വിപ്ലവത്തിന്റെ പടപ്പാട്ടുകാരന്‍

  • ബി.ജോസുകുട്ടി


കവി, ഗാനരചയിതാവ്, നാടകകൃത്ത്, നോവലിസ്റ്റ് എന്നീ മേഖലകളില്‍ വേറിട്ട സ്വത്വമുദ്ര പ്രകാശിപ്പിച്ച പൊന്‍കുന്നം ദാമോദരന്റെ വേര്‍പാടിന് ഇന്ന് 25 സംവത്സരങ്ങള്‍ തികയുന്നു. 1915 നവംബര്‍ 25ന് പൊന്‍കുന്നത്ത് ജനിച്ച് മുഴുവന്‍ സമയവും കമ്മ്യൂണിസ്റ്റ് സഹയാത്രികനായി സ്വജീവിതം സമര്‍പ്പിച്ച വിപ്ലവകവി 1994 നവംബര്‍ 24ന് 79-ാം വയസ്സില്‍ അന്തരിക്കുമ്പോള്‍ ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തുന്നത് വിപ്ലവത്തിന്റെ പടപ്പാട്ടുകാരന്‍ എന്നാണ്.1930കളില്‍ നാടാകെ ആളിപ്പടര്‍ന്ന സ്വാതന്ത്ര്യസമരാവേശം ദാമോദരനില്‍ ഉണര്‍വുണ്ടാക്കി. ഗാന്ധിയന്‍ രാഷ്ട്രീയദര്‍ശനത്തിന്റെ ചൂടും വെളിച്ചവും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യബോധത്തെ ഉത്തേജിപ്പിച്ചു. അങ്ങനെയാണ് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായി ദാമോദരന്‍ മാറിയത്. പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടപ്പോള്‍ രാഷ്ട്രീയത്തിന്റെ പുതിയ മാനങ്ങളും ജനങ്ങളുടെ ജീവിതദുരിതങ്ങളും ദാമോദരന്റെ മനസ്സില്‍ നവീന വിപ്ലവബോധം അങ്കരിച്ചുവന്നു സ്വാതന്ത്ര്യമെന്നത് കേവലം ഒരാശയമല്ലെന്നും അതിന്റെ വിശാലമായ വീക്ഷണത്തിനായി ജനതയിലേക്ക് ആഴ്ന്നിറങ്ങിയാലേ കാര്യമുള്ളൂ എന്നദ്ദേഹത്തിനു ബോധ്യമായി. ഇവിടെയാണ് സമത്വദര്‍ശനത്തിന്റെ പൊരുള്‍ എഴുത്തുകാരനെന്ന നിലയില്‍ പൊന്‍കുന്നം ദാമോദരന്റെ സര്‍ഗാത്മകതയെ സ്വാധീനിച്ചത്. 1937 മുതല്‍ 47 വരെയുള്ള മലയാള സാഹിത്യത്തിലെ ചുവന്ന ദശകത്തില്‍ ദാമോദരന്റെ സര്‍ഗാത്മക ഇടപെടല്‍ വിപ്ലവബോധം കൈമുതലായവര്‍ക്ക് വലിയ പ്രചോദനവും ആവേശവുമായി മാറി. വിപ്ലവകവി എന്ന നിലയിലാണ് പൊന്‍കുന്നം ദാമോദരന്‍ ആദരിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും. മലയാള സാഹിത്യരചനകള്‍ ജനജീവിതത്തില്‍ ചുവടുറപ്പിച്ച് പുരോഗതിയിലേക്കു കടക്കുന്ന പ്രത്യേക ദശാസന്ധിയിലാണ് ദാമോദരന്‍ തന്റെ സാന്നിധ്യം സ്വന്തം രചനകളിലൂടെ അടയാളപ്പെടുത്തുന്നത്. പുരോഗമന സാഹിത്യപ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രക്ഷോഭകാരിയായ ഈ എഴുത്തുകാരന്‍ തീവ്രമായ ആശയങ്ങള്‍ തന്റെ കവിതകളിലൂടെ അവതരിപ്പിച്ചു. ഇ.