വാഴേങ്കട കുഞ്ചുനായര്‍ കളിയരങ്ങിലെ കലാപൂര്‍ണത

കഥകളി ആചാര്യന്‍ പത്മശ്രീ കുഞ്ചു നായരുടെ മകള്‍ ഇന്ദിരാ ബാലന്‍ അച്ഛന്റെ കലാജീവിതത്തിലൂടെ നടത്തുന്ന സഞ്ചാരം

പത്മശ്രീ പുരസ്‌ക്കാരം… കേരള കലാമണ്ഡലത്തിന്റെ പ്രഥമ പ്രിന്‍സിപ്പല്‍… കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌ക്കാരം… കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘത്തില്‍ ആചാര്യന്‍… 1957-ല്‍ കേന്ദ്രസര്‍ക്കാരിന്റെ ഫിലിം ഡിവിഷന്‍ എടുത്ത കഥകളി എന്ന ഡോക്യുമെന്ററിയില്‍ അഭിനേതാവ്… 1981 ഫെബ്രുവരി 19ന് വിയോഗം…

കവിഗതമനുസരിച്ച് സൂക്ഷ്മ സ്ഥൂലോപാധികളിലൂടെ കഥാപാത്രത്തെ അനുസന്ധാനം ചെയ്ത് ഇതിവൃത്തത്തിന് അര്‍ത്ഥവും കഥാപാത്രങ്ങള്‍ക്ക് മിഴിവും നല്‍കിയ മഹാനടന്‍ കുഞ്ചുനായര്‍. മലപ്പുറം ജില്ലയില്‍ വാഴേങ്കടയില്‍ കാറല്‍മണ്ണ ചേനമ്പുറത്ത് വീട്ടില്‍ ഇട്ടിച്ചിരിയമ്മയുടേയും ഗണപതിനായരുടേയും മകനായി 1085 ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളില്‍ ജനിച്ചു. ആ ദിവസത്തെ പ്രത്യേകതയാല്‍ അച്ഛനമ്മമാര്‍ കൃഷ്ണന്‍ എന്ന് പേരിട്ടു. പക്ഷേ അമ്മയുടെ വാത്സല്യപൂര്‍വ്വമുള്ള ‘കുഞ്ചു ‘ എന്ന ഓമനപ്പേരിലാണ് ലോകമറിയുന്ന നടനായി മാറിയത്.
കേരളത്തിലും വിദേശത്തിലും നിരവധി ശിഷ്യഗണങ്ങളുണ്ട്. കഥകളി പരിപാടികളും ആയി ഇന്ത്യയിലും വിദേശങ്ങളിലും നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 1957 ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഫിലിം ഡിവിഷനെടുത്ത കഥകളി എന്ന ഡോക്യുമെന്ററിയില്‍ അഭിനയിച്ചു. ഒരു പക്ഷേ ആ കാലത്ത് കഥകളി ചരിത്രത്തില്‍ തന്നെ ടി.വിയില്‍ പ്രത്യക്ഷപ്പെട്ട ആദ്യകലാകാരനായിരിക്കാം കുഞ്ചുനായര്‍. 1968ല്‍ ഷിറാസ് മഹോത്സവത്തിലും കഥകളി അവതരിപ്പിച്ചു. വീരശൃംഖലകള്‍, കീര്‍ത്തി മുദ്രകള്‍ ,1969-ല്‍ വി.വി. ഗിരി രാഷ്ട്രപതി ആയിരിക്കുമ്പോള്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌ക്കാരം 1971-ല്‍ രാജ്യം ആദരിക്കുന്ന പത്മശ്രീ പുരസ്‌ക്കാരം തുടങ്ങി മഹത്തായ പല അംഗീകാരങ്ങളും ലഭിച്ചു. 1972 മാര്‍ച്ചില്‍ കേരള കലാമണ്ഡലത്തിലെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. 1946 മുതല്‍ 1972 വരേയുള്ള ഇരുപത്താറ് വര്‍ഷത്തെ ആചാര്യ പദവി കോട്ടക്കല്‍ പി. എസ്. വി. നാട്യസംഘത്തില്‍ പതിന്നാലു വര്‍ഷവും കലാമണ്ഡലത്തില്‍ പന്ത്രണ്ട് വര്‍ഷവും അദ്ദേഹം തൃപ്തികരമായി തന്റെ കര്‍മ്മം നിറവേറ്റി. പട്ടിക്കാംതൊടി രാമുണ്ണി മേനോനെന്ന ഗുരുനാഥന്റെ കല്‍പ്പനാവൈഭവം അലതല്ലുന്ന കളരിയില്‍ നിന്നും നേടിയ ശിക്ഷണത്താലും നിരന്തരമായ അഭ്യാസത്താലും സാധന കൊണ്ടും കുഞ്ചുനായര്‍ കഥകളിയുടെ ഹിമശൈലം കീഴടക്കി. വേഷത്തിന്റെ കുലീനത്വം, കൈമുദ്രകളുടെ വെടിപ്പ്, ഭാവാഭിനയത്തിന്റെ പൂര്‍ണ്ണത, ആട്ടത്തിന്റെ ഒതുക്കം നിയന്ത്രണം എന്നിവയെല്ലാം അദ്ദേഹത്തിന്റെ വേഷങ്ങളുടെ സവിശേഷ ഗുണങ്ങളായിരുന്നു.
