വില്‍പ്പനയിലെ ഇടിവ്; ‘കോംപാക്ട് ഫാമിലി’ കാര്‍ പദ്ധതി ഉപേക്ഷിച്ച് ഫോഡ്

ford

ആഗോളതലത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്ന വിപണികളിലെ വില്‍പ്പനയില്‍ നേരിടുന്ന ഇടിവ് പരിഗണിച്ച് പുതിയ കോംപാക്ട് ഫാമിലി കാര്‍ രൂപകല്‍പ്പന ചെയ്യാനുള്ള പദ്ധതി യു എസ് നിര്‍മാതാക്കളായ ഫോഡ് മോട്ടോര്‍ കമ്പനി ഉപേക്ഷിച്ചു.

‘ബി 500’ ശ്രേണി ഉപേക്ഷിച്ചതിനു പകരമായി 2020-21നുള്ളില്‍ ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ‘ഇകോസ്‌പോര്‍ട്’, ‘ഫിഗൊ’, ‘ഫിഗൊ ആ്‌സപയര്‍’ എന്നിവ പരിഷ്‌കരിക്കാനാണു ഫോഡ് ഇപ്പോള്‍ ആലോചിക്കുന്നത്.

ഇന്ത്യയിലും ചൈനയിലും ചെറു, ഇടത്തരം ഹാച്ച്ബാക്കുകള്‍ക്കും സെഡാനുകള്‍ക്കുമുള്ള ആവശ്യം ഇടിഞ്ഞതാണ് ‘ബി 500’ വാഹന വികസന പദ്ധതിയില്‍ നിന്നു പിന്‍മാറാന്‍ ഫോഡിനെ പ്രേരിപ്പിച്ചത്.

പ്രീമിയം സെഡന്, ഹാച്ച്ബാക്ക്, സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം എന്നിവ ഉള്‍പ്പെടുന്ന ഈ പുത്തന്‍ ശ്രേണിയുടെ ഉല്‍പ്പാദനം 2018ല്‍ ആരംഭിക്കാനായിരുന്നു ഫോഡിന്റെ നീക്കം.

ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ ബ്രസീല്‍, റഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലും ‘ബി 500′ ശ്രേണിയിലെ വാഹനങ്ങള്‍ നിര്‍മിച്ചു വില്‍ക്കാന്‍ ഫോഡിനു പദ്ധതിയുണ്ടായിരുന്നു.

500 കോടി ഡോളര്‍(33,286 കോടിയോളം രൂപ) ഇന്ത്യയില്‍ പുത്തന്‍ കോംപാക്ട് വാഹന ശ്രേണി അവതരിപ്പിക്കാനുള്ള പദ്ധതി നീട്ടിവയ്ക്കാന്‍ യു എസ് നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് തീരുമാനിച്ചതും ഫോഡിന്റെ നിലപാടിനെ സ്വാധീനിച്ചെന്നാണു സൂചന.

പുതിയ കാര്‍ നിര്‍മാണത്തില്‍ നിന്നു പിന്‍മാറുന്ന കാര്യം ജൂലൈയില്‍ തന്നെ ഫോഡ് സപ്ലയര്‍മാരെ അറിയിച്ചിരുന്നു. അതേസമയം’ബി 500’ ശ്രേണി വികസനം ഉപേക്ഷിച്ചെന്ന വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഫോഡ് തയാറായിട്ടില്ല.

You must be logged in to post a comment Login