എം.എസ്, ജോസഫ് മുണ്ടശ്ശേരി, കെ.ദാമോദരന്‍ തുടങ്ങിയ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഉന്നത നേതാക്കളുമായുള്ള ബന്ധം രാഷ്ട്രീയത്തിലും സാഹിത്യത്തിലും നവീനമായ ചിന്താധാരകള്‍ രൂപപ്പെടുത്തിയെടുക്കാന്‍ ദാമോദരന് സഹായകമായി.വടക്കേ മലബാര്‍ കേന്ദ്രമാക്കിയായിരുന്നു ദാമോദരന്റെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നത്. തൃശൂരില്‍ അധ്യാപകനായി സെന്റ് തോമസ് സ്‌കൂളില്‍ ആയിരിക്കുന്ന കാലം. തെരഞ്ഞെടുപ്പുവന്നു. അച്യുതമേനോനും മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു കമ്മറ്റിയുടെ കണ്‍വീനറായി ദാമോദരനെ നിയമിച്ചു. അധ്യാപക ജോലിക്ക് മുടക്കം വന്ന സ്‌കൂള്‍ മാനേജ്‌മെന്റ് ഇടപെട്ടു. കമ്മ്യൂണിസം വേണോ, ജോലി വേണോ എന്നായി ചോദ്യം. ദാമോദരന്‍ കമ്യൂണിസമേറ്റെടുത്തു സ്‌കൂളിന്റെ പടിയിറങ്ങി. തൃശൂരില്‍ വാടകവീടുകളിലായിരുന്നു താമസം. ഇഎംഎസും, എകെജിയും, ഇമ്പിച്ചി ബാവയും വീട്ടിലെ സ്ഥിരം സന്ദര്‍ശകര്‍. ചര്‍ച്ചകളും യോഗങ്ങളുമാണ് പ്രധാനം. ചിലപ്പോള്‍ എകെജി വന്നു പറയും ‘കാസര്‍കോടു നിന്നു ജാഥ പുറപ്പെടുന്നു, ഒരു പത്തു പാട്ടുകള്‍ വേണം’. കേള്‍ക്കാത്ത താമസം ദാമോദരന്‍ പാട്ടെഴുതി കൊടുക്കും. പ്രതിഫലമൊന്നുമില്ല. മനഃപൂര്‍വ്വം കൊടുക്കാത്തതല്ല. പണം ഉണ്ടായിട്ടുവേണ്ടേ കൊടുക്കാന്‍.മഹാരഥന്മാരുമായുള്ള ബന്ധംജോസഫ് മുണ്ടശ്ശേരിയുമായുള്ള ബന്ധം ആഴമുള്ളതായിരുന്നു. പല ഗ്രന്ഥങ്ങളുടെ  രചനയില്‍ ദാമോദരന്റ സഹായം മുണ്ടശ്ശേരിക്കും ലഭിച്ചിരുന്നു. മുണ്ടശ്ശേരി പറഞ്ഞുകൊടുക്കും ദാമോദരന്‍ അതുകേട്ട് എഴുതും. പല പുസ്തകങ്ങള്‍ക്കും പേരു നിര്‍ദ്ദേശിക്കുകയും മുണ്ടശ്ശേരി അതു പരിഗണിക്കുകയും ചെയ്യുമായിരുന്നു. പൊന്‍കുന്നം ദാമോദന്‍ തൃശൂരിലെ പൂങ്കന്നത്ത് ചെറിയ ഒരുനില വാടകവീട്ടില്‍ താമസിച്ചിരുന്ന കാലത്ത് മുകള്‍നിലയിലെ താമസക്കാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ആയിരുന്നു. അവിടെ വെച്ചാണ് ‘നീലവെളിച്ചം’ എന്ന പ്രസിദ്ധമായ കഥ ബഷീര്‍ എഴുതുന്നത്. കഥാചര്‍ച്ചയുമായി പുലരുവോളം ബഷീറിനൊപ്പം ദാമോദരനും കൂടെയുണ്ടാകും.മുണ്ടശ്ശേരിയുമായുള്ള അടുപ്പം ദാമോദരന്റെ സര്‍ഗനിരൂപണ പ്രവണതയെ വളര്‍ത്തിയിരുന്നു. തകഴി ശിവശങ്കരപ്പിള്ള, വയലാര്‍ രാമവര്‍മ്മ, തോപ്പില്‍ ഭാസി, എസ്.