വിദ്യാഭ്യാസ അവകാശനിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ സഹായമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമല്ല. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിയമം വ്യവസ്ഥചെയ്യുന്ന 25 ശതമാനം സംവരണം ഇത്തരം സ്ഥാപനങ്ങള്‍ നല്‍കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.
വിദ്യാഭ്യാസ അവകാശനിയമം സംബന്ധിച്ച് ഇരുപതിലധികം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ലഭിച്ചിരുന്നത്. ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന 11 അംഗ ഭരണഘടനാ ബഞ്ചിന്റെ വിധി നിലനില്‌ക്കെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

പ്രൈമറി ക്ലാസുകളില്‍ മാതൃഭാഷ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഏത് ഭാഷയാണ് പഠിക്കേണ്ടതെന്ന് കുട്ടിയും രക്ഷകര്‍ത്താവുമാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു.

കര്‍ണാടകയില്‍ സ്‌കൂളുകളില്‍ കന്നഡ ഭാഷ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്. വിദ്യാഭ്യാസ അവകാശം ഭരണഘടനാപരമാണെന്നും കോടതി അറിയിച്ചു.

You must be logged in to post a comment Login