വിഎസിനെതിരെ നടപടിയില്ലെന്ന് സൂചന; പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് നാളത്തെ യോഗം ചര്‍ച്ച ചെയ്യും

yech

ന്യൂഡല്‍ഹി: വിഎസ് അച്യുതാനന്ദനെതിരായ പരാതിയില്‍ നടപടി വേണ്ടെന്ന് പിബി കമ്മീഷന്‍ റിപ്പോര്‍ട്ട്. നാളെ ചേരാനിരിക്കുന്ന പിബി യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷം പൊളിറ്റ് ബ്യൂറോ കമ്മീഷന്‍ നടപടികള്‍ അവസാനിപ്പിക്കുകയാണെന്നും, പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കരുതെന്ന് വിഎസിന് നിര്‍ദേശം നല്‍കുമെന്നും സൂചനകളുണ്ട്.

കേരളത്തിലെ സിപിഐഎമ്മിന്റെ സംഘടനാ വിഷയങ്ങള്‍ സംബന്ധിച്ചുളള പരാതികളുടെ അടിസ്ഥാനത്തില്‍ പിബി കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പൊളിറ്റ് ബ്യൂറോ നാളെ ചര്‍ച്ച ചെയ്യും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിപിഐഎം സംസ്ഥാന നേതൃത്വത്തിന് എതിരായി വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയും വിഎസിന് എതിരായി നേതൃത്വം നല്‍കിയ പരാതിയുമാണ് പിബി കമ്മീഷന്‍ റിപ്പോര്‍ട്ടായി നാളത്തെ യോഗത്തില്‍ വെക്കുന്നത്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രകമ്മിറ്റി കൂടിചേര്‍ന്ന് അനന്തര നടപടികള്‍ കൈക്കൊള്ളുന്നത്. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടായിരുന്നു പിബി കമ്മീഷന്റെ അധ്യക്ഷന്‍. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് സീതാറാം യെച്ചൂരി പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചത്. വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജന്‍ നടത്തിയ ബന്ധു നിയമനങ്ങളെക്കുറിച്ച് നാളെ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗവും ചര്‍ച്ച ചെയ്യുമെന്നാണ് വിവരങ്ങള്‍ പുതിയ നോട്ടുകളെ ആരുംതന്നെ സ്വീകരിക്കുന്നില്ലെന്നും പിന്നെ എന്തിനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു പരിഷ്‌കാരം കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചു. പിന്‍വലിച്ച നോട്ടുകള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ സമയം കൊടുക്കണമെന്നും യെച്ചൂരി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

You must be logged in to post a comment Login