വിവാഹം വിരല്‍തൊട്ടു മീട്ടുന്ന കവിത

 

മലയാളികള്‍ക്ക് ഏറെ പരിചിതമല്ലാത്തഒന്നാണ് അറേബ്യന്‍ വിവാഹരീതികള്‍.
സൗദി അറേബ്യയിലെ വിവാഹസമ്പ്രദായത്തെയും ആഘോഷങ്ങളെയുംകുറിച്ച്…

സബീന എം. സാലി

 

ശിശിരക്കാറ്റിലുലയുന്ന മരച്ചില്ലകളില്‍ നിന്ന്, ഇലകള്‍ക്കൊപ്പം മഞ്ഞിന്‍കണികകളും അടര്‍ന്നുവീഴുന്നു. നേര്‍ത്ത സംഗീതധാരയില്‍ മുഴുകി, പരസ്പരം പ്രണയവിനിമയം നടത്താനൊരുങ്ങുന്ന യുവമിഥുനങ്ങള്‍. കണ്ണുകളില്‍ രാഗപദ്മങ്ങള്‍ വിരിഞ്ഞുമലരുന്നു. അപ്‌സരലോകത്ത് പോലെയുള്ള ഈ സ്വപ്‌നലാവണ്യം, ഏതെങ്കിലും ചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണെന്ന് ചിന്തിക്കാന്‍വരട്ടെ… സൗദി അറേബ്യയിലെ ഒരു വിവാഹമണ്ഡപത്തിലെ കാഴ്ചയാണിത്.
നീ മന്ത്രിക്കുന്നതൊന്നും എന്റെ കാതുകളിലായിരിക്കില്ല, എന്റെ ഹൃദയത്തിലായിരിക്കും. നീചുബിക്കുന്നതൊന്നും എന്റെചുണ്ടുകളെയായിരിക്കില്ല ആത്മാവിനെയായിരിക്കും എന്ന് രണ്ട്മനസ്സുകള്‍ പരസ്പരം സംവേദനം ചെയ്യപ്പെടുന്ന നിമിഷമാണ്, വിവാഹ മുഹൂര്‍ത്തം. മതാധിഷ്ഠിതമായ നിയന്ത്രണങ്ങളും വിധിവിലക്കുകളും, നിയമസംഹിതകളും നിലവിലുള്ള സൗദിഅറേബ്യയില്‍, ഇസ്ലാമിക നിയമവ്യവസ്ഥയനുസരിച്ച്, എതിര്‍ലിംഗത്തില്‍പ്പെട്ട രണ്ടുവ്യക്തികള്‍ ഒന്നിച്ചു താമസിക്കാനും, ശാരീരികബന്ധത്തിലേര്‍പ്പെടാനുമുള്ള കരാറാണ് വിവാഹം. ”അഖ്ത് നിക്കാഹ്” അതായത് വിവാഹ ഉടമ്പടി സാധാരണ കോടതികളിലെ ജഡ്ജിമാരാണ് നടത്തിക്കൊടുക്കാറുള്ളത്. വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കുന്നത് കോടതി നിയമിക്കുന്ന. ”മഅ്ദൂന്‍ ശറഇകള്‍”ആണ്. വിവാഹം കോടതി മുന്നാകെ സ്ഥിരീകരിക്കുകയെന്നതാണ്, ഇവരുടെ ജോലി. ഇസ്ലാമിക ശരിഅത്തില്‍, ബിരുദമുള്ളവരാണ് ഈ തസ്തികയ്ക്ക് അര്‍ഹരായിട്ടുള്ളത്. യോഗ്യതയുള്ള സ്ത്രീകളേയും ഈ പദവിയില്‍ നിയോഗിക്കാമെന്ന് റോയല്‍കോര്‍ട്ട് ഉപദേഷ്ടാവായ ശൈഖ് അബ്ദുള്ള അല്‍മനിഅ് ഈയിടെ അഭിപ്രായപ്പെടുകയുണ്ടായി.
