വിവിഐപികള്‍ക്ക് യാത്രചെയ്യാനുള്ള വിമാനങ്ങളുടെ നവീകരണത്തിന് 1160 കോടി വായ്പ അനുവദിക്കണമെന്ന് എയര്‍ ഇന്ത്യ

 

ന്യൂഡല്‍ഹി: വിവിഐപികള്‍ക്ക് സഞ്ചരിക്കാനുള്ള വിമാനങ്ങളുടെ നവീകരണത്തിനായി 1,160 കോടി രൂപയുടെ വായ്പ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് എയര്‍ ഇന്ത്യ. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സഞ്ചരിക്കാനുള്ള രണ്ട് വിമാനങ്ങളുടെ നവീകരണത്തിനാണ് വായ്പ തേടുന്നത്.

ജനുവരിയോടെ പ്രവര്‍ത്തനം തുടങ്ങേണ്ട വിമാനങ്ങളുടെ ഉള്‍ഭാഗം നവീകരിക്കാനാണ് ഇത്രയും വലിയതുക എയര്‍ഇന്ത്യ ആവശ്യപ്പെടുന്നത്. ബോയിങ് 777-300 ഇആര്‍ വിമാനങ്ങളുടെ നവീകരണത്തിനായി വായ്പ അനുവദിച്ചാല്‍ തിരിച്ചടവ് കാലാവധി ഒരു വര്‍ഷത്തില്‍ താഴെയെ അനുവദിക്കാനാവൂ എന്നാണ് സര്‍ക്കാര്‍ സൂചിപ്പിച്ചിരിക്കുന്നതെന്നും എയര്‍ഇന്ത്യ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ അമ്പതിനായിരം കോടി രൂപയുടെ കടബാധ്യത എയര്‍ ഇന്ത്യയ്ക്കുണ്ട്. എയര്‍ ഇന്ത്യയെയും അഞ്ച് അനുബന്ധ കമ്പനികളെയും സ്വകാര്യവല്‍ക്കരിക്കുന്നതിന് ഈ വര്‍ഷമാദ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി ഇതു സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ചുവരികയാണ്.

You must be logged in to post a comment Login