എല്‍ പുരം സദാനന്ദന്‍ എന്നിവരുടെ ചില രചനകളെ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് ദാമോദരന്‍ ഇരയാക്കി. തകഴിയുടെ പഴയ നായര്‍ തറവാടുകളെ ആസ്പദമാക്കിയുള്ള നോവലിന് ‘കയര്‍’ എന്നു പേരിട്ടത് ഉചിതമായില്ല എന്നു ദാമോദരന്‍ വാദിച്ചു. തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകവുമായി ബന്ധപ്പെട്ട്, ‘നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി’ എന്ന ചോദ്യം ആദ്യം മുന്നോട്ടുവെച്ചത് ദാമോദരനായിരുന്നു. ആ നാടകത്തിലെ പ്രധാന കഥാപാത്രമായ ജന്മിയായ പരമുപിള്ളയുടെ മകന് ഒരു പ്രശ്‌നമുണ്ടായപ്പോള്‍ അയാള്‍ കമ്മ്യൂണിസ്റ്റായി. അല്ലാതെ അയാള്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ആഴത്തില്‍ മനസ്സിലാക്കിയിട്ടില്ല എന്നായിരുന്നു ദാമോദരന്‍ വാദം. അതുപോലെ തന്നെ എസ്എല്‍ പുരത്തിന്റെ ‘സത്രം’ എന്ന നാടകത്തില്‍ ഒരു മുഖ്യമന്ത്രി കഥാപാത്രമുണ്ട്. അതില്‍ അദ്ദേഹം രാജിസമര്‍പ്പിക്കുന്ന രംഗത്തില്‍ പറയുന്ന ഒരു ഡയലോഗ് ഇങ്ങനെയാണ്, ‘ഗവണ്‍മെന്റ് ഒരു സത്രമാണ് അവിടേക്ക് ഞാന്‍ വീണ്ടും വരും’ സദസ്സില്‍ നിന്നും വലിയ കയ്യടി ഉണ്ടായി. നാടകത്തിന് പ്രേക്ഷകരായി കെ.ആര്‍.ഗൗരിയമ്മയും, എംഎന്‍ കുറുപ്പും ഉണ്ടായിരുന്നു. ദാമോദരന്‍ ഗൗരിയമ്മയോടു ചോദിച്ചു, ‘സത്രം എന്നത് ഒരു വിശ്രമിക്കാനുള്ള സ്ഥലമല്ലേ, കമ്മ്യൂണിസ്റ്റുകാര്‍ വിശ്രമിക്കുന്നതിനാണോ സര്‍ക്കാരുണ്ടാക്കുന്നത്.’ ജനങ്ങള്‍ക്ക് നല്ല ജീവിതം കൊടുക്കാനല്ലേ..അതു കേട്ടപ്പോള്‍ ഗൗരിയമ്മ പറഞ്ഞു. അത് ശരിയാണല്ലോ ദാമോദരന്‍ പറഞ്ഞത്. പടപ്പാട്ടുകാരന്‍പൊന്‍കുന്നം ദാമോദരന്റെ കവിതകള്‍ രാഷ്ട്രീയ പ്രേരിതമായ പടപ്പാട്ടുകളാണെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ജനപക്ഷം ചേരുന്ന ഏതൊരു കവിയ്ക്കും പടപ്പാട്ടുകാരനാണ് എന്നതായിരുന്നു ദാമോദരന്റെ മതം. വരാനിരിക്കുന്ന നാളെയുടെ പാട്ടുകാരനായി ദാമോദരനെ ജനങ്ങള്‍ നെഞ്ചേറ്റി ലാളിച്ചു. കമ്മയൂണിസ്റ്റ് വേദികളില്‍ അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും അനിവാര്യമായ ഘടകങ്ങളായി മാറി. പി.