സാമ്പത്തികഭദ്രതയും ഒപ്പം ഭാര്യമാര്‍ക്ക് തുല്യപരിഗണനനല്‍കി സംരക്ഷിക്കുമെന്ന ഉറപ്പുമുണ്ടെങ്കില്‍ മാത്രം ഒരു പുരുഷന് നാലു വിവാഹം വരെ കഴിക്കാം എന്ന് ഇസ്ലാമികനിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പെണ്‍കുട്ടികളെ സംബന്ധിച്ച്, നക്ഷത്രവിധിപ്രകാരമുള്ള ദോഷങ്ങളോ, സ്ത്രീധനപ്പെരുപ്പം മൂലമുണ്ടാകുന്ന ആലോചനകളുടെ അഭാവമോ ഒന്നും വിവാഹമാര്‍ക്കറ്റിനെ ബാധിക്കുന്നില്ല എന്നതാണ് ഇവിടുത്തെ പ്രത്യേകത. മാത്രമല്ല, ഇവിടെ സ്ത്രീധനം സ്ത്രീയല്ല, മറിച്ച്, പുരുഷനാണ്, സ്ത്രീയ്ക്ക് നല്‍കേണ്ടത്. അതിനെ മഹര്‍ എന്നാണ് വിളിക്കുന്നത്.
ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവുകയും, തടിയും തന്റേടവുമൊക്കെയായി, കുടുംബം പുലര്‍ത്താനുള്ള വരുമാനം കയ്യില്‍വന്ന്, സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയാവുകയും ചെയ്യുമ്പോഴാണ്, വിവാഹം എന്ന ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ നടപടിയെപ്പറ്റി ചിന്തിക്കുകയുള്ളു. കൂടുകെട്ടി, ഇണകളെക്ഷണിക്കുന്ന കിളികളെപ്പോലെയാണ്, ഇവിടെ പുരുഷന്റെ അവസ്ഥ. രാപ്പകല്‍ വിശ്രമമില്ലാതെ, പുല്ലും വൈക്കോലും മെടഞ്ഞ്‌മെടഞ്ഞ്, ഭംഗിയുള്ള കൂട്ടില്‍, കിടപ്പറയും വാതിലും പണിത്, പഞ്ഞി വിരിച്ച കിടക്കയൊരുക്കി, ആണ്‍കിളി പെണ്‍കിളിയെ ക്ഷണിക്കുന്നു. കൂടിന്റെ ശില്‍പിയെ വേള്‍ക്കാന്‍. അതായത്, വധുവിന് ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങുന്നതിനും, മറ്റു ചിലവുകള്‍ക്കുമായി ഒരുനിശ്ചിത തുക മഹറായി, വധുവിന്റെ പിതാവിന് നല്‍കുന്നതോടൊപ്പം തന്നെ, അവളുടെ ആജീവനാന്തസംരക്ഷണത്തിന് ആവശ്യമായതെല്ലാം ഉറപ്പ് വരുത്തിയിട്ട് വേണംപുരുഷന്‍ വിവാഹമെന്ന കരാറിലേര്‍പ്പെടാന്‍. വിവാഹത്തിന്റെസകല ഉത്തരവാദിത്വങ്ങളും പുരുഷനില്‍ നിക്ഷിപ്തമായതിനാല്‍, കൂടുതല്‍ പെണ്‍മക്കളുള്ള മാതാപിതാക്കളാണ്, ഇവിടെ സുകൃതവാന്മാര്‍, പെണ്‍കുട്ടിയുടെ സൗന്ദര്യത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് മഹര്‍ വ്യത്യസ്തമാകും. മഹര്‍ കൊടുക്കാനില്ലെങ്കില്‍, ഇവിടെ കെട്ടാച്ചരക്കായി മാറുന്നത് സ്ത്രീയല്ല. മറിച്ച് പുരുഷനാണ്. സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ സൗദി അറേബ്യയുടെ വന്‍കുതിച്ചുചാട്ടം, സ്ത്രീയ്ക്ക് ഉന്നതവിദ്യാഭ്യാസവും ജോലിയുമൊക്കെ പ്രദാനംചെയ്തതോടെ, സ്റ്റാറ്റസിനൊത്ത ആലോചനകളുടെ അഭാവം പെണ്‍കുട്ടികളുടെ വിവാഹക്കമ്പോളത്തിലും ചില മാന്ദ്യങ്ങള്‍ സൃഷ്ടിച്ചുവരുന്നു. വിരുന്നു സല്‍ക്കാരങ്ങള്‍ക്കും മറ്റുമായി വന്‍തുക മാറ്റിവയ്‌ക്കേണ്ടി വരുന്നതിനാല്‍, ധാര്‍മ്മികതയ്ക്കും ജീവിതമൂല്യങ്ങള്‍ക്കും, മഹറിനേക്കാള്‍ വില കല്‍പ്പിക്കുന്ന രക്ഷിതാക്കള്‍, ലളിതമായ മഹര്‍ മാത്രം ആവശ്യപ്പെട്ട്, പെണ്‍മക്കളെ വിവാഹം ചെയ്ത്‌കൊടുക്കുന്നു. മാത്രമല്ല, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവാക്കള്‍ക്ക് വിവാഹസഹായം നല്‍കുന്നതിന് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പ്രാദേശികമായി വിവിധ ചാരിറ്റി സൊസൈറ്റികളും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട്, പുരോഗമനപരമായ ചിന്തിച്ചുതുടങ്ങിയ ഭരണകൂടം, ഭര്‍ത്താവ് മറ്റൊരു വിവാഹംചെയ്താല്‍, സ്ത്രീയ്ക്ക്, വിവാഹമോചനം ആവശ്യപ്പെടാന്‍ തക്ക ഉപാധി വയ്ക്കാനുള്ള വകുപ്പുകൂടി വിവാഹകരാറില്‍ ഉള്‍പ്പെടുത്താനൊരുങ്ങുകയാണ്. ശരി അത്ത് നിയമപ്രകാരം തന്നെയായിരിക്കും വിവാഹമോചനവും അതിന്റെ നടപടിക്രമങ്ങളും. വിവാഹത്തിന് സമ്മതം മൂളാനുള്ള പെണ്‍കുട്ടിയുടെ പ്രായം 18 ആക്കാനുള്ള നിയമം ശുറ കൗണ്‍സില്‍ ചര്‍ച്ചയ്ക്ക് വച്ചിരിക്കുകയാണ്. പ്രായം 18ല്‍ താഴെയാണെങ്കില്‍, രക്ഷാകര്‍ത്താവിന്റെ സമ്മതമുണ്ടെങ്കില്‍പോലും, കോടതിയില്‍ നിന്ന് പ്രത്യേക അനുമതി നേടിയിരിക്കണം. ശൈശവവിവാഹ നിരോധന പ്രകാരം, 16 വയസ്സില്‍ താഴെയുള്ളവരെ വിവാഹം കഴിപ്പിക്കുന്നതിനെതിരെ കര്‍ശന നിയമങ്ങള്‍ നിലവിലുണ്ട്. വരന് വധുവിനേക്കാള്‍ ഇരട്ടി പ്രായമുണ്ടെങ്കിലും, വിവാഹം അനുവദിക്കാതിരിക്കാന്‍ വകുപ്പുണ്ട്. കൂടാതെ, ആരോഗ്യവും വൈകല്യരഹിതവുമായ പുതിയ തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തില്‍, വിവാഹപൂര്‍വ്വ വൈദ്യപരിശോധനകളും അതിന്റെ സാക്ഷ്യപ്പെടുത്തലുകളും ഇപ്പോള്‍ പ്രാബല്യത്തിലുണ്ട്. പഠനത്തിനും ജോലികള്‍ക്കുമായി, വിദേശരാജ്യങ്ങളില്‍ പോകുന്നവര്‍ അവിടെയുള്ളവരുമായി വിവാഹബന്ധത്തിലേര്‍പ്പെടാറുണ്ട്. അവയ്ക്ക് നിയമസാധുത വേണമെങ്കില്‍, മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റെ സമ്മതപത്രം ആദ്യമേ ലഭിച്ചിരിക്കണം.
