വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ തന്നെ; ശാസ്ത്രീയ തെളിവ് ലഭിച്ചു

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരെ നിർണായക തെളിവ്. അപകട സമയം വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണെന്ന് ശാസ്ത്രീയ തെളിവ് ലഭിച്ചു.
ഡ്രൈവിംഗ് സീറ്റിലെ ബെൽറ്റിൽ നിന്ന് ശ്രീറാമിന്റെ വിരലടയാളം ലഭിച്ചു. ഫൊറൻസിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അപകട സമയം വാഹനമോടിച്ചത് ശ്രീറാമാണെന്നും ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണെന്നും രണ്ട് വാദങ്ങളുണ്ടായിരുന്നു. വാഹനമോടിച്ചത് വഫയാണെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ വാദം. എന്നാൽ വഫ അത് നിഷേധിച്ചു. ശ്രീറാമാണ് വണ്ടിയോടിച്ചതെന്ന് വ്യക്തമാകുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. ദൃക്‌സാക്ഷികൾ നൽകിയ വിവരം അനുസരിച്ചത് അപകട സമയം വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണെന്ന സൂചനയാണുള്ളത്.

ആഗസ്റ്റ് മൂന്ന് പുലർച്ചെയാണ് കെ എം ബഷീർ കൊല്ലപ്പെടുന്നത്. അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ബഷീർ തെറിച്ചു പോകുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ബഷീർ മരിച്ചു. ഇതിന് ശേഷം നടന്ന കാര്യങ്ങൾ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കാത്തത് പൊലീസിന്റെ വീഴ്ചയായി വിലയിരുത്തുന്നു. സംഭവത്തിൽ ഡോക്ടർമാരെ പഴിചാരി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. പൊലീസിനെതിരെ ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തി. ഇതിനിടെയാണ് ശ്രീറാമിനെതിരെ ശക്തമായ തെളിവ് ലഭിച്ചിരിക്കുന്നത്.

You must be logged in to post a comment Login