വാഴയുടെ അന്തകനായി ത്രിപ്‌സ് കീടാണുക്കളും

 

ഇരിട്ടി: വാഴയുടെ അന്തകനായി ത്രിപ്‌സ് കീടാണുക്കളും. വെള്ളീച്ചയ്ക്കും വിവിധയിനം പുഴുക്കള്‍ക്കും പിന്നാലെ വാഴത്തോട്ടങ്ങള്‍ക്ക് നാശം വിതയ്ക്കുന്ന പുതിയ ഇനം കീടാണുക്കളെ കണ്ടെത്തിയത് ഈ രംഗത്ത് നിരീക്ഷണം നടത്തുന്ന കര്‍ഷകനായ മുടയിരഞ്ഞിയിലെ ജോര്‍ജ് കിളിയന്തറയാണ്. തൃശൂര്‍ കണ്ണാറയിലെ കേരള കാര്‍ഷിക വാഴ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. ഗവാസ് രാഗേഷും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പൂര്‍ണ വളര്‍ച്ചയെത്തിയതിനു പോലും അര ഇഞ്ച് മാത്രം നീളത്തില്‍ കണ്‍പീലി പോലെ ഇരിക്കുന്നതിനാല്‍ മനുഷ്യനേത്രങ്ങളില്‍ ഇവ എളുപ്പത്തില്‍ പെടില്ല. കുഞ്ഞുങ്ങള്‍ക്ക് കടും ചുവപ്പ് നിറവും വളര്‍ച്ചയെത്തുമ്പോള്‍ ഇരുണ്ട കറുപ്പ് നിറവുമാണ്. വാഴയിലയുടെ വെയിലേല്‍ക്കുന്ന ഭാഗത്ത് കൂട്ടമായി കാണുന്ന ഇവ നീരൂറ്റി കുടിച്ചാണ് വളരുന്നത്. പുതിയ കൂമ്പുകളിലും കൂട്ടമായി ഇരുന്നു നീരൂറ്റി കുടിക്കുന്നതിനാല്‍ ഇവ പുറത്തേക്കു തള്ളി വരാതെ തന്നെ നശിച്ചുപോകും.

ഇലകരിച്ചില്‍ രോഗമെന്നോ വൈറസ് ബാധയെന്നോ പറഞ്ഞ് കൈയൊഴിയുമ്പോള്‍ കൃഷി തന്നെ ഇല്ലാതാവുകയാണ്. കുലകള്‍ ശോഷിച്ചു പോകാനും ത്രിപ്‌സ് കീടാണുക്കളുടെ ഉപദ്രവം കാരണമാകുന്നുണ്ട്. ശല്യം കാണുമ്പോള്‍ തന്നെ മരുന്നു പ്രയോഗം നടത്തിയാല്‍ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ഗവേഷണ കേന്ദ്രം അധികൃതര്‍ പറയുന്നു.

You must be logged in to post a comment Login