വില കുറഞ്ഞ ഐഫോണ്‍ 5എസ്, 5സി മോഡലുകള്‍ വരുന്നു

രണ്ടുകാര്യങ്ങളില്‍ ആപ്പിള്‍ വിട്ടുവീഴ്ച ചെയ്യാറില്ല.  വിലയുടെ കാര്യത്തിലും ഗുണത്തിന്റെ കാര്യത്തിലും.വിലയുടെ കാര്യത്തില്‍ കടുംപിടിത്തം തുടര്‍ന്നാല്‍ കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോകുമെന്ന് ആപ്പിള്‍ തിരിച്ചറിഞ്ഞു.ഐഫോണിന്റെ വിലക്കുറവുള്ള മോഡല്‍ കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നു എന്നത് ഒരു സൂചനയായി കാണാം. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ ഇടങ്ങളില്‍ ഐഫോണ്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ , ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ പ്രാമുഖ്യം നേടിയത് വിലക്കുറവുള്ള ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളാണ്.

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ മിക്കവര്‍ക്കും ഐഫോണിന്റെ വില താങ്ങാന്‍ പറ്റാത്തതാണ് ഇതിന് കാരണമെന്ന് ആപ്പിള്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. അതാണ് വിലക്കുറവുള്ള ഐഫോണ്‍ അവതരിപ്പിക്കാന്‍ കാരണം.കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയില്‍ പുതിയ രണ്ട് ഐഫോണ്‍ മോഡലുകളാണ് ആപ്പിള്‍ ഇന്ന് അവതരിപ്പിക്കുന്നത്.

iphone5c-640x353

കൂടുതല്‍ കരുത്തേറിയ പ്രൊസസറുള്ളതാണ് ഒരു മോഡല്‍ , വിലക്കുറവുള്ള മറ്റൊരു മോഡലും.ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ വളര്‍ന്നു വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ്, വിലക്കുറഞ്ഞ ഐഫോണിലൂടെ ആപ്പിള്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ വിപണി ലഭിക്കാന്‍ വിലക്കുറവുള്ള മോഡല്‍ ആപ്പിളിനെ സഹായിക്കുമെന്നാണ്, ടെലകോം വിദഗ്ധനായ ചേതന്‍ ശര്‍മയുടെ വിലയിരുത്തല്‍ .പുതിയ ഉത്പന്നങ്ങളെക്കുറിച്ച് ഒരു സൂചനയും മുന്‍കൂട്ടി നല്‍കുന്ന ശീലം ആപ്പിള്‍ കമ്പനിക്കില്ല. അതുകൊണ്ടുതന്നെ ഇന്ന് അവതരിപ്പിക്കുന്ന ഗാഡ്ജറ്റുകളെക്കുറിച്ച് ഒന്നും ആപ്പിള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഐഫോണ്‍ 5എസ്, ഐഫോണ്‍ 5സി എന്നീ മോഡലുകളാണ് ആപ്പിള്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ആഴ്ചകളായി ടെക് സൈറ്റുകളില്‍ അഭ്യൂഹം പടരുന്നുണ്ട്. ഐഫോണ്‍ 5സി ആയിരിക്കും വില കുറഞ്ഞ മോഡലെന്നും റിപ്പോര്‍ട്ടുണ്ട്. വിലക്കുറവുള്ള ഐഫോണ്‍ മോഡലിന് അലുമിനിയത്തിന് പകരം പ്ലാസ്റ്റിക് കവറാകും ഉള്ളതെന്നും, അത് വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാകുമെന്നും അറിയുന്നു. മാത്രമല്ല, ടെക് വിദഗ്ധരുടെ കണക്കുകൂട്ടല്‍ പ്രകാരം 300 ഡോളറിനും 400 ഡോളറിനും മധ്യേ (20,000 രൂപയ്ക്കും 27,000 രൂപയ്ക്കും മധ്യേ) ആയിരിക്കും അതിന്റെ വില.

വിലക്കുറവുള്ള ഐഫോണിന് ഇന്ത്യയില്‍ അത്ര വിലക്കുറവുണ്ടാകില്ല എന്ന് സാരം. 15,000 രൂപയ്ക്ക് പോലും മോശമില്ലാത്ത സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമായ ഇന്ത്യന്‍ വിപണിയില്‍ ഐഫോണിന്റെ വിലക്കുറവുള്ള മോഡലിന് എത്ര സ്വാധീനം ചെലുത്താനാകുമെന്ന് കണ്ടറിയണംഇന്ത്യയെയും ചൈനയെയും ലക്ഷ്യം വെച്ചാണ് പുതിയ ഐഫോണുകള്‍ എത്തുന്നത്.എന്നാല്‍ വിപണിയിലെ ഇവയുടെ വിലയെക്കുറിച്ച് കമ്പനി അധികൃതര്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

 

 

You must be logged in to post a comment Login