വിജിലന്‍സ് ഡയറക്ടര്‍ക്ക് പൂര്‍ണ്ണാധികാരം നല്‍കിക്കൊണ്ടുള്ള പ്രത്യേക നിയമം വരുന്നു

 

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ക്ക് പൂര്‍ണ്ണാധികാരം നല്‍കിക്കൊണ്ടുള്ള പ്രത്യേക നിയമം വരുന്നു. വിജിലന്‍സില്‍ അവസാനവാക്ക് ഡയറക്ടറുതേടെതാകുമെന്നാണ് പുതിയ കരട് നിയമത്തില്‍ പറയുന്നത്. നിയമവകുപ്പിന്റെ പരിശോധനയിലാണ് പുതിയ കരട് നിയമം.

വിജിലന്‍സ് നിയമോപദേശകരുടെ പ്രവര്‍ത്തനങ്ങളില്‍ അടക്കം സമഗ്രമായ മാറ്റങ്ങളോടെയാണ് കരട് തയ്യാറായിരിക്കുന്നത്. വിജിലന്‍സിന്റെ നിയമോപദേശകര്‍ തന്നെ കേസുകള്‍ വാദിക്കുന്ന നിലവിലെ രീതി മാറും. ഉപദേശകര്‍ എന്നും കേസ് വാദിക്കാന്‍ മാത്രം പ്രോസിക്യൂട്ടര്‍മാര്‍ എന്നുമുള്ള തസ്തികകളും ഉണ്ടാക്കും.അഞ്ചു ഉപദേശകരുടെയും എട്ട് പ്രോസിക്യൂട്ടറുമാരുടേയും തസ്തിക സൃഷ്ടിക്കും.പലപ്പോഴും നിയമോപദേശകരുടെ ഉപദേശം തള്ളി കോടതിയിലെത്തുന്ന കുറ്റപത്രം ശക്തമായ വാദം നടക്കാതെ പോകുന്നത് അട്ടിമറിക്കിടയാക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാണിത് പുതിയ തസ്തികകള്‍ കൊണ്ടു വരുന്നത്.

സംസ്ഥാന വിജിലന്‍സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രത്യേക നിയമോ ചട്ടമോ ഇല്ലാതെയാണ് നടന്നിരുന്നത്. വിജിലന്‍സിന് മാത്രമായുള്ള പ്രത്യേക നിയമനിര്‍മ്മാണം ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തയ്യാറാക്കിയത്. അതില്‍ ഏറ്റവും പ്രധാനം വിജിലന്‍സ് ഡയറക്ടര്‍ക്കുള്ള പരമാധികാരമാണ്.

കേസെടുക്കാനും എഴുതിത്തള്ളാനും, പുന:പരിശോധിക്കാനുമുള്ള വിജിലന്‍സ് ഡയറക്ടരുടെ അധികാരം പലപ്പോഴും ചോദ്യം ചെയ്യപ്പടാറുണ്ട്. അധികാരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരായ ഡി വൈ എസ് പിമാര്‍ക്കും എസ് പിമാര്‍ക്കും നല്‍കിയ മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടി വിവാദങ്ങളെത്തുടര്‍ന്നാണ് സര്‍ക്കാര്‍ റദ്ദാക്കിയത്.

You must be logged in to post a comment Login