വിപണിയില്‍ അന്യായമായ ഓഫറുകള്‍; ഹ്യൂണ്ടായ് ഇന്ത്യയ്ക്ക് 87 കോടി രൂപ പിഴ

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയ്ക്ക് മേല്‍ 87 കോടി രൂപ പിഴ. ക്രിയാത്മകമല്ലാത്ത വില്‍പന നയം സ്വീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (CCI) യാണ് ഹ്യുണ്ടായ്ക്ക് മേല്‍ പിഴ ചുമത്തിയിരിക്കുന്നത്.

കാറുകളില്‍ ഹ്യുണ്ടായ് നല്‍കിയ ഡിസ്‌കൗണ്ടുകള്‍ ന്യായമല്ലാത്തതാണെന്ന് സിസിഐ ചൂണ്ടിക്കാട്ടി. വിപണിയില്‍ അന്യായമായ ഓഫറുകള്‍ ഒരുക്കരുതെന്നും ക്രിയാത്മകമല്ലാത്ത വില്‍പന നടപടികള്‍ ഉടനടി നിര്‍ത്തണമെന്നും സിസിഐ ഹ്യുണ്ടായിയോട് ആവശ്യപ്പെട്ടു.

കോംപറ്റീഷന്‍ നിയമം, 2002 പ്രകാരം കാറുകളില്‍ ഹ്യുണ്ടായ് നല്‍കിയ ഡിസ്‌കൗണ്ട് അന്യായമാണ്. ഡീലര്‍മാര്‍ മുഖേന കാറുകളുടെ റീസെയില്‍ പ്രൈസ് മെയിന്റനന്‍സിനെ ഹ്യുണ്ടായ് സ്വാധീനിച്ചതായി സിസിഐ കണ്ടെത്തി.

ഹ്യുണ്ടായിയുടെ നടപടി വാഹന വില്‍പന നയത്തിനെതിരാണെന്ന് സൂചിപ്പിച്ച സിസിഐ, നിയമലംഘനത്തിലൂടെ ഹ്യുണ്ടായ് നേടിയ ആദായം, കമ്പനിയുടെ വാഹന വില്‍പനയെ അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കുമെന്ന് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ ഹ്യുണ്ടായ് ഇന്ത്യ നേടിയ ശരാശരി വരുമാനത്തെ അടിസ്ഥാനമാക്കിയാണ് പിഴ ചുമത്തിയിരിക്കുന്നത്.

ഹ്യുണ്ടായ് ഇന്ത്യയുടെ ശരാശരി വരുമാനത്തിന്റെ 0.3 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്ന 87 കോടി രൂപ. കൂടാതെ, ശുപാര്‍ശ ചെയ്ത ലൂബ്രിക്കന്‍ഡ്/ഓയിലുകളെ ഉപയോഗിക്കാത്ത ഡീലര്‍ഷിപ്പുകള്‍ക്ക് എതിരെ പിഴ ചുമത്തിയ ഹ്യുണ്ടായിയുടെ നടപടി നിരുത്തരവാദിത്വ സമീപനമാണെന്നും സിസിഐ പറഞ്ഞു. അതേസമയം, സിസിഐയുടെ നടപടി ആശ്ചരിപ്പിക്കുന്നതാണെന്നും ഉത്തരവ് വിശദമായി പഠിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഹ്യുണ്ടായ് ഇന്ത്യ പ്രസ്തവാനയിലൂടെ വ്യക്തമാക്കി.

You must be logged in to post a comment Login