വില പിടിപ്പുള്ള മുത്തും പവിഴവും വൈഡൂര്യവും നിറഞ്ഞ കലയുടെ അനന്തസാഗരത്തില്‍ ചിരന്തനമായ ഒരന്വേഷണം പോലെ അദ്ദേഹത്തിന്റെ കലാജീവിതം പ്രയാണമാരംഭിച്ചു. അരങ്ങു വാണ സൂര്യഗായത്രികളുടെ സവിധത്തിലേക്ക്.
വായനയില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത കാവ്യാത്മകത അരങ്ങിലെ കഥാപാത്രങ്ങള്‍ക്കും പകരാനായി. ദൃശ്യവും ശ്രവ്യവുമായ ലാവണ്യങ്ങളുടെ ചേരുവകലര്‍ന്ന കഥകളിയില്‍ കവിത കൂടി ചേരുമ്പോള്‍ അഭിനയത്തിനു് അഴക് കൂടുന്നു. പട്ടിക്കാന്തൊടിയില്‍ നിന്നും പകര്‍ന്നു കിട്ടിയ കല്ലുവഴിച്ചിട്ടയില്‍ നവ ഭാവുകത്വത്തിനു വേണ്ടി ഭാവാത്മകമായ ചില അഴിച്ചു പണികള്‍ നടത്തിയപ്പോള്‍ കഥകളിയുടെ തിളക്കം വര്‍ദ്ധിച്ചു. നിലവിലുള്ള വ്യാകരണ ശുദ്ധി നിലനിര്‍ത്തി നാട്യധര്‍മ്മിയി ല്‍ നിന്നും വ്യതിചലിക്കാതെ തന്നെ നൃത്താഭിനയ സങ്കേതത്തിന് മാറ്റു് കൂട്ടിയ ഒരു ഗരുകുല പാഠ്യക്രമം അതിലൂടെ ഉടലെടുത്തു . വെടിപ്പും വഴക്കവും ശുദ്ധിയും ഉള്ള ചൊല്ലിയാട്ടം ആണെങ്കിലേ അതിന് കറ കളഞ്ഞ ശുദ്ധി വരികയുള്ളു.
സമ്പ്രദായ ശുദ്ധി എന്നത് അനിവാര്യമാണ്. കളരിയിലെ ചൊല്ലിയാട്ടത്തിന് വ്യക്തമായ ജ്യാമിതീയ രേഖകളുണ്ട്.. അത് ആഴത്തില്‍ അറിഞ്ഞവര്‍ മാത്രമേ നല്ല നടനും ഗായകനും മേളക്കാരനും ആവുകയുള്ളു . ജീവശ്വാസത്തിനു പോലും കൃത്യമായ ഒരു താളമുണ്ടല്ലൊ. അത് അനിയതമാകുമ്പോള്‍ ജീവഹാനി തന്നെ സംഭവിക്കാം.. ഈ പ്രകൃതിക്കും ഒരു താളമില്ലേ? അത് തെറ്റുമ്പോഴല്ലേ പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുന്നത്. അങ്ങിനെ മനുഷ്യനുമായി ബന്ധപ്പെട്ട ഓരോന്നിനും ഓരോ താളമുണ്ട്. കഥകളി കാണുന്ന പ്രേക്ഷകനും ചൊല്ലിയാട്ടത്തിന്റെ കണക്ക് കൃത്യമായി അറിഞ്ഞാലേ കഥകളിയുടെ അകം കാണാനാകു എന്നും കുഞ്ചുനായര്‍ വിശ്വസിച്ചു.
