വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം അതീവ ഗൗരവകരം; കർശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ വീഴ്‌ച സംഭവിച്ചുവെങ്കിൽ കർശന നടപടി സ്വീകരിക്കും. ഇങ്ങനെയുള്ള കാര്യങ്ങളിൽ അധ്യാപകരാണ് വിദ്യാർഥികൾക്ക് മാതൃകയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഷെഹല ഷെറിന് കുട്ടിക്ക് ചികിൽസ നൽകുന്നതിൽ അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി. കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, വിദ്യാർഥിനിയുടെ മരണത്തിൽ അധ്യാപകർക്ക് വീഴ്‌ച സംഭവിച്ചതായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കി. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്‌ച വരുത്തിയത് അധ്യാപകനായ ഷിജിലാണ്. കുറ്റകരമായ അനാസ്ഥയാണ് നടന്നതെന്ന് പ്രാഥമിക റിപ്പോർട്ടിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കുട്ടിക്ക് പാമ്പുകടിയേറ്റു എന്നറിഞ്ഞിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വൈകിയത് അധ്യാപകൻ്റെ അനാസ്ഥയാണ്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഷിജിലിനെ സസ്‌പെൻഡ് ചെയ്‌തത്. സംഭവത്തിൽ കൂടുതൽ ഉത്തരവാദികൾ ഉണ്ടെങ്കിൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

You must be logged in to post a comment Login