കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും വിയോജിക്കാനും എല്ലാര്‍ക്കും അവകാശമുണ്ട്:ഉമ്മന്‍ ചാണ്ടി

കോട്ടയം: വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് നിലപാടുകളെ വിമര്‍ശിക്കാനും വിയോജിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്‌ളബിന്റെ തെരഞ്ഞടുപ്പ് പരിപാടിയില്‍ പങ്കെടുക്കവെ ഇടുക്കി ബിഷപ്പ് നടത്തിയ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഇടുക്കിയിലെ സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനോട് ബിഷപ്പ് മോശമായി പെരുമാറിയിട്ടില്ല. അത്തരമൊരു പരാതി ഡീനിനില്ല. വിമര്‍ശനങ്ങളോട് കോണ്‍ഗ്രസ് അസഹിഷ്ണുത കാണിക്കാറില്ല. വിമര്‍ശനങ്ങളില്‍ കഴമ്പു്‌ണ്ടെങ്കില്‍ അത് ഉള്‍ക്കൊള്ളുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പി.ടി.തോമസ് ശക്തനായ നേതാവും വക്താവുമാണ്. അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരമാണ് ഇടുക്കിയില്‍ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വി.ടി.ബല്‍റാം എം.എല്‍.എ ഇടുക്കി ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിശേപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. വിളിച്ചിട്ടുണ്ടെങ്കില്‍ ബല്‍റാമിനോട് വിശദീകരണം തേടും. ബല്‍റാം അങ്ങനെ വിളിക്കുമെന്ന് കരുതുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ കൂടി വിലയിരുത്തലാകും. ഭൂരിപക്ഷത്തിന്റെ അംഗബലമല്ല,? ഇച്ഛാശക്തിയാണ് സര്‍ക്കാരിനെ മുന്നോട്ട് നയിക്കുന്നത്. ആത്മവിശ്വാസം നഷ്ടപ്പെട്ട നേതൃത്വമാണ് എല്‍.ഡി.എഫിന്റേത്. ജനവികാരം മാനിച്ച് പ്രവര്‍ത്തിക്കാന്‍ ഇടതുമുന്നണിക്ക് കഴിയുന്നില്ല. രാഷ്ട്രീയ പ്രതിയോഗികളോട് സി.പി.എം അസഹിഷ്ണുത കാണിക്കുകയാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ടി.പി.ചന്ദ്രശേഖരന്‍ വധമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആര്‍.എസ്.പി ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് വന്നത് നല്ല മാറ്റത്തിന്റെ തുടക്കമാണ്. കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയുടെ മേലും മേധാവിത്വം കാണിക്കാറില്ല. യു.ഡി.എഫിന്റെ കൂട്ടായ തീരുമാനത്തെ തുടര്‍ന്നാണ് ആര്‍.എസ്.പിയെ മുന്നണിയില്‍ എടുക്കാന്‍ തീരുമാനിച്ചത്. കോട്ടയം സീറ്റ് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായതിനാലാണ് വിട്ടു നല്‍കാന്‍ പരിമിതികള്‍ ഉണ്ടെന്ന് പറഞ്ഞത്. ചാലക്കുടിയില്‍ മത്സരിക്കണമെന്ന് പി.സി.ചാക്കോ കടുംപിടിത്തം പിടിച്ചിട്ടില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു

You must be logged in to post a comment Login