ഗുരുവും ശിഷ്യനും
ജീവിതത്തിന് കൃത്യമായ ചിട്ടകള്‍ പാലിച്ചിരുന്ന കുഞ്ചുനായര്‍ ഓരോ ദിവസത്തെ ചൊല്ലിയാട്ടങ്ങളും വേഷങ്ങളും ഒരു നോട്ട് ബുക്കില്‍ കുറിച്ചിടും. മുതിര്‍ന്ന ശിഷ്യര്‍ക്കു പുറമേ വന്നു ചേര്‍ന്നവരായിരുന്നു സ്ത്രീ വേഷത്തിലൂടെ പ്രശസ്തിയാര്‍ജ്ജിച്ച മാങ്ങോട് ശങ്കരനാരായണന്‍ എമ്പ്രാന്തിരി , നാരായണന്‍കുട്ടിപ്പണിക്കര്‍, കോട്ടക്കല്‍ ശിവരാമന്‍, കുട്ടിക്കൃഷ്ണന്‍, നെല്ലിയോട് വാസു നമ്പൂതിരി , മകന്‍ വിജയന്‍ , വാസു പിഷാരടി, ഇ വാസുദേവന്‍, മധു, ശംഭു എമ്പ്രാന്തിരി ,ചന്ദ്രശേഖരവാരിയര്‍ തുടങ്ങി പിന്നീട് പ്രശസ്തരായവര്‍. കോട്ടക്കല്‍ പി. എസ്. വി.നാട്യസംഘത്തിലെ കുഞ്ചുനായരുടെ അധ്യാപന കാലം ഏറ്റവും ഉര്‍വ്വരമായിരുന്നു. 14 കൊല്ലക്കാലം അവിടുത്തെ കറകളഞ്ഞ ആചാര്യനായി .ആ സമയത്ത് കഥകളിയെക്കുറിച്ച് സമുചിതമായ വിചിന്തനങ്ങള്‍ നടപക്ഷത്തു നിന്നും ആസ്വാദക പക്ഷത്തു നിന്നും നടത്തി സ്വന്തമായ ഒരു മൗലികതയും രൂപപ്പെട്ടു.നാട്യധര്‍മ്മിയില്‍ നിന്ന് കൊണ്ട് നവ്യ സങ്കേതങ്ങളിലൂടെ സഹൃദയപരമായ ഒരു ശൈലിക്ക് തുടക്കം കുറിച്ചു.
താന്‍ കണ്ടെത്തിയ സൗന്ദര്യപരമായ ചിട്ടവട്ടങ്ങള്‍ സഹൃദയപക്ഷവും ഇരുകയ്യും നീട്ടി സ്വീകരിച്ചു. കല്ലുവഴിച്ചിട്ടയുടെ പ്രാകൃതമായ ആദ്യഘട്ടം ഇത്രയും ഉരസി മിനുക്കിയെടുക്കുവാന്‍ ഗുരുനാഥനായ പട്ടിക്കാന്തൊടിക്ക് അന്ന് സാധിച്ചത് സാംസ്‌ക്കാരിക കലകളുടെ പെറ്റമ്മയായ വള്ളുവനാടന്‍ താലൂക്കില്‍ തന്നെയുള്ള വെള്ളിനേഴി ദേശത്തിലുള്ള ഒളപ്പമണ്ണ മനയുടെ സഹായത്താലായിരുന്നു. അവിടെ ഒരു ഭാഗത്ത് പട്ടിക്കാന്തൊടിയുടെ കളരിയും ,മറുഭാഗത്ത് കേരളത്തിന് മഹത്തായ സംഗീത പാരമ്പര്യം നല്‍കിയ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശാസ്ത്രീയ സംഗീതക്കളരിയും ആയിരുന്നു. പട്ടിക്കാന്തൊടിയുടേയും ചെമ്പൈയുടേയും അരങ്ങേറ്റം നടന്നതും മന വക ക്ഷേത്രമായ കാന്തളളൂരമ്പലത്തിലായിരുന്നു. തെക്കുഭാഗത്തുള്ള പത്തായപ്പുരയിലായിരുന്നു കോപ്പറ. അവിടെയിരുന്നാണ് ആശാന്‍ ശിഷ്യരെ പഠിപ്പിച്ചിരുന്നത്. ഔപചാരികതകളൊന്നുമില്ലാത്ത ഈ കളരിയിലാണ് കല്ലുവഴിച്ചിട്ടക്ക് ഊടും പാവും നല്‍കിയതെന്നു് കഥകളി കലാ ചിന്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.
