വിരമിച്ചാലും മെസ്സിയുമായുള്ള കരാറില്‍ മാറ്റമില്ലെന്ന് ടാറ്റാ മോട്ടോഴ്‌സ്

അന്താരാഷ്ട്ര വിപണിയില്‍ ടാറ്റ മോട്ടേഴ്‌സിന്റെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറിലാണ് ആഗോള അംബാസഡറായി മെസ്സിയെ തിരെഞ്ഞെടുക്കുന്നത്.

messi-tata-668x350

ന്യൂദല്‍ഹി: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ലയണല്‍ മെസ്സിയുമായുള്ള കരാറില്‍ നിന്ന് പിന്മാറില്ലെന്ന് ടാറ്റാ മോട്ടോഴ്‌സ്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയാണെന്ന മെസ്സിയുടെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് ടാറ്റാ മോട്ടോഴ്‌സ് നിലപാടുമായി രംഗത്തെത്തിയത്. ടാറ്റയുടെ ഏറ്റവും പുതിയ വാഹനമായ തിയാഗോയുടെ ബ്രാന്‍ഡ് അംബാസഡറാണ് മെസ്സി.

മെസ്സിയുടെ വിരമിക്കല്‍ കരാറിനെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ടാറ്റ മോട്ടോഴ്‌സിന്റെ വക്താവ് അറിയിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ടാറ്റ മോട്ടേഴ്‌സിന്റെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറിലാണ് ആഗോള അംബാസഡറായി മെസ്സിയെ തിരെഞ്ഞെടുക്കുന്നത്. ആഗോളതലത്തില്‍ ഒരുപാട് ആരാധകരുള്ള ഫുട്‌ബോള്‍ താരത്തിന്റെ സാന്നിധ്യം ടാറ്റാ മോട്ടോഴ്‌സിന് കരുത്തായിരുന്നു.

ഇത് ആദ്യമായാണ് മെസ്സി ഒരു ഇന്ത്യന്‍ കമ്പനിയുടെ ആഗോള അംബാസഡറാകുന്നത്. കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ചിലിയോട് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോറ്റതോടെയാണ് മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഷൂട്ടൗട്ടില്‍ മെസ്സിയുടെ ഷോട്ട് പാഴായിരുന്നു.

You must be logged in to post a comment Login