വിയജക്കുതിപ്പ് തുടരുന്നു; സാനിയ-ഹിംഗിസ് സഖ്യം ഡബിള്‍സ് ജയങ്ങളുടെ ലോകറിക്കാര്‍ഡിനൊപ്പം

കഴിഞ്ഞയാഴ്ച നടന്ന ബ്രിസ്‌ബേന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ മാര്‍ട്ടിന-സാനിയ സഖ്യം കിരീടം നേടിയിരുന്നു.

Sania-martina

സിഡ്‌നി: ലോക ഒന്നാം നമ്പര്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം തുടര്‍ച്ചയായ ഡബിള്‍സ് വിജയങ്ങളുടെ ലോകറിക്കാര്‍ഡിനൊപ്പം. സിഡ്‌നി ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയ ജയത്തോടെയാണു സഖ്യം തുടര്‍ച്ചയായ 28 ജയങ്ങളുടെ റിക്കാര്‍ഡിനൊപ്പമെത്തിയത്. ജിജി ഫെര്‍ണാണ്ടസ്-നതാഷ വെരേവ സഖ്യത്തിന്റെ തുടര്‍ച്ചയായ 28 ജയങ്ങളുടെ റിക്കാര്‍ഡിനൊപ്പമാണ് ഇവര്‍ ഇടംപിടിച്ചത്. 1994 കാലഘട്ടത്തിലായിരുന്നു ഇവരുടെ പ്രകടനം. സെമിയിലെത്തിയ മാര്‍ട്ടിന-സാനിയ സഖ്യം ഈ വര്‍ഷത്തെ രണ്ടാം കിരീടനേട്ടവും റിക്കാര്‍ഡുമാണു ലക്ഷ്യമാക്കുന്നത്.

ചൈനീസ് സഖ്യമായ ചെന്‍ ലിയാംഗ്-ഹുവായ് പെംഗ് സഖ്യത്തെയാണ് ഇന്തോ-സ്വിസ് സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. സ്‌കോര്‍: 6-2, 6-3. സഖ്യത്തിലായശേഷം 10 കിരീടങ്ങളാണ് ഇരുവരും ചേര്‍ന്ന് നേടിയത്. കഴിഞ്ഞയാഴ്ച നടന്ന ബ്രിസ്‌ബേന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ മാര്‍ട്ടിന-സാനിയ സഖ്യം കിരീടം നേടിയിരുന്നു.

You must be logged in to post a comment Login