കുഞ്ചുനായരുടെ കഥകളി ജീവിതത്തിന് കെട്ടുറപ്പ് നല്‍കിയതും കുറെയൊക്കെ രാമുണ്ണിമേനോനാശാന്റെ ജീവിതവഴിത്താരകള്‍ തന്നെയായിരുന്നു. ദാരിദ്ര്യവും ,അനാഥത്വവും, അരക്ഷിതാവസ്ഥയും ,ഒപ്പമുള്ള കഥകളിയഭ്യാസവും ഒക്കെ കുഞ്ചുനായരുടെ ജീവിതത്തിനേയും ക്രമപ്പെടുത്തിയ പാഠങ്ങള്‍ തന്നെ. ഇതൊക്കെ സ്വയമറിയാതെ തന്നെ അക്കാദമികമായ അഭ്യസനത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ശില്‍പ്പിയായി കുഞ്ചുനായരെ മാററിയെന്നു വേണം പറയുവാന്‍… സമാനമനസ്‌കരായ അപൂര്‍വ്വതകളേറിയ ഗരുവും ശിഷ്യനും ഗുരുവിലൂടെ ലഭിച്ച കല്ലുവഴിച്ചിട്ടയുടെ ലാവണ്യവിചാരത്തിലൂടെ ഒരു പുതിയ രംഗപാഠ’ വീക്ഷണം തന്നെ കഥകളി ലോകത്ത് വളര്‍ന്നു വന്നു.കഥകളിയുടെ യുക്തിഭദ്രമായ ചിന്തകളിലൂടെ തന്റെ ജീവിതത്തെ വ്യാപരിപ്പിച്ചു.
പഠിച്ച വഴിയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കിടം നല്‍കാതെ തന്റേതായ ഒരു കലാദര്‍ശനത്തിലൂന്നി നിന്നുകൊണ്ട് പുതിയ സാധ്യതകള്‍ കണ്ടെത്തുകയായിരുന്നു കുഞ്ചുനായര്‍ ചെയ്തത്. താന്‍ കാണിക്കുന്നതും പഠിപ്പിക്കുന്നതും അതേ പടി ശിഷ്യര്‍ അവലംബിക്കണമെന്നും ശഠിച്ചില്ല.
സ്വന്തം പരിമിതികളും സാധ്യതകളും ഓരോ നടനും തിരിച്ചറിയണം. അതിലൂടെ തനതായ ശൈലി രൂപപ്പെടുത്തുക.. ആത്മവിമര്‍ശനത്തിലൂടെ സ്ഫുടം ചെയ്‌തെടുത്താലേ ഏതൊന്നും ശാശ്വതമാവു എന്നായിരുന്നു കുഞ്ചുനായരുടെ അഭിപ്രായം.
ഇടക്ക് മുടങ്ങിപ്പോയിരുന്ന കലാപീനങ്ങള്‍ വീണ്ടും ആരംഭിച്ചതും ഒട്ടൊക്കെ പൂര്‍ത്തിയാക്കിയതും കോട്ടക്കലിലെ നാളുകളിലായിരുന്നു.
പദാര്‍ത്ഥാഭിനയരീതിയിലുള്ള ഭാവതലത്തില്‍ നിന്ന് വാക്യാഭിനയപ്പൊരുളിലൂന്നിയുള്ള രസാവിഷ്‌ക്കാരത്തെ വളര്‍ത്തി നിലനിര്‍ത്താനുള്ള നിയോഗം പട്ടിക്കാന്തൊടി കുഞ്ചുനായരിലാണു് ഏല്‍പ്പിച്ചത്. കുഞ്ചുനായരാകട്ടെ നിലവിലെ രസാഭിനയത്തില്‍ നിന്നും കുറച്ചു കൂടി മുന്നോട്ട് പോയി. അത് സാര്‍ത്ഥകമാക്കാന്‍ തുണച്ചതും പിന്നിലെ കഠിന പ്രയത്‌നമാണ്. കാവ്യ നാടകാദികളും നാട്യശാസ്ത്രം ബാലരാമഭാരതം അഭിനയദര്‍പ്പണം തുടങ്ങിയ നാട്യ ലക്ഷണ ഗ്രന്ഥങ്ങള്‍ വായിച്ച് മനസ്സിലാക്കാനുള്ള സംസ്‌കൃത ഭാഷാ പ്രാവീണ്യവും സ്വയം ആര്‍ജ്ജിച്ച് സൈദ്ധാന്തികമായ ഒരുള്‍ക്കരുത്ത് അദ്ദേഹം നേടിയിരുന്നു. അതിലൂടെ പുതിയ രംഗ പാഠങ്ങള്‍ക്ക് ഭാഷ്യം ചമച്ചു. അരങ്ങില്‍ അത്ര രംഗ പ്രയോഗക്ഷമതയില്ലാത്ത കഥകളെടുത്ത് അതിന് പ്രാപ്തമാക്കി. നളചരിതം പോലുള്ള കഥകള്‍ക്ക് ഭാവാര്‍ത്ഥ പുഷ്ടി നല്‍കി. സ്വയം നേടിയെടുത്ത ജ്ഞാന സമൃദ്ധിയെ കൃത്യമായി തിരിച്ചറിഞ്ഞ് സ്വാധ്യായത്തിലൂടെ കാവ്യ നാടക സൈദ്ധാന്തിക മേഖലയില്‍ തികഞ്ഞ പണ്ഡിതനായി. ആ അറിവ് വിവിധ കലാശാഖകളിലെ ലാവണ്യരസത്തെ പെട്ടെന്നറിയാന്‍ സഹായിച്ചു.
