വാരണാസി തന്‍ താളം തലമുറകളിലൂടെ…

സനില്‍ രാഘവന്‍

കുടമാളൂര്‍ സൈരന്ധ്രിയായ്
മാങ്കുളം ബൃഹന്നളയായ്
ഹരിപ്പാട്ടു രാമകൃഷ്ണന്‍ വലലനായി
ദുര്യോധനവേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസി തന്‍ ചെണ്ടയുണര്‍ന്നുയര്‍ന്നു.. ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റ് എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി രചിച്ച് വി. ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീതം നല്‍കിയ നിത്യ ഹരിതഗാനമായ ‘ഉത്തരാ സ്വയംവരം കഥകളി കാണുവാന്‍ ഉത്രാട രാത്രിയില്‍ പോയിരുന്നു’ എന്നു തുടങ്ങുന്ന പാട്ടിലെ വരികളാണ്. സംഗീതം ഈശ്വരന്റെ വരദാനമാണ്, അതിരുകളില്ലാത്ത അനന്തസാഗരം പോലെയാണ്, സര്‍വചരാചരങ്ങളിലും ആത്മനിര്‍വൃതിയുടെ കുളിര്‍മഴ പെയ്യിക്കുവാനും, ആനന്ദത്തില്‍ ആറാടിക്കാനും കഴിവുള്ള ഉത്തേജകമാണ് സംഗീതമെന്ന് ശാസ്ത്രീയമായി തന്നെ തെളിഞ്ഞിട്ടുണ്ട്. അത്തരം സംഗീതത്തിന്റെ അനിര്‍വചനീയമായ രാഗതലങ്ങളെ ഹൃത്തില്‍ ആവാഹിച്ച നിരവധി പ്രമുഖര്‍ ഉണ്ട്.

മധ്യ തിരുവിതാം കൂറിന്റെ സാംസ്‌ക്കാരിക തലസ്ഥാനമാണ് മാവേലിക്കര. കലയ്ക്കും, സംസ്‌ക്കാരത്തിനും, സാഹിത്യത്തിനും ഏറെ വളക്കൂറുള്ള മണ്ണുമാണ് ഓണാട്ടുകരയുടെ വിളനിലമായ മാവേലിക്കരയ്ക്കുള്ളത്. ഇവിടുത്തെ കലാസപര്യയില്‍ ഒഴിച്ചു കൂടാനാവാത്ത പേരാണ് വാരണാസി. ഏറെ ചരിത്രവും വാരണാസിയുമായി ബന്ധപ്പെട്ട് ഉണ്ട്. ടിപ്പു സുല്‍ത്താന്റെ പടയോട്ട കാലഘട്ടത്തില്‍ തിരുവിതാം കൂറിനു കിട്ടിയ അഭിമാനമാണ് . മലബാറില്‍ നിന്നും തിരുവീതാം കൂറിലെത്തിയ വാരണാസിയുടെ പൂര്‍വികരില്‍ ചിറയ്ക്ക്ല്‍ രാജകുടുംബത്തിലെ ഒരു കൂട്ടര്‍ക്ക് തിരുവിതാംകൂര്‍ ഭരണാധികാരി മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് മാവേലിക്കരയില്‍ താമസിക്കാന്‍ ഇടം നല്‍കി. കൂടാതെ മാവേലിക്കര മണ്ണൂര്‍ മഠത്തിലെ താന്ത്രികാവകാശവും നല്‍കി.ദേവ വാദ്യമായ മദ്ദളത്തിലൂടെ ശ്രോതാക്കളില്‍ പുതിയ ഭാവം നല്‍കിയ കലാകാരനാണ് വാരണാസി ഇല്ലത്ത് കലാരത്‌നം വാരണാസി വിഷ്ണു നമ്പൂതിരി. ശ്രീകുമാരന്‍ തമ്പിയുടെ വരികളില്‍ സൂചിപ്പിക്കുന്ന വാരണാസിതന്‍ ചെണ്ടയുണര്‍ന്നുയര്‍ന്നു എന്നുള്ളത്, വിഷ്ണുനമ്പൂതിരിയുടെ ജേഷ്ഠനും മാവേലിക്കരയുടെ മണ്ണിനെ കേളികൊട്ടുണര്‍ത്തിയ ചെണ്ട വിദ്വാന്‍ കലാരത്‌നം വാരണാസി മാധവന്‍ നമ്പൂതിരിയെ പറ്റിയാണ്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം വെടിഞ്ഞിട്ട് 16 വര്‍ഷങ്ങളായെങ്കിലും ഇന്നും കലാ രംഗത്ത് ആ പേര് ജ്വലിച്ചു നില്‍ക്കുന്നു. അതാണ് വാരണാസി മാധവന്‍ നമ്പൂതിരിയെന്ന വലിയ കലാകാരന്റെ മേന്മ. ചെണ്ട എന്ന കലയെ അത്രയ്ക്കും ഉപാസിച്ചിരുന്നു. അദ്ദേഹം തന്റെ ജേഷ്ഠനും ചെണ്ടവിദ്വാനുമായിരുന്ന വാരണാസി മാധവന്‍ നമ്പൂതിരിയുടെ കൂടെ കഥകളി അരങ്ങുകളില്‍ പങ്കെടുത്താണ് വാരണാസി വിഷ്ണു നമ്പൂതിരിയും കലാ രംഗത്തേക്ക് എത്തിയത്. 1937 ജനുവരി 20ന് നാരായണന്‍ നമ്പൂതിരിയുടെയും ദ്രൗപതി അന്തര്‍ജ്ജനത്തിന്റെയും മകനായി വാരണാസി ഇല്ലത്ത് ജനിച്ച വിഷ്ണുനമ്പൂതിരി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ കഥകളി മദ്ദള വാദനം അഭ്യസിച്ചു തുടങ്ങി. ജേഷ്ഠന്റെ നിര്‍ദ്ദേശപ്രകാരമാണ് വിദ്യാഭ്യാസത്തോടൊപ്പം മദ്ദളപഠനവും വിഷ്ണുനമ്പൂതിരി ആരംഭിച്ചത്. ആദ്യ ഗുരുനാഥന്‍മാര്‍ കരുവാറ്റ കുമാരപ്പണിക്കര്‍, വെന്നിമല രാമവാര്യര്‍ എന്നിവരായിരുന്നു. 1952ല്‍ മാവേലിക്കര മണ്ണൂര്‍ മഠം കൊട്ടാരം ശിവക്ഷേത്രത്തില്‍വെച്ച് അരങ്ങേറ്റവും നടത്തി. തുടര്‍ന്ന് കേരള കലാമണ്ഡലം , ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം എന്നിവിടങ്ങളില്‍ ഉപരി പഠനം നടത്തി. തുടര്‍ന്ന് ജേഷ്ഠനായ ചെണ്ടവിദ്വാന്‍ കലാരത്‌നം മാധവന്‍ നമ്പൂതിരിക്ക് ഒപ്പം കഥകളി അരങ്ങുകളില്‍ എത്തി. അര നൂറ്റാണ്ടുകാലം കഥകളി അരങ്ങുകളില്‍ പകരം വെയ്ക്കാന്‍ ഇല്ലാത്ത പോലെയായി വാരണാസി മാധവന്‍ നമ്പൂതിരിയും, വാരണാസി വിഷ്ണുമ്പൂതിരിയും. ഇവര്‍ വാരണാസി സഹോദരന്മാര്‍ എന്നറിയപ്പെട്ടു. അന്നത്തെ കഥകളി ആചാര്യന്‍മാരായ ഗുരു ചെങ്ങന്നൂര്‍, ഗുരു കുഞ്ചുക്കുറുപ്പ്, പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍നായര്‍, മാങ്കുളം വിഷ്ണുമ്പൂതിരി, കുറിച്ചി കുഞ്ഞന്‍ പണിക്കര്‍, കുടമാളൂര്‍ കരുണാകരന്‍ നായര്‍, ചമ്പക്കുളം പാച്ചുപിള്ള, കഥകളി ഭാഗവതര്‍ ഇറവങ്കര ഉണ്ണിത്താന്‍ സഹോദരന്‍മാര്‍, തകഴി കുട്ടന്‍പിള്ള തുടങ്ങിയവര്‍ക്കൊപ്പം രംഗത്തു പ്രവര്‍ത്തിക്കാന്‍ സാധിച്ചു. വാരണാസി സഹോദരന്‍മാര്‍ എന്ന ഒറ്റപേരില്‍ അറിയപ്പെട്ടിരുന്ന ഇരുവരും കളിയരങ്ങുകളിലെ നിറസാന്നിധ്യമായിരുന്നു. അസുരവാദ്യമായ ചെണ്ടയും, ദേവവാദ്യമായ മദ്ദളവും സമവര്‍ത്തികളായും, സഹവര്‍ത്തികളായും അരങ്ങില്‍ നാദ വിസ്മയം തീര്‍ത്ത മലയാളക്കരയുടെ അഭിമാനമായി മാറി വാരണാസി സഹോദരന്മാര്‍.
