വില കുറച്ചുകാണിച്ചുവെന്ന് ആരോപണം; നടൻ പൃഥ്വിരാജിന്റെ കാറിന്റെ രജിസ്ട്രേഷൻ തടഞ്ഞു

വില കുറച്ചുകാണിച്ചുവെന്ന് ആരോപണം; നടൻ പൃഥ്വിരാജിന്റെ കാറിന്റെ രജിസ്ട്രേഷൻ തടഞ്ഞു

കൊച്ചി: നടന്‍ പൃഥ്വിരാജ് പുതുതായി വാങ്ങിയ ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ ആർടിഒ അധികൃതർ തടഞ്ഞു. കാറിന്റെ വില കുറച്ചുകാട്ടിയതായി കണ്ടെത്തിയതോടെയാണ് നടപടി. 1.64 കോടി രൂപ വിലവരുന്ന കാറില്‍ 30 ലക്ഷം രൂപയുടെ കുറവാണ് കാണിച്ചിരിക്കുന്നത്. മുഴുവന്‍ തുകയുടെ നികുതി അടച്ചാലേ രജിസ്‌ട്രേഷന്‍ നടത്തൂ എന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. അങ്ങനെയെങ്കില്‍ പൃഥ്വിരാജ് ഒമ്പത് ലക്ഷം കൂടി നികുതി അടയ്‌ക്കേണ്ടിവരും.
താല്‍ക്കാലിക രജിസ്‌ട്രേഷനു വേണ്ടി വാഹന വ്യാപാരി എറണാകുളം ആര്‍ടി ഓഫിസില്‍ ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ബില്ലിലാണ് 30 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയത്. 1.34 കോടി ആയിരുന്നു ബില്ലിലെ തുക. ഇതിന്റെ അടിസ്ഥാനത്തിലുള്ള റോഡ് നികുതിയും അടച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ യഥാര്‍ത്ഥ വില 1.64 കോടിയാണെന്ന് കണ്ടെത്തുകയും രജിസ്‌ട്രേഷന്‍ തടയുകയുമായിരുന്നു.

30 ലക്ഷം രൂപ സെലിബ്രിറ്റി ഡിസ്‌കൗണ്ട് ഇനത്തില്‍ വിലകുറച്ചു നല്‍കിയതായാണ് വാഹനം വിറ്റ സ്ഥാപനം പറയുന്നത്. ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്ക് യഥാര്‍ത്ഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. 9 ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ രജിസ്‌ട്രേഷന്‍ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. നികുതിയിളവ് നേടാന്‍ ഡീലര്‍ ബില്ലില്‍ തിരുത്തല്‍ വരുത്തിയത് താരം അറിയണമെന്നില്ലെന്ന് ആര്‍ടിഒ അധികൃതര്‍ വ്യക്തമാക്കി.

You must be logged in to post a comment Login