കഥകളിസംബന്ധമായ ലേഖനം ,കവിതാ രചന എന്നതിലും കുഞ്ചുനായര്‍ പിന്നിലായിരുന്നില്ല. അന്ന് മാതൃഭൂമിയിലും മറ്റു കലാ മാസിക, വാരികകളിലും കുഞ്ചുനായര്‍ എഴുതിയിരുന്നു. ലേഖനങ്ങള്‍ കഥകളിയെക്കുറിച്ചുള്ള ഗഹനമായ വിഷയങ്ങളായിരുന്നു.നായകബോധവും നാട്യവിജ്ഞാനവും ഒരു പോലെ സിദ്ധിച്ച വ്യക്തി. ഏതു ശൈലിയും ഉള്ളില്‍ നിന്ന് രൂപപ്പെട്ടു വരണം. കലക്കനുഗുണമായ വികാസ പരിണാമങ്ങള്‍ ആത്മാവ് ചോരാതെ കണ്ടെത്തുക.
കലാമണ്ഡലത്തിലേക്ക്
ഒരിയ്ക്കല്‍ വാഴേങ്കട ക്ഷേത്രത്തില്‍ കഥകളി. ക്ഷേത്രത്തില്‍ കലശം നടത്തുന്നതിന്റെ അവസാന ദിവസം. അന്ന് കനത്ത മഴയായതിനാല്‍ ക്ഷേത്രം അഗ്രശാലക്കുളളിലായിരുന്നു കളി. കിര്‍മ്മീരവധം കഥ. കുഞ്ചുനായരുടെ വേഷം ധര്‍മ്മപുത്രര്‍. നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് ജീവിച്ച ആ ധര്‍മ്മസങ്കടക്കാരന്റെ മനസികാവസ്ഥകള്‍ കുഞ്ചുനായരുടെ വേഷത്തിലൂടെ പുനര്‍ജ്ജനിക്കും. അന്നത്തെ വേദിയില്‍ മറ്റൊരു വിശിഷ്ടാതിഥി കൂടി എത്തിയിരുന്നു. കുഞ്ചുനായരുടെ വേഷം കണ്ട് കേശഭാരക്കിരീടം സമ്മാനിക്കുവാന്‍. തൂതയില്‍ കാറിറങ്ങി മഞ്ചലിലായിരുന്നു അദ്ദേഹം വാഴേങ്കടയിലെത്തിയത്. മഹാകവി വള്ളത്തോളായിരുന്നു ആ അതിഥി. കവി പ്രസംഗങ്ങള്‍ കവിത ചാലിച്ചായിരിക്കുമല്ലൊ. വള്ളത്തോളും കവിഭാവനയിലുണര്‍ന്ന കവിത ചൊല്ലിയായിരുന്നു പ്രസംഗം തുടങ്ങിയത്. യാത്രാക്ലേശങ്ങളേയും മഴയേയും അവഗണിച്ച് അദ്ദേഹം അവിടെയെത്തിയത് ആ കലയോടും കലാകാരനോടു മുള്ള മതിപ്പാണ് വിളിച്ചോതുന്നത്. കിരീടം സമ്മാനിച്ചുകൊണ്ട് പ്രസംഗ മദ്ധ്യേ വള്ളത്തോള്‍ സൂചിപ്പിച്ചു. കുഞ്ചുനായരെപ്പോലുള്ള ഒരുയര്‍ന്ന കലാകാരന്‍ ആചാര്യനായി കലാമണ്ഡലത്തിന്റെ ഭാവിക്കാവശ്യമാണെന്ന്. അതിനു ശേഷവും പലപ്പോഴും മഹാകവി കുഞ്ചുനായരെ കലാമണ്ഡലത്തിലേക്ക് ക്ഷണിച്ചിരുന്നു. വള്ളത്തോളിന്റെ കാലത്ത് ആദ്യകാലത്ത് കുറച്ച് സമയം കലാമണ്ഡലത്തിലെ അധ്യാപകനായിരുന്നു’ പിന്നീട് വിട്ടു പോന്നതാണ്. എന്നാല്‍ വള്ളത്തോള്‍ വീണ്ടും വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ കോട്ടക്കലില്‍ നിന്നും പെട്ടെന്ന് വിട്ടു പോകാനും വയ്യാത്ത സ്ഥിതിയായിരുന്നു.. വല്ലാത്ത ധര്‍മ്മസങ്കടത്തില്‍ പെട്ടു . വള്ളത്തോളിന്റെ ക്ഷണം തല്‍ക്കാലം നിര്‍വ്വഹിക്കാന്‍ കഴിയാതെ വന്നു. മഹാകവി സുഖമില്ലാതെ കിടക്കുമ്പോഴും അദ്ദേഹം ആഗ്രഹിച്ചിരുന്നു കുഞ്ചുനായര്‍ കലാമണ്ഡലത്തില്‍ വേണമെന്ന് . പക്ഷേ അപ്പോഴൊന്നും അത് നടന്നില്ല.
