വിലയിടിവ് തടയാൻ 64,000 ഹെക്ടറിലെ റബര്‍ മരങ്ങള്‍ വെട്ടാൻ തായ്‍‍ലൻഡ്

കൊച്ചി: ആഗോളവിപണിയിലെ സ്വാഭാവിക റബറിന്‍റെ വിലയിടിവ് പിടിച്ചു നിര്‍ത്താനായി 64,000 ഹെക്ടറിലെ റബര്‍ മരങ്ങള്‍ വെട്ടിനീക്കാൻ തായ്‍‍ലൻഡ് കര്‍ഷകരോട് ആവശ്യപ്പെട്ടു. 25 വര്‍ഷത്തിൽ കുറവ് പ്രായമുള്ള മരങ്ങളാണ് വെട്ടുന്നത്. ഏപ്രിൽ മാസത്തോടെ ആഗോളവിപണിയിൽ സ്വാഭാവിക റബറിന്‍റെ ലഭ്യത അഞ്ച് ശതമാനം കുറയ്ക്കാനും വിലയിടിവ് തടയാനുമാണ് തായ്‍‍ലന്‍ഡിന്‍റെ പദ്ധതി. ഇതിനായി 16,000 കോടി രൂപ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കും.

നിലവിൽ ലോകത്തെ ഏറ്റവും വലിയ റബര്‍ ഉത്പാദകരാണ് തായ്‍‍ലൻഡ്. ആഗോളവിപണിയിൽ രണ്ട് ലക്ഷം ടൺ റബറിന്‍റെ കുറവുണ്ടാക്കുകയാണ് തായ്‍‍ലൻഡിന്‍റെ പദ്ധതി. ഇതോടൊപ്പം ഈ വര്‍ഷം അവസാനത്തോടെ 20 ശതമാനം ഉത്പാദനം കുറയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്.

ആഗോളരംഗത്ത് റബ്ബര്‍ ലഭ്യത കുറയുന്നത് കേരളത്തിലെ കര്‍ഷകര്‍ക്കും നേട്ടമാകുമെന്ന് റബര്‍ ബോര്‍ഡ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

ഇതിനു മുൻപും വൻകിട റബര്‍ ഉത്പാദകരായ ഇന്‍ഡോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് തായ്‍‍ലൻഡ് 16,000 ഹെക്ടറിലെ കൃഷി ഒഴിവാക്കിയിരുന്നു.

You must be logged in to post a comment Login