രണ്ടു കുടുംബങ്ങള്‍ തമ്മില്‍ വിവാഹമെന്ന ധാരണയിലെത്തിക്കഴിഞ്ഞാല്‍, മോതിരം മാറുക എന്ന ചടങ്ങാണ് ആദ്യം. വിവാഹ ഉടമ്പടി വരനും വധുവിന്റെ പിതാവും തമ്മിലാണ്. നടത്തിക്കൊടുക്കുന്നതാകട്ടെ പള്ളി ഇമാമിന് പകരം ജഡ്ജും. ശേഷം അത് പബ്ലിക് നോട്ടറി സാക്ഷ്യപ്പെടുത്തും. മതപരമായ മാമൂലുകള്‍ പാലിക്കുന്നവര്‍ തികച്ചും ആര്‍ഭാടരഹിതമായി, വളരെക്കുറഞ്ഞ മഹര്‍ മാത്രം നിശ്ചയിച്ച്, വിവാഹച്ചടങ്ങുകള്‍ ലളിതമാക്കുമ്പോള്‍, ബഹുഭൂരിപക്ഷം പേരും ആര്‍ഭാട വിവാഹങ്ങള്‍തന്നെയാണ് തെരെഞ്ഞെടുക്കുന്നത്.
ചടങ്ങുകള്‍, ആഘോഷങ്ങള്‍
രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍, വിവാഹാചാരങ്ങളില്‍ വ്യത്യസ്തത ദര്‍ശിക്കാനാവും. ഗോത്രങ്ങള്‍ തമ്മിലും, കുടുംബങ്ങള്‍ തമ്മിലും, സൗഹൃദം പുതുക്കുന്നതിനുള്ള വേദികളാണ്, കല്യാണവീടുകള്‍. രണ്ടുമുതല്‍ അഞ്ചു ദിവസം വരെ വിവാഹാഘോഷങ്ങള്‍ നീണ്ടുനില്‍ക്കാറുണ്ട്. പൊതുവേ രാത്രിയാണ് ആഘോഷങ്ങളും ചടങ്ങുകളും നടക്കുക. വലിയ ഹാളുകള്‍ വാടകയ്‌ക്കെടുത്ത് അവിടെ വച്ചായിരിക്കും ചടങ്ങുകള്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ സദസ്സുകള്‍ ഉണ്ടായിരിക്കും. സൗദികളുടെ പരമ്പരാഗതരീതിയനുസരിച്ച്, വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്ന അതിഥികളെ വീട്ടുകാര്‍, ആലിംഗനം ചെയ്ത്, കവിളില്‍ ചുംബിച്ച് സീകരിച്ചാനയിക്കുന്നു. വരനെ ”അരീസ്”എന്നും വധുവിനെ ”അറൂസ്” എന്നുമാണ് വിളിക്കുന്നത്. തോബിനു മുകളിലായി, വരന്‍ ”ബിശ്ത” എന്നറിയപ്പെടുന്ന പ്രത്യേകം തുന്നല്‍പ്പണികളുള്ള നീളവസ്ത്രം ധരിച്ചിരിക്കും. ആണുങ്ങളുടെ സദസ്സില്‍ പ്രത്യേകം തയ്യാറാക്കിയ വിശിഷ്ട സുഗന്ധം നിറഞ്ഞ”ബുഖൂര്‍”പുകയ്ക്കുകയും, തോക്കും വാളുമണിഞ്ഞ ബദൂവിയന്‍ നര്‍ത്തകര്‍, സംഗീതോപകരണങ്ങളൊന്നുമില്ലാതെ പാട്ടുപാടി ചുവടുവയ്ക്കുകയും ചെയ്യുന്നു. മറ്റൊരു കൂട്ടര്‍ വരനെ പുകഴ്ത്തിക്കൊണ്ടുള്ള ഈണത്തിലുള്ള വായ്ത്താരികള്‍ ഉരുവിട്ട് ദഫ് മുട്ടുന്നു. ആഹ്ലാദം പ്രകടിപ്പിക്കുന്നതിനായി ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നത്, ഇപ്പോള്‍, നിയമംമൂലം നിരോധിച്ചിരിക്കുന്നു. നൃത്തങ്ങള്‍ക്കിടയിലുള്ള ലഘുഭക്ഷണമെന്ന നിലയില്‍, ചായയും ഖഹ്വയും ഈത്തപ്പഴങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നു.
