കാള്‍ ഉന്നതിയിലെത്തി ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമായിരുന്ന കമ്പനിയെ അനുഗ്രഹിച്ചവര്‍ തന്നെ നിഗ്രഹിച്ചു.
ഒരു സംരംഭകന്റെ മനസ്സറിയാതെ, അദ്ദേഹത്തിന് അവസരങ്ങള്‍ നല്‍കാതെ തൊഴിലാളികളുടെ മുന്നില്‍ വെച്ച് അപമാനിതനാക്കി സ്ഥാപനം ജപ്തി ചെയ്ത് ഉടമയെ കൈപിടിച്ചിറക്കലാകരുത്  ധനകാര്യസ്ഥാപനങ്ങള്‍ ചെയ്യേണ്ടത്. പണം മാത്രം മുടക്കിയാല്‍ പ്രസ്ഥാനം ഉണ്ടാകില്ല. അതിനുവേണ്ടി വായ്പക്കാരന്‍ ഒഴുക്കുന്ന ചോരയും, നീരും കണ്ടില്ലെന്ന് നടിക്കരുത് ഒരു ബാങ്ക് അധികൃതരും.
ബിസിനസ്സ് രംഗത്ത് ഉയര്‍ന്ന് പറക്കേണ്ട ആ പാലക്കാട്ടുകാരന്‍ ഇന്ന് തൊടുപുഴയില്‍ പഴയകാല സ്മരണകള്‍ അയവിറക്കി ചെറിയമുറിക്കുള്ളില്‍ അറിയാവുന്ന മറ്റൊരു തൊഴില്‍ ചെയ്യുമ്പോള്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഒരുങ്ങുന്ന തലമുറയോട് പറയുന്നു.
ബാങ്ക് വായ്പകള്‍ കെണിയാണ് പലിശയും കൂട്ടുപലിശയും നിങ്ങളുടെ സ്വസ്ഥത കളയും, മുടക്കം വന്നാല്‍ പിന്നെ പിടിവിടും. വാശി കാണിച്ചാല്‍ റവന്യു റിക്കവറിക്കായി ചുവന്ന പ്രതലത്തില്‍ വെളുത്ത അക്ഷരത്തില്‍ എഴുതി പിടിപ്പിച്ച ബോര്‍ഡുള്ള വാഹനം വീട് തേടിയെത്തും, മാനം കളയും. ചുരുക്കത്തില്‍ വായ്പ തരുന്നവര്‍ സ്‌നേഹിച്ചാല്‍ നക്കി കൊല്ലും അല്ലെങ്കില്‍ ഞെക്കി കൊല്ലും.

You must be logged in to post a comment Login