അപ്പുകുട്ടിപൊതുവാള്‍, ചാലക്കുടി നാരായണന്‍ നമ്പീശന്‍, കടവല്ലൂര്‍ ശങ്കുണ്ണിനായര്‍, കലാമണ്ഡലം നാരായണന്‍ നായര്‍, കടവല്ലൂര്‍ അരവിന്ദാക്ഷന്‍ നായര്‍, കലാമണ്ഡലം നമ്പീശന്‍കുട്ടി എന്നിവര്‍ ഗുരുശ്രേഷ്ഠന്‍മാരായിരുന്നു വാരണാസി വിഷ്ണുനമ്പൂതിരിക്ക്. മദ്ദള വാദനത്തിലൂടെ മാവേലിക്കരയുടെ ശയസ്സ് ഉയര്‍ത്തിയ വിഷ്ണുനമ്പൂതിരിയെ തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കലാരത്‌നം ബഹുമതി എത്തി.
വീരമണി അയ്യര്‍ സ്മാരക അവാര്‍ഡ്, ചെന്നിത്തല ചെല്ലപ്പന്‍പിള്ള സ്മാരക അവാര്‍ഡ്, കലാമണ്ഡലം കൃഷ്ണന്‍നായര്‍ സ്മാരക അവാര്‍ഡ്, കഥകളി, മദ്ദള വിദ്വാന്‍ കലാമണ്ഡലം അപ്പുക്കുട്ടിപ്പുതുവാള്‍ സ്മാരക അവാര്‍ഡ്, കലാമണ്ഡലം ഹൈദരാലി സ്മാരക അവാര്‍ഡ്, കേരള കലാമണ്ഡലം വാദ്യ അവാര്‍ഡ്, കേരള സംഗീത നാടക അക്കാഡമി ഗുരുപൂജാ പുരസ്‌ക്കാരം, മാവേലിക്കര കഥകളി ആസ്വാദക സംഘത്തിന്റെ വീരശ്യംഖല അവാര്‍ഡ്, കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡ്, തകഴി മാധവക്കുറുപ്പ് സ്മാരകം അവാര്‍ഡ്, മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രോപദേശക സമിതി പുരസ്‌ക്കാരം, കലാമണ്ഡലം കൃഷ്ണന്‍ക്കുട്ടിപ്പൊതുവാള്‍ സ്മാരക കലാസാഗര്‍ അവാര്‍ഡ്, അക്കന്നൂര്‍ നീലകണ്ഠര് സ്മാരക കഥകളി അവാര്‍ഡ്, തിരുവില്വാമല ശ്രീവെങ്കിച്ചന്‍ സ്വാമി പുരസ്‌ക്കാരം തുടങ്ങിയ അവാര്‍ഡുകള്‍ നല്‍കി കലാലോകം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
കേരള കലാമണ്ഡലത്തിലും, കേരള സംഗീത നാടക അക്കാഡമി ഭരണസമിതിയിലും പ്രവര്‍ത്തിക്കാന്‍ വിഷ്ണുമ്പൂതിരിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എണ്ണപത്തിയൊന്നാം വയസിലും കലയോടുള്ള അര്‍പ്പണവും ആദരവും അദ്ദേഹത്തെ അന്വര്‍ത്ഥനാക്കുന്നു. കഥകളിയിലെ ചെണ്ടയില്‍ പകരം വെയ്ക്കാനാവാത്ത ജേഷ്ഠ സഹോദരന്‍ വാരണാസി മാധവന്‍ നമ്പൂതിരിയുടെ വേര്‍പാടിനു ശേഷം വിഷ്ണുമ്പൂതിരി അരങ്ങുകളില്‍ നിന്നും ഇറങ്ങി നിന്നിരുന്നു, എന്നാലും തന്റെ കലയെ ഉപാസിച്ചിരുന്നു. എന്നാല്‍ 2012ല്‍ മാവേലിക്കര കണ്ടിയൂര്‍ മഹാദേവ സന്നിധിയില്‍ നടന്ന ലവണാസുരവധം കഥകളിയില്‍ വീണ്ടും മദ്ദളത്തില്‍ രാഗലയംസൃഷ്ടിച്ചു. 2015ല്‍ സഹോദരന്റെ മകന്‍ നാരായണന്‍ നമ്പൂതിരിക്കും, ചെറുമകന്‍ മധുവാരണാസിക്കുവേണ്ടിയും മദ്ദളമെടുത്തു. വാരണാസി സഹോദരന്‍മാരുടെ കലയോടുള്ള അഭിനിവേശത്തിന്റെയും, നിസ്വാര്‍ത്ഥ സേവനത്തിന്റെയും പ്രതീകമാണ് അല്ലെങ്കില്‍ ശേഷിപ്പാണ് ഓണാട്ടുകരയുടെ ഹൃദയ ഭൂമിയായ മാവേലിക്കരയിലുള്ള കഥകളിപ്പെരുമ.
നിരവധി പ്രഗത്ഭര്‍ക്കൊപ്പം നിരവധി വേദികളില്‍ ആസ്വാദക മനസുകളില്‍ മാസ്മരികം സൃഷ്ടിക്കാന്‍ കഴിഞ്ഞ ഈ വലിയ കലാകാരന്‍, കലോപാസകന്‍ നാടിന്റെ വാദ്യകുലപതിയായി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നു. കലയെ ഉപാസിക്കുന്നതിനൊപ്പം മാനവീക മൂല്യങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നു. മാവേലിക്കരയിലെ ഏതൊരാള്‍ക്കും പ്രിയപ്പെട്ടവനായ വിഷ്ണുമ്പൂതിരി, മാവേലിക്കര മണ്ണൂര്‍മഠം ശിവക്ഷേത്ത്രിതലെ പൂജാരികൂടിയാണ്. എത്ര തിരിക്കിനിടയിലും ഈശ്വരപൂജ ചെയ്യുവാന്‍ തയ്യാറാകും അതുപോലെയാണ് അദ്ദേഹം സമൂഹത്തോടുള്ള കടപ്പാടും, മാനവസേവയാണ് മാധവ സേവയെന്നു ഉറച്ചു വിശ്വസിക്കുന്നു. രാധാദേവി, വിഷ്ണുനമ്പൂതിരി, എന്നിവര്‍ മക്കളും വി. ഈശ്വരന്‍ നമ്പൂതിരി, രാധാദേവി എന്നിവര്‍ മരുമക്കളുമാണ് വാരണാസി ഇല്ലത്തെ ചെറുമകന്‍ മധു വാരണാസി (കഥകളി വേഷം) ഈ രംഗത്തു സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. തന്റെ പൂര്‍വ സൂരികളുടെ പാതയില്‍ കലാ രംഗത്തെ ഉപാസിക്കുവാന്‍ തന്നെയാണ് മധുവാരണാസിയുടെ ലക്ഷ്യവും.

 

You must be logged in to post a comment Login