നൃത്തനൃത്ത്യങ്ങള്‍ക്കൊടുവില്‍, ഭക്ഷണത്തിന്റെ ചിട്ടവട്ടങ്ങള്‍ തുടങ്ങുകയായി. വിവാഹാവസരങ്ങളിലെ ഭക്ഷണത്തിന്റെ ധാരാളിത്തം ഏതൊരാളെയും അല്‍ഭുതപ്പെടുത്തുക തന്നെ ചെയ്യും. വിളവെടുപ്പ് കഴിഞ്ഞ് കൂട്ടിയിട്ടിരിക്കുന്നതുപോലെ, പഴവര്‍ഗ്ഗകൂമ്പാരങ്ങള്‍. ഒട്ടകം, ആട്, കോഴി, തുടങ്ങിയ മാംസ വിഭവങ്ങള്‍ അതേപടി സ്റ്റഫ്‌ചെയ്ത് വലിയ തളികകളിലാക്കി വേവിച്ച്വച്ചിട്ടുണ്ടാകും. സൗദികളുടെ ഇഷ്ടാഹാരമായ കബ്‌സയും മജ്ബൂസും, നൂഡില്‍സുമൊക്കെ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ടാകും. സോഫ്റ്റ് ഡ്രിങ്കുകള്‍, ജ്യൂസുകള്‍, വിവിധ തരം കേക്കുകള്‍, ചോക്കലേറ്റുകള്‍, ഡെസേര്‍ട്ടുകള്‍ സൂപ്പുകള്‍ ഐസ്‌ക്രീം എന്നുവേണ്ട, ഭക്ഷണവിഭവങ്ങളുടെ ഒരു മായിക പ്രപഞ്ചം തന്നെയാണ് അവിടെ ക്രമീകരിക്കുക. വലിയ തളികകള്‍ക്ക് ചുറ്റുമിരുന്ന്ഒന്നിച്ച് ഭക്ഷിക്കുകയെന്നതാണ് അറബികളുടെ രീതി. ഭക്ഷണത്തിന് മുന്നില്‍ വലിയവനെന്നോ ചെറിയവനെന്നോ വിത്യാസംഅറബികള്‍ക്കില്ല.
സ്ത്രീകളുടെ സദസ്സാണ് ഏറെ ആകര്‍ഷകം. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ വൈവിധ്യങ്ങളാണ് നമുക്ക് അവിടെ കാണാന്‍ കഴിയുക. വസ്ത്രധാരണരീതിയില്‍, പടിഞ്ഞാറന്‍ സംസ്‌കാരവും ഒപ്പം ഇന്ത്യന്‍ സംസ്‌കാരവും അനുകരിക്കുന്നവരാണ് സൗദിയിലെ പുതിയതലമുറ പെണ്‍കുട്ടികള്‍. വിവാഹഹാളില്‍പ്രവേശിക്കുമ്പോഴേ, അബായ എന്ന കറുത്ത മേല്‍വസ്ത്രം ഊരിമാറ്റുന്നതോടെ, ഓരോ തരുണീമണിയും, അലങ്കാരദീപങ്ങള്‍ പോലെതിളങ്ങുന്നു. പ്രായംചെന്ന സ്ത്രീകള്‍ പോലും മേയ്ക്കപ്പിന്റെ ധാരാളിത്തം ഏറ്റുവാങ്ങുന്നവരാണ്. നിലാവില്‍നിന്ന് അടര്‍ന്നുവീണ പോലെ വധു മറ്റേ സ്ത്രീയേക്കാളും ശോഭിക്കുന്ന ദിവസം. സ്ത്രീകളുടെ വേദിയിലും സദസ്സിലുമുണ്ട്, വിവിധ നൃത്തനൃത്ത്യങ്ങള്‍. ദഫിനു സമാനമായ തഗാഗ എന്ന ഉപകരണമാണ് അവര്‍ കൊട്ടിപ്പാടുന്നത്. ഇടയ്ക്കിടെ ലഘുപാനീയങ്ങളും ഭക്ഷണവുമൊക്കെകഴിച്ച്, സംഘംസംഘമായി ഉടല്‍ കുഴയുന്നതുവരെ സ്ത്രീകള്‍ നൃത്തമാടുന്നു. രാവേറെ ചെന്ന് അതിഥികള്‍ പിരിയാറാവുമ്പോഴാണ്, വരന്‍വ ധുവിന്റെ സദസ്സിലേക്ക് കടന്നുവരുന്നത്. വരന്റേയും സുഹൃത്തുക്കളുടേയും വരവറിയുമ്പോള്‍, സദസ്സിലെ അലങ്കാരദീപങ്ങള്‍ മങ്ങുന്നു. സ്ത്രീകള്‍ തങ്ങളുടെ കറുത്ത മേല്‍വസ്ത്രമണിയുന്നു. ചിലര്‍ നിഖാബിനുള്ളില്‍ മുഖം മറയ്ക്കുന്നു. സദസ്സിലെ ഇരുളിനെ, വേദിയിലെ ദീപാലങ്കാരം നിഷ്പ്രഭമാക്കുന്നു. വരന്‍ സ്റ്റേജില്‍ എത്തിക്കഴിഞ്ഞാണ്, താല്ക്കാലികമായി വേദിവിട്ട വധു മടങ്ങിയെത്തുന്നത്. തൂവെള്ള സൗഗന്ധികപ്പൂക്കളെപ്പോലെ ചേതോഹരിയായിരിക്കും വധുവപ്പോള്‍. മുഖവടിവുള്ള ബാലികമാര്‍ പൂക്കൂടയുമേന്തി, അവളുടെ നീളന്‍കുപ്പായത്തിന്റെ തുമ്പ് പിടിച്ച് അവളോടൊപ്പം വേദിയിലേക്ക് നടന്നടുക്കുന്നു. അവര്‍ നടക്കുന്ന വഴികളില്‍ മാത്രം പ്രകാശത്തിന്റെ നേര്‍രേഖ നിറംമാറി നൃത്തം ചെയ്യുന്നു. വധു സ്റ്റേജിലെത്തുന്നതോടെ, വധൂവരന്മാരുടെ രക്തബന്ധുക്കളായി സ്റ്റേജിലുള്ളവര്‍, വീണ്ടും നൃത്തം തുടങ്ങുകയായി. സദസ്സില്‍നിന്ന് കുരവയുടെ താളം മുറുകുന്നതോടെ വരനും കൂടുകാരും നൃത്തത്തില്‍ പങ്കുചേരുന്നു. തഗാഗയ്‌ക്കൊപ്പംദ ഫ്ഫും മുഴങ്ങുന്നു. ”തഗ്‌സ്”എന്നയിനം നൃത്തമാണ് സാധാരണ വിവാഹവേദികളില്‍ നടക്കുക.
നൃത്തവും പാട്ടും നടന്നുകൊണ്ടിരിക്കെത്തന്നെ അതിഥികള്‍ ഓരോരുത്തരായി പിന്‍വാങ്ങുന്നു. ഒടുവില്‍ വീട്ടുകാരും സ്റ്റേജില്‍ നിന്നിറങ്ങിക്കഴിയുമ്പോള്‍, വധൂവരന്മാരുടെ കടക്കണ്ണില്‍ന ക്ഷത്രങ്ങള്‍ പൂത്തിറങ്ങുന്നു. പ്രണയത്തിന്റെ ശശിലേഖ നിലാരേണുക്കള്‍ ചൊരിയുന്നു. ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്ക് കവിതകളെഴുതിയെഴുതി അവര്‍ ദാമ്പത്യമെന്ന മഹാകാവ്യം പാരായണം ചെയ്യാനൊരുങ്ങുന്നു.

 

You must be logged in to post a comment Login