വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടുകളില്‍ ‘കൈ’ കടത്തിയതാര്?; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മോദി

മംഗളൂരു: ഇന്ത്യ ഭരിച്ച വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. വികസനപ്രവര്‍ത്തനത്തിനായുള്ള ഫണ്ടുകളിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് ആരുടെയും പേരെടുത്തു പറയാതെയുള്ള പ്രധാനമന്ത്രിയുടെ വിമര്‍ശനം. കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാര്‍ക്കായി അനുവദിച്ചിരുന്ന ഒരോ രൂപയും ജനങ്ങളിലേക്കെത്തുമ്പോഴേക്കും 15 പൈസയാക്കി മാറ്റിയിരുന്ന ‘കൈ’ ആരുടേതായിരുന്നെന്ന് മോദി ചോദിച്ചു.

ദക്ഷിണ കര്‍ണാടകയിലെ ക്ഷേത്രനഗരമ ധര്‍മസ്ഥലയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. വ്യത്യസ്തങ്ങളായ പൊതു, സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയിലെത്തിയത്. മംഗളൂരു വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ധര്‍മസ്ഥലയിലെത്തിയത്. ഇവിടെ മഞ്ജുനാഥേശ്വര ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച ശേഷമാണ് അദ്ദേഹം പൊതുയോഗത്തെ അഭിസംബോധന ചെയ്തത്.

നോട്ടു നിരോധനത്തോട് പ്രതിപക്ഷത്തിനുള്ള എതിര്‍പ്പിനേക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അഴിമതി ചൂണ്ടിക്കാട്ടിയുള്ള പ്രധാനമന്ത്രിയുടെ വിമര്‍ശനം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കറന്‍സിരഹിതമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് നോട്ട് നിരോധനം വഹിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കുട്ടികള്‍ക്ക് പണം കൂടുതലായി നല്‍കുന്നത് ദുരുപയോഗത്തിനു കാരണമാകുമെന്നതിനാല്‍ മാതാപിതാക്കള്‍പോലും ഇപ്പോള്‍ പണം കറന്‍സി രൂപത്തില്‍ നല്‍കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡല്‍ഹിയില്‍നിന്നും വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കപ്പെടുന്ന പണത്തിലെ ഓരോ രൂപയും ഗ്രാമങ്ങളിലേക്കെത്തുമ്പോഴേക്കും 15 പൈസയായി കുറയുന്നു എന്ന് ഏറ്റുപറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. ഓരോ രൂപയും ജനങ്ങളിലേക്കെത്തുമ്പോള്‍ 15 പൈസയായി മാറിയതിനു പിന്നില്‍ ഏതു ‘കൈ’കളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്?-കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ചിഹ്നം സൂചിപ്പിച്ച് പരിഹാസത്തോടെ പ്രധാനമന്ത്രി ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകളിലെ ഓരോ രൂപയും ഗ്രാമങ്ങളിലെത്തുമ്പോഴേക്കും 15 പൈസയായി കുറയുന്നതായി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതു സൂചിപ്പിച്ചായിരുന്നു മോദിയുടെ പരാമര്‍ശം.

ഇതുപോലുള്ള സര്‍ക്കാരല്ല തന്റേതെന്നും മോദി അവകാശപ്പെട്ടു. കേന്ദ്രത്തില്‍നിന്നും അനുവദിക്കുന്ന ഓരോ രൂപയും പൂര്‍ണമായി ജനങ്ങളിലേക്കെത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. അതുവഴി വികസനത്തിന്റെ ഫലങ്ങള്‍ അഴിമതിയില്‍ മുങ്ങാതെ പൂര്‍ണമായി ജനങ്ങളിലേക്കെത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദിമകാലം മുതലേ രൂപം മാറുന്നവയാണ് കറന്‍സികളെന്ന് മോദി പറഞ്ഞു. കല്‍ നാണയങ്ങളില്‍നിന്ന് റബര്‍ നാണയങ്ങളായും പിന്നീട് വെള്ളി, സ്വര്‍ണ നാണയങ്ങളായും അവ രൂപം മാറി. സ്വാഭാവികമായും പുതിയ കാലം ഡിജിറ്റല്‍ കറന്‍സിയുടേതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കു മാത്രം പിന്നോട്ടു മാറി നില്‍ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാവപ്പെട്ടവരും നിരക്ഷരരും ഒട്ടേറെയുള്ള രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് എത്രത്തോളം സാധ്യമാകുമെന്ന ചോദ്യം വിമര്‍ശകര്‍ ആദ്യം മുതലേ ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇന്ന് എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി ലഭിച്ചതായി സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് റുപേ കാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് മോദി പറഞ്ഞു. പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയില്‍ ചേര്‍ന്ന രണ്ടു സ്ത്രീകള്‍ക്കും അദ്ദേഹം റുപേ കാര്‍ഡ് വിതരണം ചെയ്തു. ഡിജിറ്റല്‍ ഇന്ത്യയുടെ വിത്തു വിതയ്ക്കുകയാണ് ഇതിലൂടെ നിങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മിപ്പിച്ചു. ഭീം ആപ്പ് ഉപയോഗിക്കാന്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ച അദ്ദേഹം പരമാവധി കറന്‍സിരഹിത പണമിടപാടുകള്‍ നടത്താനും ആവശ്യപ്പെട്ടു.

You must be logged in to post a comment Login