വില കുറച്ച് വിപണിപിടിക്കല്‍ ലക്ഷ്യമിട്ട് ബജാജ്; പള്‍സറിന്റെ വിലയില്‍ വന്‍ കുറവ്‌

എതിരാളികളായ ഹീറോ മോട്ടോ കോര്‍പിനെയും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ ലിമിറ്റഡിനെയും പിന്തള്ളിയ ബജാജ് പോരാട്ടം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

pulsar

‘പള്‍സര്‍ 135 എല്‍ എസി’ന്റെ വിലയില്‍ 4,000 രൂപയോളം കുറവ്  പ്രഖ്യാപിച്ചു. നേരത്തെ ഡല്‍ഹി ഷോറൂമില്‍ 62,000 രൂപയോളം വിലയുണ്ടായിരുന്ന ‘പള്‍സര്‍ 135 എല്‍ എസ്’ ഇപ്പോള്‍ 58,002 രൂപയ്ക്കു ലഭ്യമാണ്. എതിരാളികളായ ഹീറോ മോട്ടോ കോര്‍പിനെയും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ(എച്ച് എം എസ് ഐ) ലിമിറ്റഡിനെയും പിന്തള്ളിയ ബജാജ് പോരാട്ടം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

എന്‍ജിന്‍ ശേഷി 110 സി സിക്കും 150 സി സിക്കുമിടയിലുള്ള ഇടത്തരം വിഭാഗത്തില്‍ കഴിഞ്ഞ ഏപ്രില്‍-മേയ് മാസങ്ങളിലായി 5,90,318 മോട്ടോര്‍ സൈക്കിള്‍ വിറ്റെന്നാണു ‘സയാ’മിന്റെ കണക്ക്. 2015 ഏപ്രില്‍, മേയ് മാസങ്ങളിലായി വിറ്റ 4,35,412 എണ്ണത്തെ അപേക്ഷിച്ച് 35.37% അധികമാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലും മേയിലുമായി 94,761 യൂണിറ്റ് വിറ്റ ബജാജ് ഓട്ടോ ഇക്കൊല്ലം ഇതേ കാലത്ത് വിറ്റത് 1,75,190 ബൈക്കുകളാണ്; 84.87% വളര്‍ച്ച. അതേസമയം പ്രധാന എതിരാളികളായ ഹീറോ മോട്ടോ കോര്‍പ് കഴിഞ്ഞ ഏപ്രിലിലും മേയിലുമായി 1,58,304 ബൈക്കുകളായിരുന്നു. 2015 ഏപ്രില്‍-മേയ് മാസങ്ങളിലായി കമ്പനി വിറ്റത് 1,28,767 ബൈക്കുകളായിരുന്നു.

ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറാവട്ടെ 1,56,855 ബൈക്കുകളാണു കഴിഞ്ഞ ഏപ്രിലിലും മേയിലുമായി വിറ്റത്. 2015-16ന്റെ ആദ്യ രണ്ടു മാസക്കാലത്തു കമ്പനി നേടിയ വില്‍പ്പന 1,55,120 യൂണിറ്റായിരുന്നു. ‘ഡിസ്‌കവര്‍ 125’, ‘പള്‍സര്‍ 135 എല്‍ എസ്’, ‘വി 15’ എന്നിവയാണ് ഇടത്തരം വിഭാഗത്തില്‍ ബജാജിന്റെ പ്രതിനിധികള്‍. ഹീറോ മോട്ടോ കോര്‍പിനായി ‘ഗ്ലാമര്‍’, ‘സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍’, ‘ഇഗ്‌നൈറ്റര്‍’ എന്നിവയും എച്ച് എം എസ് ഐക്കായി ‘സി ബി ഷൈന്‍’, ‘സി ബി ഷൈന്‍ എസ് പി’ എന്നിവയുമാണു വിപണിയിലുള്ളത്. 55,000-65,000 രൂപയാണ് ഇടത്തരം വിഭാഗത്തിലെ ബൈക്കുകളുടെ വില നിലവാരം.

You must be logged in to post a comment Login