ഭാവകാവ്യ തുല്യമായ അഭിനയ ചക്രവര്‍ത്തി പദം കാഴ്ചവെച്ച കുഞ്ചുനായരെ സംബന്ധിച്ച് ഔചിത്യപൂര്‍ണ്ണമായ അഭിനയം എന്നത് കര്‍ക്കശമായിരുന്നു. ഔചിത്യത്തിന്റെ ഉരകല്ലിലിട്ട് പതം വരുത്തിയിട്ടേ ഏതൊരു കഥാപാത്രത്തേയും അദ്ദേഹം ആവേശിക്കുകയുള്ളു. കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞ് പരിമിതികളേയും സാധ്യതകളാക്കി മാറ്റാനുള്ള അന്യാദൃശമായ കഴിവ് അപാരമായിരുന്നു. അരങ്ങില്‍ അദ്ദേഹത്തിന്റെ ഏതു വേഷത്തിനും അതിന്റേതായ രാസ സംക്രമണങ്ങള്‍ അനുഭവപ്പെടും. ഹൃദയം മഥിക്കുമാറുള്ള രംഗങ്ങളില്‍ കുഞ്ചുനായരുടെ കഥാപാത്രങ്ങള്‍ കണ്ണീരൊഴുക്കിയല്ല ആസ്വാദകനെ വിലയിപ്പിക്കുന്നത്. കറ തീര്‍ന്ന ഭാവപൂര്‍ണ്ണമായ അഭിനയ മേന്‍മ കൊണ്ടായിരുന്നു. വികാരങ്ങളെ അനിയന്ത്രിതമായി അഴിച്ചുവിടുന്നതിനോട് അദ്ദേഹം യോജിച്ചില്ല. ഇവിടെയാണ് കുഞ്ചുനായരുടെ ഔചിത്യ ദീക്ഷ മനസ്സിലാക്കേണ്ടത്. പല കഥകളിലേയും പല പദങ്ങളുടെയും അദ്ദേഹത്തിന്റേതായ അവതരണങ്ങള്‍ അതിന് ദൃഷ്ടാന്തങ്ങളാണ്. പരശുരാമന്‍, നളന്‍, ബാഹുകന്‍ ,രുക്മാംഗദന്‍, ബ്രാഹ്മണന്‍ എന്നു വേണ്ട നിരവധി വേഷങ്ങളുടെ മൗലികത അതെടുത്തു കാണിക്കുന്നു.
മനുഷ്യകഥാനുഗായിയായ ഉണ്ണായിവാരിയരുടെ ‘നളചരിതം ‘ കഥക്ക് ഭാവാര്‍ത്ഥ പുഷ്ടി നല്‍കിയതില്‍ കുഞ്ചുനായര്‍ക്ക് സ്തുത്യര്‍ഹമായ പങ്കുണ്ട്. നൃത്യ കലയായ കഥകളിയില്‍ കൂടുതല്‍ പ്രാധാന്യം നൃത്തത്തിനോട് ചേര്‍ന്ന നാട്യത്തിനാണ്. മറ്റു കഥകളെപ്പോലെയുള്ള ആസ്വാദന ഭംഗി നളചരിതത്തിന് കുറവായിരുന്നത്രെ. അതിന്റെ പരിമിതികള്‍ മനസ്സിലാക്കി കുഞ്ചുനായര്‍ കുറവിനെ മറ്റൊരു സാധ്യതയുടെ തലത്തിലേക്കുയര്‍ത്തി. ഒരു കഥകളി നടനെന്ന നിലക്ക് കൂടുതല്‍ ഉള്‍ക്കൊണ്ടു എന്നു വേണം പറയുവാന്‍ . അതിനുള്ള യുക്തി കണ്ടെത്തേണ്ടത് നടന്റെ ധര്‍മ്മമാണെന്നും അദ്ദേഹം വിശ്വസിച്ചു.
