വിരമിക്കൽ പ്രഖ്യാപിച്ചില്ലെങ്കിലും ധോണിയെ ഇനി ടീമിൽ പരിഗണിക്കില്ലെന്ന് സൂചനകൾ

 

ന്യൂഡൽഹി: ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയോടെ മഹേന്ദ്ര സിങ് ധോണിയുടെ ക്രിക്കറ്റ് കരിയർ അവസാനിക്കുന്നുവെന്ന് സൂചന. ഇന്ത്യക്ക് ഏകദിന ലോക കിരീടവും ട്വൻറി20 ലോകകിരീടവും നേടിത്തന്ന നായകൻ ഇനി ടീമിൽ എളുപ്പത്തിൽ സ്ഥാനം പിടിച്ചേക്കില്ല. ലോകകപ്പിന് ശേഷം ഇന്ത്യയുടെ ആദ്യ പരമ്പര നടക്കാൻ പോവുന്നത് വെസ്റ്റ് ഇൻഡീസിനെതിരെയാണ്. ഈ ടീമിൽ ധോണി ഇടം പിടിച്ചേക്കില്ലെന്നാണ് സൂചനകൾ.

ലോകകപ്പിലെ ഇന്ത്യയുടെ അവസാന മത്സരം ധോണിയുടെ അവസാന മത്സരമായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ലോകകപ്പ് പരാജയത്തോടെ ധോണി വിരമിച്ചേക്കുമെന്നും വാർത്തകൾ വന്നു. എന്നാൽ ലോകകപ്പിന് ശേഷം ഇത് വരെ ധോണി ഇക്കാര്യത്തിൽ ഔദ്യോഗികമായി ഒരു പ്രഖ്യപനവും നടത്തിയിട്ടില്ല.

വരുന്ന വർഷം ഓസ്ട്രേലിയയിൽ നടക്കാൻ പോവുന്ന ടി20 ലോകകപ്പ് കൂടി ധോണി കളിക്കുമോയെന്നാണ് ഇനിയുള്ള ചോദ്യം. എന്നാൽ സെലക്ഷൻ കമ്മിറ്റി ഇനി താരത്തെ പരിഗണിക്കുമെന്ന് അത്ര ഉറപ്പില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിശ്വാസ്യമായ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പ്രകാരം ഇന്ത്യയുടെ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ് വൈകാതെ ധോണിയുമായി സംസാരിക്കും. പഴയ പോലെ ടീമിലേക്ക് താരത്തെ പരിഗണിക്കാനാവില്ലെന്ന് അദ്ദേഹം ധോണിയെ അറിയിക്കും.

“അദ്ദേഹം ഇത് വരെ വിരമിക്കൽ പ്രഖ്യപിക്കാത്തത് അത്ഭുതകരമായി തോന്നുന്നു. ഋഷഭ് പന്തിനെ പോലുള്ള യുവതാരങ്ങൾ അവസരം കാത്തിരിക്കുന്നു. നമ്മൾ ലോകകപ്പിൽ കണ്ടത് പോലെ ധോണി പഴയ ബാറ്റ്സ്മാൻ അല്ല. ആറാം നമ്പറിലും ഏഴാം നമ്പറിലും ഇറങ്ങിയാലും അദ്ദേഹം ബാറ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടുന്നു. ഇത് ടീമിന് വലിയ ബാധ്യതയാണ്,” ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റിയുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽ ധോണിയെ പരിഗണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. “2020 ലോകകപ്പിനുള്ള സെലക്ഷൻ കമ്മിറ്റിയുടെ പദ്ധതിയുടെ ഭാഗമാണ് ധോണിയെന്ന് തോന്നുന്നില്ല. അദ്ദേഹം ക്രിക്കറ്റിൽ നിന്ന് എത്രയും പെട്ടെന്ന് വിരമിക്കുമെന്ന് തോന്നുന്നു. ഏതായാലും ധോണിയെ എന്ത് വന്നാലും പരിഗണിക്കുന്ന കാലം കഴിഞ്ഞു,” അദ്ദേഹം കൂട്ടിച്ചേർത്തു.

You must be logged in to post a comment Login