വാഹനവിപണിയില്‍ തിരിച്ചടി നേരിട്ട് മാരുതി സുസുകി; വില്‍പനയില്‍ 36.3 ശതമാനം കുറവ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ വാഹന വില്‍പനയില്‍ ജൂലൈയില്‍ 36.3 ശതമാനം ഇടിവ്. 2018 ജൂലൈയില്‍ 1,54,150 യൂണിറ്റ് വില്‍പന നടത്തിയെങ്കില്‍ ഈ ജൂലൈയില്‍ ഇത് 98,210 ആയി കുറഞ്ഞു. ഗുജറാത്തിലെ സുസുകി പ്ലാന്റില്‍ നിര്‍മിക്കുന്ന ടൊയോറ്റ ഗ്ലാന്‍സയുടെ വില്‍പന കൂടി പരിഗണിച്ചാല്‍ വിറ്റഴിക്കപ്പെട്ട ആകെ യൂണിറ്റുകളുടെ എണ്ണം 1,00,006 ആകും. കഴിഞ്ഞ വര്‍ഷമായി താരതമ്യം ചെയ്യുമ്പോള്‍ 35.1 ശതമാനം ഇടിവാണ് ഇത്തവണയുണ്ടായത്.

2012 ആഗസ്റ്റിനുശേഷം കാര്‍ വില്‍പനയില്‍ ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമാണ്. ജൂലൈ മാസത്തില്‍ 1,09,264 യൂണിറ്റുകളാണ് കമ്പനി വിറ്റത്. കഴിഞ്ഞവര്‍ഷം ജൂലായിലാകട്ടെ 1,64,369 യൂണിറ്റുകള്‍ വില്‍ക്കാന്‍ കമ്പനിക്കായി. സിയസ് ഉള്‍പ്പെടെയുള്ള മിഡ് സൈസ്ഡ് സെഡാന്‍ കാറുകള്‍ മാറ്റിനിര്‍ത്തിയാല്‍ ചെറുകാറുകളുടെ വില്‍പനയില്‍ വലിയ ഇടിവുണ്ടായി. ആള്‍ട്ടോയും വാഗണാറും 11,577 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 37,710 എണ്ണമാണ് വിറ്റത്. 69.3 ശതമാനമാണ് ചെറുകാറുകളുടെ വില്‍പനയിലുണ്ടായ ഇടിവ്. കോംപാക്ട് വിഭാഗത്തില്‍പ്പെടുന്ന വാഗണര്‍, സെലേറിയോ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസൈര്‍ കാറുകളുടെ എല്ലാം കൂടി വില്‍പനയില്‍ 22.7 ശതമാനത്തിന്റെ കുറവുണ്ടായി.

 

You must be logged in to post a comment Login