വിവാദങ്ങള്‍ കെട്ടടങ്ങാതെ പിഎന്‍ബി തട്ടിപ്പ്; ഇന്ത്യന്‍ രാഷ്ട്രീയം പുകയുന്നു; ബിജെപിക്കെതിരെ കോണ്‍ഗ്രസ്; തിരിച്ചടിച്ച് ബിജെപി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കെട്ടടങ്ങുന്നില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തിരയുന്ന വജ്ര വ്യാപാരി മെഹുല്‍ ചോക്‌സി ആന്റിഗയില്‍ പൗരത്വം നേടിയതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം വഴിതുറന്നിരിക്കുന്നത്. 2017 മെയിലാണ് ചോക്‌സി പൗരത്വത്തിനായി അപേക്ഷിച്ചതെന്നും അതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നെന്നുമുള്ള ആന്റിഗ സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

മുംബൈയിലെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് ചോക്‌സിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ഇതാണ് ബി.ജെ.പിക്ക് എതിരായ ആയുധമാക്കി കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. അതേസമയം, 2015ലെ ഒരു വീഡിയോ പുറത്തുവിട്ടാണ് രാഹുല്‍ ഗാന്ധി ഒടുവില്‍ ബി.ജെ.പിക്കെതിരായി രംഗത്ത് വന്നത്. വീഡിയോയില്‍ മെഹുല്‍ ചോക്‌സിയെ മെഹുല്‍ ഭായ് എന്നാണ് മോദി വിശേഷിപ്പിക്കുന്നത്.

എന്നാല്‍ മെഹുല്‍ ചോക്‌സിക്ക് ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടിയിലെ പ്രമുഖരുമായുള്ള ബന്ധത്തെ കുറിച്ച് ചോക്‌സിയുടെ വക്കീല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി ഇതിനെ പ്രതിരോധിച്ചത്. 2012-14 യു.പി.എ സര്‍ക്കാരിന്റെ കാലത്ത് മെഹുല്‍ ചോക്‌സിയുടെ സമ്പത്തിലുണ്ടായ അമ്പരപ്പിക്കുന്ന വളര്‍ച്ചയും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യ സൂത്രധാരനും, നീരവ് മോദിയുടെ അമ്മാവനുമാണ് മെഹുല്‍ ചോക്‌സി.

2018ജനുവരി 16നാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന രണ്ട് ബില്യണ്‍ ഡോളറിന്റെ തട്ടിപ്പ് കണ്ടുപിടിക്കുന്നത്. രാജ്യത്ത് നടന്ന ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളില്‍ ഒന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്നത്.

You must be logged in to post a comment Login