വിജിലന്‍സ് ഡയറക്ടര്‍ക്ക് ചേരാത്ത ഒരു പ്രവൃത്തിയും ജേക്കബ് തോമസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി; ജേക്കബ് തോമസിനെ പുകച്ചുപുറത്ത് ചാടിക്കാനുള്ള ശ്രമം നടക്കുന്നു

pinarayi

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ക്ക് ചേരാത്ത ഒരു പ്രവൃത്തിയും ജേക്കബ് തോമസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ജേക്കബ് തോമസിനെതിരായ കേസില്‍ സി.ബി.ഐ സ്വീകരിച്ച നിലപാടില്‍ അസ്വാഭാവികതയുണ്ട്. ചില അധികാര കേന്ദ്രങ്ങളാണ് സി.ബി.ഐ നടപടിക്ക് പിന്നില്‍. അദ്ദേഹത്തെ പുകച്ച് പുറത്തുചാടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തോമസ് ജേക്കബ് തുടരുന്നതില്‍ എതിര്‍പ്പുള്ളവരാണ് ഇതിന് പിന്നില്‍. അതുകൊണ്ടാണ് എ.ജി ഈ കേസില്‍ ഹാജരായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.എ എബ്രഹാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതില്‍ തെറ്റു പറ്റിയിട്ടുണ്ട്. ഇതേക്കുറിച്ച കെ.എ. എബ്രഹാമിന്റെ പരാതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. റെയ്ഡില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റി. പരാതി ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജേക്കബ് തോമസ് ആ സ്ഥാനത്ത് ഇരിക്കാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന ശക്തികളുണ്ട്. സര്‍ക്കാര്‍ ദുസ്വാധീനങ്ങള്‍ക്ക് വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കെഎം എബ്രഹാമിന്റെ പരാതി ഉപക്ഷേപമായി സഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാനത്ത് ഐഎഎസ്‌ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരടിക്കുകയാണ്. അഴിമതിക്കെതിരായ നടപടി കിടമത്സരത്തിന് ഇടയാക്കരുത്. ഉദ്യോഗസ്ഥര്‍ക്ക് മീഡിയ മാനിയയാണോ എന്നും ചെന്നിത്തല ചോദിച്ചു.

തന്റെ ഫ്‌ളാറ്റില്‍ നടന്ന വിജിലന്‍സ് റെയ്ഡിനെതിരെ ധനകാര്യ സെക്രട്ടറി കെ.എം. എബ്രഹാം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. പ്രതികാര മനോഭാവത്തോടെ ജേക്കബ് തോമസ് പെരുമാറുന്നുവെന്നാണ് പരാതിയിലെ ആരോപണം. വിജലിന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നീക്കം തന്നെ ഭയപ്പെടുത്താനാണ്. വാറന്റില്ലാതെയാണ് വീട്ടില്‍ പരിശോധന നടത്തിയത്. ജേക്കബ് തോമസിനെതിരായ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കെ.എം.എബ്രഹാം പരാതിയില്‍ പറയുന്നു.

അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ തിരുവനന്തപുരം പൂജപ്പുരയിലെ ഫ്‌ളാറ്റിലാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയത്. കെ.എം. എബ്രഹാം അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്നു കോടതിയില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധന സമയത്ത് കെ.എം എബ്രഹാമിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫ്‌ളാറ്റിന്റെ വിസ്തീര്‍ണം അളക്കുകയും മറ്റ് വിവരങ്ങള്‍ വിജിലന്‍സ് ശേഖരിക്കുകയും ചെയ്തു. എന്നാല്‍ കെ.എം. എബ്രഹാമിന്റെ ഫ്‌ലാറ്റില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്നും കെട്ടിടത്തിന്റെ അളവ് എടുത്തതേയുള്ളു എന്നാണ് വിജിലന്‍സ് നിലപാട്.

You must be logged in to post a comment Login