ബകവധത്തിലേയോ കിര്‍മ്മീരവധത്തിലേയോ ലളിതയുടെ വേഷം പോലെ ദമയന്തി ചെയ്യാന്‍ പറ്റില്ല. കാലകേയവധത്തിലെ അര്‍ജുനനെപ്പോലെയോ ധര്‍മ്മപുത്രരെ പോലെയോ നളനേയോ ബാഹുകനേയോ രുക്മാംഗദനേയോ ചെയ്യാന്‍ പറ്റില്ല. കലാശങ്ങളും ചുഴിപ്പുകളും തോങ്കാരങ്ങളുമടങ്ങിയ കഥകളിലൂടെ വിവിധ നൃത്ത സൗഭാഗ്യങ്ങളൊന്നും അതേ പടി ഈ വേഷങ്ങള്‍ക്കില്ലെന്നും കുഞ്ചുനായര്‍ മനസ്സിലാക്കിയിരുന്നു. അതൊക്കെ അറിഞ്ഞു കൊണ്ടാണ് അദ്ദേഹം നളചരിതം പോലുള്ള കഥകള്‍ക്ക് രംഗത്ത് മറ്റൊരു മാനം നല്കി ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്. നിലവിലുള്ള വ്യവസ്ഥാപിത ചിട്ടകളുടെ ചട്ടക്കൂട്ടില്‍ നിന്നും നളചരിതത്തെ മോചിപ്പിച്ച് അവധാനതയോടെ മറ്റൊരു തലം കുഞ്ചുനായരുടെ അരങ്ങു വഴികളിലൂടെ സാധിതമായി. സ്വയം ആര്‍ജ്ജിച്ചെടുത്ത കലര്‍പ്പില്ലാത്ത ശൈലീ രൂപത്തില്‍ രംഗസാഫല്യം നേടിയ ദൃശ്യവ്യാഖ്യാനങ്ങള്‍!
കോട്ടയം കഥകളില്‍ നിഷ്‌ക്കര്‍ഷിച്ച അഭിനയസിദ്ധാന്തം നളചരിതത്തിലേക്ക് സംക്രമിപ്പിക്കുക കഴിയുന്നതും അതിന്നുള്ള അവസരങ്ങള്‍ അന്വേഷിക്കുക പാത്രബോധം കൃത്യമായി പാലിച്ചുകൊണ്ടുള്ള ആവിഷ് ക്കാരം സഞ്ചാരി ഭാവങ്ങള്‍ക്കടിപ്പെട്ട് സ്ഥായീഭാവം നഷ്ടപ്പെടാതെയുള്ള അഭിനയ രീതി നാടകീയതയുടെ അതിപ്രസരത്തിലേക്ക് വഴുതി വീഴാതിരിക്കുക തുടങ്ങിയ ഭാവബന്ധുരമായ ധ്വന്യാത്മക നിലകളിലൂടേയും ചൊല്ലിയാട്ട നിഷ്ഠകളിലൂടേയും ഔചിത്യപൂര്‍ണ്ണമായ ഒരനുഭവ പരിസരം സഹൃദയ തീരങ്ങളില്‍ സൃഷ്ടിക്കാന്‍ കുഞ്ചുനായര്‍ക്ക് കഴിഞ്ഞു. അതിനായി ചില കലാ തത്വങ്ങളും വ്യവസ്ഥകളും അദ്ദേഹം നളചരിതത്തില്‍ പാലിച്ചുവെന്നും അദ്ദേഹത്തിന്റെ അരങ്ങനുഭവങ്ങളുള്ളവര്‍ പങ്കു വെക്കുന്നു. വ്യവസ്ഥയില്ലാത്തിടത്ത് കൂടുതല്‍ ശ്രദ്ധയും കലാഭിജ്ഞതയും വേണമെന്ന് കുഞ്ചുനായര്‍ കണ്ടെത്തി. നളചരിതത്തില്‍ പദാര്‍ത്ഥാഭിനയത്തിന്റെ ആശയത്തിന്നപ്പുറം ഒരു നടന്‍ചെന്നെത്തേണ്ടതുണ്ടെന്ന പൂര്‍ണ്ണ ബോധ്യവും ഉണ്ടായിരുന്നു. പദത്തിലൊളിഞ്ഞിരിക്കുന്ന അര്‍ത്ഥ വിന്യാസങ്ങളെ ദൃശ്യപ്രധാനമായ സംഗതികള്‍ക്കൊപ്പം തുല്യ പ്രാധാന്യത്തോടെ ഉള്‍ക്കൊള്ളണമെന്ന കൃത്യമായ അവബോധത്തോടെയാണ് കുഞ്ചുനായര്‍ തന്റെ രംഗ ജീവിതപഥങ്ങള്‍ നിര്‍ണ്ണയിച്ചത്. വള്ളത്തോളിന്റെ കാലശേഷം കലാമണ്ഡലത്തിലെ ആചാര്യനായി കുഞ്ചുനായരുടെ നിയോഗം വന്നെത്തി. കേരള കലാമണ്ഡലത്തിന്റെ പ്രഥമ പ്രിന്‍സിപ്പാളായി വിരമിച്ചു. നിരവധി അംഗീകാരങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി. കഥകളി രംഗത്തെ സമുന്നതമായ സ്ഥാനം സ്വായത്തമായി.
