വിരാട് സച്ചിനെപ്പോലെ ഇതിഹാസ താരമല്ല; ഇപ്പോൾ ക്രിക്കറ്റിന്റെ നിലവാരം തകർന്നു: അബ്ദുൽ റസാഖ്

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ വെറും ശിശുവാണെന്ന പ്രസ്താവനക്കു ശേഷം വീണ്ടും വിവാദമുയർത്തി മുൻ പാക് ഓൾറൗണ്ടർ അബ്ദുൽ റസാഖ്. സച്ചിനെപ്പോലെയല്ല വിരാട് കോലിയെന്നും കോലിക്ക് സച്ചിനോളം നിലവാരമില്ലെന്നുമാണ് റസാഖിൻ്റെ വിവാദ പരാമർശം. ലോകനിലവാരമുള്ള താരങ്ങൾ ഇപ്പോൾ ഇല്ലെന്നും റസാഖ് അഭിപ്രായപ്പെട്ടു.

“വിരാട് കോലിയെ നോക്കൂ. ഇന്ത്യൻ താരങ്ങളിൽ മികച്ചയാളാണ് അദ്ദേഹം. സ്ഥിരതയുമുണ്ട്. പക്ഷേ, സച്ചിനൊപ്പമൊന്നും ചേർത്തുവയ്ക്കാനാവില്ല. സച്ചിനൊക്കെ വേറെ തലത്തിൽപ്പെട്ട കളിക്കാരനാണ്”– റസാഖ് ചൂണ്ടിക്കാട്ടി. താനൊക്കെ കളിച്ചിരുന്ന സമയത്തെ അപേക്ഷിച്ച് ഇന്ന് ക്രിക്കറ്റിന്റെ നിലവാരം തകർന്നെന്നും ലോക നിലവാരമുള്ള താരങ്ങൾ ഇപ്പോഴില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“1992–2007 കാലഘട്ടത്തിൽ കളിച്ചിരുന്ന താരങ്ങളോടു ചോദിച്ചു നോക്കൂ. എന്താണ് ക്രിക്കറ്റെന്ന് അവർ നിങ്ങൾക്കു പറഞ്ഞുതരും. അന്നത്തെ പോലെ ലോക നിലവാരമുള്ള താരങ്ങൾ ഇന്നില്ല. ടി-20യുടെ വരവ് ക്രിക്കറ്റിനെത്തന്നെ മാറ്റിമറിച്ചു. ഇന്ന് ബോളിങ്ങിലോ ബാറ്റിങ്ങിലോ ഫീൽഡിങ്ങിലോ ആ പഴയ മികവില്ല. ഇതെല്ലാം ഇപ്പോൾ അടിസ്ഥാനതലത്തിൽ മാത്രം” – റസാഖ് പറഞ്ഞു.

നേരത്തെ ജസ്പ്രെത് ബുംറക്കെതിരെ നടത്തിയ പ്രസ്താവന വ്യാപകമായി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ബുംറ വെറും കുട്ടിയാണെന്നും മികച്ച ഒട്ടേറെ പേസർമാരെ നേരിട്ടിട്ടുള്ള തനിക്ക് ബുംറ ഒരു വെല്ലുവിളി ആവില്ലായിരുന്നുവെന്നുമായിരുന്നു റസാഖിൻ്റെ പരാമർശം. ഇപ്പോൾ താൻ കളിച്ചിരുന്നുവെങ്കിൽ ബുംറയെ തനിക്ക് നിഷ്പ്രയാസം നേരിടാൻ സാധിക്കുമായിരുന്നു എന്നും റസാഖ് കൂട്ടിച്ചേർത്തു.

നേരത്തെ ഹർദ്ദിക് പാണ്ഡ്യ മികച്ച താരമാണെന്നും അദ്ദേഹത്തെ തന്നെ ഏല്പിച്ചാൽ ലോകോത്തര താരമായി തിരിച്ചേല്പിക്കാമെന്നും റസാഖ് പറഞ്ഞിരുന്നു. തനിക്ക് രണ്ടാഴ്ച നൽകിയാൽ മതി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

You must be logged in to post a comment Login