വിജിലന്‍സിന് അഗ്നിപരീക്ഷ

തിരുവനന്തപുരം :  ധനമന്ത്രി കെ.എം.മാണിക്കെതിരെയുള്ള ബാര്‍ കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു സംബന്ധിച്ച് വിജിലന്‍സ് ലീഗല്‍ അഡൈ്വസറും, അന്വേഷണ ഉദ്യോഗസ്ഥനും രണ്ടു തട്ടിലായതോടെ കേസിന്റെ ഭാവി ഇനി വിജിലന്‍സ് ഡയറക്ടറുടെ കൈകളില്‍. വിജിലന്‍സ് ഡയറക്ടറുടെ അന്തിമ തീരുമാനത്തെ ആശ്രയിച്ചിരിക്കും ഇനി കേസിന്റെ മുന്നോട്ടുള്ള ഗതി.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനാവശ്യമായ തെളിവുകള്‍ ലഭിച്ചുവെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വാദങ്ങള്‍ക്കെതിരായുള്ള നിയമോപദേശമാണ് ലീഗല്‍ അഡൈ്വസറുടേത്. ഇതോടെ കേസ് അട്ടിമറിക്കപ്പെടുവാനുള്ള സാധ്യതകള്‍ ബലപ്പെടുന്നു. ഇതു സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ പുറത്തു വന്നു കൊണ്ടിരുന്നത്. മാണിക്ക് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ മൊഴി, ഡ്രൈവര്‍ അമ്പിളിയുടെ ദൃക്‌സാക്ഷി മൊഴി, മറ്റു തെളിവുകള്‍ എന്നിവയെല്ലാം മാണിക്കെതിരെ നിരത്തി കുറ്റപത്രം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വിജിലന്‍സ്. എന്നാല്‍ ഇവയെല്ലാം കോടതിയില്‍ തിരിച്ചടിയാകുമെന്ന നിലപാടാണ്  വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി.സി. അഗസ്റ്റിന്റേതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മാണിക്കെതിരെ കുറ്റപത്രം നല്‍കാന്‍ ശക്തമായ തെളിവുകളൊന്നും വിജിലന്‍സിന് ലഭിച്ചിട്ടില്ല എന്നതാണ് ലീഗല്‍ അഡൈ്വസര്‍ ഇത്തരമൊരു നിയമോപദേശം നല്‍കാന്‍ കാരണം. ഇതോടെ കേസുമായി മുന്നോട്ടു പോകുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍  വിജിലന്‍സിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. ഇക്കാര്യത്തില്‍ വിദഗ്‌ദ്ധോപദേശം തേടിയശേഷമാകും വിജിലന്‍സിന്റെ അനന്തര നടപടികള്‍. നിലവിലെ സാഹചര്യത്തില്‍ തെളിവുകളുടെ അഭാവം കണക്കിലെടുത്ത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നടപടികളുമായി മുന്നോട്ടു പോകേണ്ട എന്നു തന്നെയാകും വിജിലന്‍സ് തീരുമാനം. അങ്ങനെയെങ്കില്‍ സ്വാഭാവികമായ രീതിയില്‍ കേസന്വേഷണം അവസാനിക്കും.
അതേസമയം കുറ്റപത്രവുമായി വിജിലന്‍സ് മുന്നോട്ടു പോയാലും മാണിക്ക് ഭയക്കേണ്ടതില്ല. കാരണം  പഴുതുകള്‍ ഏറെയുള്ള കേസില്‍ നിന്ന് മാണിക്ക് നിഷ്പ്രയാസം രക്ഷപെടാനാവും. തെളിവുകളുടെ അഭാവം പറഞ്ഞ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നാല്‍ സ്വാഭാവികമായ രീതിയില്‍ അന്വേഷണവും അവസാനിക്കും. മാണിക്ക് ക്ലീന്‍ ചിറ്റ് ലഭിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുക വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോളിന്റെ തീരുമാനമാണ്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കുറ്റപത്രവുമായി മുന്നോട്ടു പോയാല്‍ സമ്മര്‍ദത്തിലാവുക വിജിലന്‍സ് ഡയറക്ടര്‍ തന്നെയാകും.
സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ കുറ്റപത്രവുമായി മുന്നോട്ടു പോകണമെന്നാണ് വിജിലന്‍സിലെ തന്നെ ഒരു വിഭാഗത്തിന്റെ ആവശ്യം. സാഹചര്യ തെളിവുകളടക്കം എല്ലാം മാണിക്കെതിരാണെന്ന വാദവും അവര്‍ നിരത്തുന്നു.
ഏതായാലും അരുവിക്കര ഉപതെരഞ്ഞടുപ്പ് പ്രചാരണം ചൂടുപിടിക്കവേ കേസിന്റെ തുടര്‍നടപടികള്‍ എന്തുതന്നെയായാലും അതു തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഉറപ്പാണ്. മാണിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചാല്‍ അതു തെരഞ്ഞെടുപ്പിനു ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.ക്യാമ്പ്.
അതേസമയം കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ കേസുമായി ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ബിജു രമേശിന്റെ നേതൃത്വത്തിലുള്ള ബാറുടമകള്‍. മറ്റ് ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തും. കേസ് അട്ടിമറിച്ചു മാണിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നെന്ന വാദമുയര്‍ത്തി അരുവിക്കരയില്‍ അനുകൂല സാഹചര്യം ഒരുക്കുവാനും പ്രതിപക്ഷം ശ്രമിക്കും.

You must be logged in to post a comment Login