വായ്പാ തട്ടിപ്പ്; ലണ്ടന്‍ കോടതി വിധിയില്‍ വിജയ് മല്യയ്ക്ക് തിരിച്ചടി

 


ലണ്ടന്‍: വിജയ് മല്യയ്ക്ക് തിരിച്ചടിയായി ലണ്ടന്‍ കോടതി ഉത്തരവ്. കോടികളുടെ വെട്ടിപ്പ് നടത്തി ലണ്ടനില്‍ അഭയം തേടിയ മല്യയുടെ ലണ്ടനിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ് ലണ്ടന്‍ കോടതി. മല്യയുടെ യു.കെ.യിലെ സ്വത്തുവകകളില്‍ പരിശോധന നടത്താനും വീടുകളില്‍ തിരച്ചില്‍ നടത്താനും അനുവദിച്ചുകൊണ്ട് വ്യാഴാഴ്ചയാണ് ഉത്തരവിറക്കിയത്.

ലണ്ടനിലെ ഹെര്‍ട്‌ഫോര്‍ഡ് ഷെയറിലെ മല്യയുടെ വസതി റെയ്ഡ് ചെയ്ത് സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് കോടതി അനുമതി നല്‍കിയത്. ഇത് നിര്‍ബന്ധിതമായി നടപ്പിലാക്കേണ്ട ഉത്തരവല്ല. ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്ക് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കാം. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്കും സംഘത്തിനുമാണ് റെയ്ഡ് നടത്താന്‍ ലണ്ടന്‍ കോടതി അനുമതി നല്‍കിയിട്ടുള്ളത്. കോടതി ഉത്തരവ് പ്രകാരം 114 കോടി പൗണ്ടോ അതിന് തുല്യമായ സ്വത്തുക്കളോ ആണ് കണ്ടുകെട്ടേണ്ടത്.

ഇതോടെ 104.2 ലക്ഷം കോടി രൂപയുടെ സ്വത്തുക്കളില്‍നിന്ന് വായ്പത്തുക തിരിച്ചുപിടിക്കാനുള്ള വഴിയായി ഇന്ത്യന്‍ ബാങ്കുകള്‍ക്ക് കോടതിവിധി ഉപയോഗിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോര്‍പ്പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജമ്മു കശ്മീര്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, യൂകോ ബാങ്ക്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി എന്നീ സ്ഥാപനങ്ങളില്‍ നിന്നുമാണ് മല്യ പണം തട്ടിയത്.

ഇന്ത്യയിലെ വിവിധബാങ്കുകളില്‍നിന്നായി 9000 കോടിയോളം രൂപ വായ്പയെടുത്ത മല്യ തുക തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് കടക്കുകയായിരുന്നു.മേയില്‍ മല്യയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച ഇന്ത്യന്‍കോടതിയുടെ വിധിയും യു.കെ. ഹൈക്കോടതി ശരിവെച്ചിരുന്നു.

You must be logged in to post a comment Login