കൃഷ്ണപിള്ളയുടെ അന്ത്യവിശ്രമ സ്ഥാനത്തെ സാക്ഷിയാക്കി ദാമോദരനെഴുതിയ കവിത വിപ്ലവചരിത്രത്തിന്റെ യഥാര്‍ത്ഥ ചിത്രമായി. ജീവിതദുരിതങ്ങളെ, വിപ്ലവപ്രവര്‍ത്തനങ്ങളെ തനിമയോടെ ആവിഷ്‌കരിക്കുന്നതിനാല്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധചെലുത്തി. ചെറുകാടിന്റെ നാടകമായ ‘നമ്മളൊന്ന്’ എന്ന നാടകത്തിനു വേണ്ടി വയലാര്‍ ഒമ്പത് പാട്ടും, ദാമോദരന്‍ ആറ് പാട്ടുകളുമെഴുതി. ദാമോദരന്റെ ആറ് പാട്ടുകളില്‍ ‘പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ പുന്നെല്ലിന്‍ പൂങ്കരളേ…’എന്ന ഗാനം ഏറെ ശ്രദ്ധേയമായി. എംഎസ് ബാബുരാജ് ഈണമിട്ട് കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ആലപിച്ച ഗാനം ഏറെ ഹൃദ്യമായി മാറി. വൈക്കം മുഹമ്മദ് ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകൂടി ആയി അത്. പില്‍ക്കാലത്ത് 2009 ല്‍ വീണ്ടും ആ പാട്ട് സംഗീതപ്രേമികള്‍ ഏറ്റെടുത്തു. ‘നോട്ടം’ എന്ന സിനിമയ്ക്കുവേണ്ടി എം.ജയചന്ദ്രന്‍ പുതു ഈണം നല്‍കി. യേശുദാസിന്റെ ആലാപനത്താല്‍ വീണ്ടും അത് സൂപ്പര്‍ഹിറ്റായി മാറി. സിനിമയ്ക്കു പാട്ടെഴുതാന്‍ മുട്ടത്തുവര്‍ക്കി നേരത്തെ ക്ഷണിച്ചുവെങ്കിലും സിനിമയിലെ രീതികളോടും പ്രവണതകളോടും താത്പര്യം തോന്നാത്തതിനാല്‍ സിനിമാ ലോകത്തേക്ക് പോയില്ല.സാഹിത്യസംഭാവനകള്‍ 1930-ല്‍ പതിനാറാം വയസ്സില്‍ ‘പൊടിക്കൈകള്‍’ എന്ന കൃതിയിലൂടെയാണ് ദാമോദരന്‍ സാഹിത്യലോകത്തേക്കെത്തുന്നത്. പിന്നീട് തൊട്ടാല്‍ പൊള്ളുന്ന വിപ്ലവബോധം ജീവിതത്തെ സ്വീധീനിച്ച കാലത്താണ് വയലാര്‍ വെടിവെപ്പിനെ പ്രമേയമാക്കി ‘വാരിക്കുന്തങ്ങള്‍’ എന്ന ഖണ്ഡകാവ്യം ദാമോദരന്‍ രചിച്ചത്. സര്‍ സിപിയുടെ സര്‍ക്കാര്‍ ഈ പുസ്തകം നിരോധിച്ചു. കമ്മ്യൂണിസ്റ്റായതിനാല്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന ദാമോദരനെ ഉദ്യോഗത്തില്‍ നിന്നു പുറത്താക്കി. 1957 ലെ ഇഎംഎസ് ഗവണ്‍മെന്റാണ് ദാമോദരനെ വീണ്ടും ഉദ്യോഗത്തില്‍ പ്രവേശിപ്പിച്ചത്.  മഗ്ദലന മറിയം, നവരശ്മി, രക്തരേഖകള്‍, ദുഃഖസത്യം, സോവ്യറ്റിന്റെ മക്കള്‍ തുടങ്ങിയവയാണ് മറ്റു കവിതാസമാഹാരങ്ങള്‍. അടിമക്കച്ചവടം, കറിവേപ്പില, രാഷ്ട്ര ശില്പ്പി, വിശക്കുന്ന ദൈവങ്ങള്‍, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, ആ കണ്ണീരില്‍ തീയുണ്ട്, തടവുപുള്ളി, ഈ രക്തത്തില്‍ ഭ്രാന്തുണ്ട് എന്നിവയാണ് പ്രധാന നാടകങ്ങള്‍. സര്‍പ്പം കൊത്തുന്ന സത്യങ്ങള്‍, അനാഥപ്പെണ്ണ്, മണിയറ, ദുഃഖത്തിന്റെ പുത്രി, രാക്കിളികള്‍ എന്നീ നോവലുകളും, വഴിവിളക്കുകള്‍, പ്രഭാതഭേരി, കേരളത്തിന്റെ പാട്ട്, വിളംബരം എന്നിങ്ങനെ ഗാനസമാഹാരങ്ങളും പൊന്‍കുന്നം ദാമോദരന്റേതായിട്ടുണ്ട്.