വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്ന് പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍

തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍. പൊലീസിനുണ്ടായ വീഴ്ചകളില്‍ ശക്തമായ നടപടികള്‍ അതാതു സമയത്തു സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ ജാഗ്രതയോടെ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും പിണറായി പറഞ്ഞു.

ഭരണവേഗം കൂട്ടണമെന്നും ഭരണമാറ്റം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സിപിഐഎം സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ പല മന്ത്രിമാര്‍ക്കും സാധിക്കുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. പല വകുപ്പുകളും അനാവശ്യ വിവാദത്തിന്റെ പിന്നാലെ പോവുകയാണ്. പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായി. തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.

ഭരണംമാറിയത് പല പൊലീസ് ഓഫീസര്‍മാരും അറിഞ്ഞിട്ടില്ലെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമം നടക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വിവാദങ്ങളുണ്ടാകന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരു നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അതേസമയം, മന്ത്രിമാരുടെ പൊതുവായ പ്രവര്‍ത്തനങ്ങളില്‍ സെക്രട്ടേറിയറ്റ് സംതൃപ്തി പ്രകടിപ്പിച്ചു.

You must be logged in to post a comment Login