അപൂര്‍ണ വിരാമം
അവസാന വേഷം ഗുരുവായൂര്‍ കഥകളി ക്ലബ്ബിന്റെ വാര്‍ഷികാഘോഷത്തില്‍ സന്താനഗോപാലം കഥയില്‍ ബ്രാഹ്മണനായിരുന്നു. നീലകണ്ഠന്‍ നമ്പീശന്‍ ഗംഗാധരന്‍ മാഷ് കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, അപ്പുക്കുട്ടി പൊതുവാള്‍, കുഞ്ചുനായര്‍, കൃഷ്ണന്‍ നായര്‍ അവിസ്മരണീയമായ അരങ്ങ്. ആ അരങ്ങിന്നിടയിലായിരുന്നു വിധി വ്യാധിയായി കുഞ്ചുനായരെ തേടിയെത്തിയത് .. പിന്നീട് ചികില്‍സകള്‍ വിശ്രമങ്ങള്‍ – നീണ്ട ഒന്‍പത് വര്‍ഷം. അരങ്ങിലെ ഇന്ദ്രധനുസ്സൊളി ചിതറിയ അനന്തമായ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്നടുത്ത് വന്നു സമാധാനിപ്പിച്ചിട്ടുണ്ടാകാം. വ്രണിതമായ വപുസ്സില്‍ നിന്നും മനസ്സില്‍ നിന്നും തിരയടിച്ചിരുന്ന ശിവസ്മരണ മാത്രം അദ്ദേഹത്തിന്റെ മുറിയില്‍ നിന്നും പതിഞ്ഞ സ്വരത്തിലും ഇടക്കുച്ചത്തിലും കേള്‍ക്കുമായിരുന്നു. 1981-ഫെബ്രുവരി 19ന് കുംഭമാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച ത്രിസന്ധൃക്ക് ആ കലാകാരന്‍ ജീവിതത്തിന്റെ കളിക്കോപ്പഴിച്ചു വെച്ച് യാത്രയായി.
വര്‍ഷങ്ങള്‍ കൊഴിഞ്ഞെങ്കിലും ഋതുക്കള്‍ മാറിമറിഞ്ഞെങ്കിലും കുഞ്ചുനായരെന്ന മഹാനടന്റെ അഷ്ടകലാശത്തിന്റെ കച്ചമണിക്കിലുക്കം വര്‍ത്തമാനകളിയരങ്ങുകളിലും മുഖരിതമാണ്.സ്വയം വികസിപ്പിച്ചെടുത്ത കഥകളിശൈലിയിലൂടെ ഒരു കലാവീക്ഷണം തന്നെ അദ്ദേഹത്തിന്റേതായി കഥകളിലോകത്തിന് നല്കി .ആ ദൗത്യം കലയോട് നിര്‍വ്വഹിച്ച വലിയൊരു ഉത്തരവാദിത്വമായിരുന്നു എന്നു തെളിയിക്കുന്നതായിരുന്നു കുഞ്ചു നായരുടെ രംഗകലാജീവിതം. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തി പാലക്കാട് ജില്ലയില്‍ കാറല്‍മണ്ണ എന്ന ജന്മഗ്രാമത്തില്‍ വാഴേങ്കട കുഞ്ചുനായര്‍ മെമ്മോറിയല്‍ ട്രസ്റ്റ് നടത്തി വരുന്നു. ഒപ്പം ശിഷ്യരും പ്രശിഷ്യരും ആസ്വാദകരും മക്കളും ചേര്‍ന്ന് ‘വാഴേങ്കട കുഞ്ചുനായര്‍ സംസ്തുതി സമ്മാന്‍ ” എന്ന പേരില്‍ പുരസ്‌ക്കാരവും ഏര്‍പ്പെടുത്തി. കഥകളി രംഗത്തെ മികച്ച കലാകാരന്‍മാര്‍ക്ക് നല്‍കി വരുന്നുണ്ട്.

You must be logged in to post a comment Login