എഴുത്തുകാരുടെ കുടുംബം പൊന്‍കുന്നം ദാമോദരന്റെ സഹധര്‍മ്മിണിയായ കെ.ജി. കുഞ്ഞുകുട്ടിയമ്മയും എഴുത്തുകാരിയായിരുന്നു. എഴുത്തില്‍ ഇരുവും പരസ്പരസഹായം കൈമാറിയിരുന്നു. മുണ്ടശ്ശേരിയുടെ മംഗളോദയം പ്രസ്സില്‍ അച്ചടിക്കപ്പെട്ട കുഞ്ഞുകുട്ടിയമ്മയുടെ ‘മുഴക്കം’ എന്ന നോവല്‍ ഏറെ ശ്രദ്ധേയമായി. നോവല്‍ കൂടാതെ നാടകങ്ങളും കവിതകളും അവരെഴുതി. കുമാരനാശാന്റെ കവിതകളോട് തികഞ്ഞ ആരാധനയായിരുന്നു. അമ്മയുടെ പല രചനകളും അച്ഛന്റെ പേരില്‍ പ്രസിദ്ധീകരിച്ചതായി എഴുത്തുകാരനായ മകന്‍ എം.ഡി.ചന്ദ്രമോഹന്‍ പറയുന്നു. കേരളസാഹിത്യ അക്കാദമി ഹാളില്‍ അച്ഛന്റെ ഒരു ചിത്രം സ്ഥാപിക്കണമെന്ന് അക്കാദമി ഭാരവാഹികളോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അത് നടപ്പാക്കിയില്ലെന്നു ചന്ദ്രമോഹന്‍ വിഷമത്തോടെ  പറയുന്നു. എഴുത്തുകാരനായ എം.ഡി.വത്സല, എം.ഡി.രത്‌നമ്മ, ഗാനരചയിതാവും, കവിയും, നോവലിസ്റ്റും, കഥാകൃത്തും, കാര്‍ട്ടൂണിസ്റ്റുമായ എംഡി അജയഘോഷ് എന്നിവരാണ് പൊന്‍കുന്നം ദാമോദരന്റെ മറ്റു മക്കള്‍.ആധുനിക വിപ്ലവ കേരളത്തിലെ അനിഷേധ്യ സര്‍ഗാത്മക ശക്തിയായിരുന്നു പൊന്‍കുന്നം ദാമോദരന്‍. അദ്ദേഹത്തിന്റെ സാഹിത്യ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി ഒരു ചെറിയ തോതിലെങ്കിലും ഒരു ഉപഹാരം നല്‍കി 1990ല്‍ സാഹിത്യ അക്കാദമി അദ്ദേഹത്തെ ആദരിച്ചിരുന്നു. അക്കാദമിക്ക് അദ്ദേഹം അയച്ച കത്തില്‍ വേദനയുടെ നിഴല്‍പ്പാടുകളുണ്ടായിരുന്നു. ഉറവവറ്റാത്ത ഒരു സര്‍ഗധനന്റെ വീര്യവും ദാമോദരന്റെ സര്‍ഗപ്രതിഭയില്‍ കാണാന്‍ കഴിഞ്ഞു. പിന്നിട്ട കാലത്തിന്റെ നിഴലും  വെളിച്ചവും ആ കത്തില്‍ പ്രകടമായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം നല്‍കിയ ഊര്‍ജം സ്വരചനകളിലൂടെ പകര്‍ന്നു നല്‍കിയ എഴുത്തുകാരനെന്ന നിലയില്‍ പൊന്‍കുന്നം ദാമോദരന്‍ അവിസ്മരണീയനാകുന്നു.

You must be logged in to post a comment Login