വിമാനത്തിലെ ഭക്ഷണത്തിൽ ബട്ടൺ; ജെറ്റ് എയർവേയ്‌സിന് പിഴ ചുമത്തി കോടതി

 

Button in food: Airline told to pay flyer Rs 50,000

വിമാനത്തിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബട്ടൺ കണ്ടെത്തിയ സംഭവത്തിൽ ജെറ്റ് എയർവേയ്‌സ് കമ്പനിക്ക് പിഴ ചുമത്തി കോടതി.
50,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും കേസ് നടത്തിയ ചിലവിലേക്ക് 5000 രൂപ കമ്പനി നൽകാനും കോടതി ഉത്തരവിട്ടു.

സൂറത്ത് സ്വദേശിയായ ഹേമന്ദ് ദേശായി എന്നയാളാണ് പരാതിക്കാരൻ. 2014 ഓഗസ്റ്റ് ആറിനാണ് സംഭവം. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാനത്തിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന ഹേമന്ദിന് കിട്ടിയ ഗാർലിക് ബ്രെഡിലാണ് ബട്ടൺ കണ്ടെത്തിയത്.

മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹേമന്ദ് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്. പരാതി ഒതുക്കിത്തീർക്കാൻ കമ്പനി ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

ഭക്ഷണത്തിൽ ബട്ടൺ കണ്ട സംഭവത്തിന് തെളിവില്ലെന്ന് കമ്പനി കോടതിയിൽ വാദിച്ചു. എന്നാൽ കമ്പനി ഖേദം പ്രകടിപ്പിച്ചുകൊണ്ട് തനിക്ക് അയച്ച ഇമെയിൽ അദ്ദേഹം തെളിവായി ഹാജരാക്കി.

സംഭവം വിശദമായി പരിശോധിച്ച കോടതി, എയർലൈൻ കമ്പനിക്ക് പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമേ ഉള്ളൂവെന്നാണ് വ്യക്തമാകുന്നതെന്ന് നിരീക്ഷിച്ചു.

You must be logged in to post a comment Login