വിവാദങ്ങള്‍ യുഡിഎഫിനെ ബാധിക്കില്ല, ഭരണത്തുടര്‍ച്ചയുണ്ടാകും: എ.കെ ആന്റണി

സോളാര്‍ കേസില്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് വരുന്നതുവരെ പ്രതിപക്ഷം ക്ഷമ കാണിക്കണമെന്ന് ആന്റണി

a-k-antony

കൊച്ചി: കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. അഞ്ചുവര്‍ഷം മുന്‍പ് യുഡിഎഫ് ഭരണം തുടങ്ങിയപ്പോഴുളള അവസ്ഥയല്ല ഇപ്പോഴെന്നും, ഇത്രയേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ മറ്റൊരു ഗവണ്‍മെന്റും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ പ്രശംസനീയമാണ്. എല്ലാ വിഷയങ്ങളും പരിഗണിച്ചായിരിക്കും ജനങ്ങള്‍ വോട്ടുചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി എ കെ ആന്റണി. ഡസണ്‍ കണക്കിന് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് ആന്റണി പറഞ്ഞു. സോളാര്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുന്നതു വരെ പ്രതിപക്ഷം കാത്തിരിക്കണം എന്നും അദേഹം പറഞ്ഞു.

വികസന കാര്യത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ്. ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായതു പോലൊരു വികസനം മറ്റൊരു കാലത്തും ഉണ്ടായിട്ടില്ലെന്ന് സൂചിപ്പിച്ചു. ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകില്ല. തമ്മില്‍ഭേദം എല്‍ഡിഎഫാണ്. സോളാറില്‍ സരിതയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പത്തുകോടി വാഗ്ദാനമെന്നത് ശുദ്ധനുണ എന്നുപറയുന്ന മുഖ്യപ്രതിപക്ഷ കക്ഷി ബാക്കിയെല്ലാ ആരോപണങ്ങളും വിശ്വസിക്കുകയാണ്.

സിപിഐഎം പത്തുകോടി രൂപ സരിതയ്ക്ക് നല്‍കിയെന്നതുപോലും തനിക്കങ്ങ് ഉള്‍ക്കൊള്ളാനായില്ലെന്നും, യുഡിഎഫിലെ നേതാക്കള്‍ക്കെതിരായ ആരോപണങ്ങളും അതെപോലെയാണ് കാണുന്നതെന്നും, അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കാമെന്നും ആന്റണി പറഞ്ഞു. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ യുഡിഎഫിനെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

You must be logged in to post a comment Login