വിശപ്പ്


റീന പി.ജി

ഓര്‍മ്മകളുടെ നിറം എന്താണ്? കടുംനിറം ആവും. ഇല്ലെങ്കില്‍ ഒരു വെയിലിനും ഉണക്കാനാവാതെ, ഒരു പെയ്ത്തിനും അലിയിച്ച് കളയാനാവാതെ അവ നിലനില്‍ക്കില്ലല്ലോ.
ചിലപ്പോഴൊക്കെ വെറുതെ ഈ നിറങ്ങള്‍ കണ്‍മുന്നിലേക്ക് പടര്‍ന്നിറങ്ങുകയാണ്.പഠിച്ച സ്‌കൂള്‍, പഠിപ്പിച്ച അധ്യാപകര്‍ കൂട്ടുകാര്‍ ഇ തൊക്കെ കടുംനിറങ്ങളിലുള്ള ചിത്രങ്ങള്‍ അല്ലാതെ എന്താവാന്‍?
എന്റെ ബാല്യം ഓര്‍ക്കുമ്പോള്‍ കണ്ണെത്താ ദൂരത്തോളം കിടക്കുന്ന പാടശേഖരവും കൈത്തോടു ക ളും തോട്ടിലൂടെ ഒഴുകി നടക്കുന്ന പരല്‍ മീനുകളുമാണ് മനസ്സിലെത്തുക. അമ്മയുടെ തറവാട്ടില്‍ നിന്നാണ് ഞാന്‍ സ്‌കൂളില്‍ പോയിരുന്നത്. അമ്മയും അതേ സ്‌കൂളിലെ ടീച്ചറായിരുന്നു.പാടത്ത് അന്ന് നെല്‍കൃഷിയായിരുന്നു.രണ്ട് മൂന്നു കുളങ്ങള്‍ ഉണ്ടായിരുന്നു പാടത്ത്.വേനല്‍ക്കാലത്ത് പച്ചക്കറിക്ക് നനക്കാനും ആളുകള്‍ കുളിക്കാനും വസ്ത്രം അലക്കാനും ഒക്കെ ആ കുളങ്ങള്‍ ഉപയോഗിച്ചിരുന്നു.
ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയും അമ്മയുടെ കൂടെയാണ് സ്‌കൂളില്‍ പോയിരുന്നത്. അന്നൊക്കെ ജൂണ്‍ ജൂലായ് മാസങ്ങളില്‍ അലച്ചെത്തുന്ന മഴയാവും.വഴുക്കലുള്ള പാടവരമ്പത്തുകൂടി അറ്റം കലായ ചാടിക്കടന്ന് തോട്ടിലെ പരല്‍മീന്‍ കുഞ്ഞുങ്ങളെ കാലുകൊണ്ട് തട്ടിക്കളിച്ച് പാടത്തെ വെള്ളത്തില്‍ തലപൊക്കി നില്‍ക്കുന്ന നീര്‍ക്കോലിക്കുഞ്ഞുങ്ങളെ യും തോട്ടിലെ ഞണ്ടിനെയും ആമയെയും വരെ കല്ലെടുത്തെറിഞ്ഞ് ചെളിവെള്ളം തട്ടിത്തെറിപ്പിച്ച് ഒരു പോക്കാണ്. അതിനിടയ്ക്ക് അമ്മയുടെ വഴക്ക് ഇഷ്ടം പോലെ കിട്ടും. കാരണം എന്റെ കളി കാരണം അമ്മയ്ക്കും സമയം വൈകുമല്ലോ.
തീര്‍ന്നില്ല. പോകുന്ന പോക്കില്‍ സ്ലേറ്റ് മായ്ക്കാനുള്ള മഷിത്തണ്ട് ,മാങ്ങാനാറി, കഞ്ഞുണ്ണി ഇവയെല്ലാം പറിച്ചെടുക്കണം.
കൂടാതെ ഉച്ചയ്ക്ക് ഉപ്പുമാവ് പൊതിഞ്ഞ് വാങ്ങാനുള്ള പൊടുണ്ണിയിലയും എടുക്കണം. ഇതൊക്കെ കുറച്ചധികം എടുക്കും. കൂട്ടുകാര്‍ക്കും കൊടുക്കണ്ടേ! ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയം. ആ കാലഘട്ടത്തില്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഗോതമ്പു കൊണ്ട് ഉണ്ടാക്കുന്ന ഉപ്പുമാവ് നല്‍കിയിരുന്നു. അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് ആ ആനുകൂല്യം ഇല്ലായിരുന്നു. ഉച്ചക്കഞ്ഞി പദ്ധതിയൊക്കെ നടപ്പിലായത് ഈയിടെയാണല്ലോ.
ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്ന് വരുന്ന കുറെ കുട്ടികള്‍ അന്ന് സ്‌കൂളില്‍ ഉണ്ടായിരുന്നു എന്ന യാഥാര്‍ത്ഥ്യമൊന്നും അറിയില്ലായിരുന്നു പലര്‍ക്കും .പ്രത്യേ കിച്ചും കുട്ടികള്‍ക്ക് .മുതിര്‍ന്നവര്‍ക്ക് അറിയാമായിരുന്നോ ആവോ.ഭക്ഷണം ഒരു നേരമെങ്കിലും കഴിക്കാനില്ലാത്ത അവസ്ഥ എത്ര ഭീകരമാണ്. ഈ സത്യം മനസ്സിലായത് കുറച്ചു കൂടി മുതിര്‍ന്നപ്പോഴാണ്.
ആഴ്ചയില്‍ ഒരുദിവസം ആണ് പിടിപിരിയഡ് ഉള്ളത് .പി ടി ഉള്ള ദിവസം ഭയങ്കര സന്തോഷം ആണ്.മഴക്കാലമാണെങ്കില്‍ മഴ നനഞ്ഞ് തന്നെ കളിക്കും. പടര്‍ന്ന് പന്തലിച്ച് കിടന്നിരുന്ന വാകമരച്ചുവട്ടില്‍ കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിലൂടെ ഓടിക്കളിക്കുക, കക്ക് (കളം വരച്ചുള്ള ഒരു പ്രത്യേക ഇനം കളി ) സാറ്റ് കളി (ഒളിച്ച് കളി ), കള്ളനും പോലീസും കളി, കുറുക്കനും കോഴിയും കളി ……. ഇങ്ങനെ ഒരു പാട് ഇനങ്ങള്‍….( ഇന്നത്തെ തലമുറക്ക് ഇതെല്ലാം അജ്ഞാതം)
രാവിലത്തെ നാലു പിരിയഡുകളില്‍ ഏതെങ്കിലും ഒരു പിരിയഡാണ് പിടിപിരിയഡ് എങ്കില്‍ തിരിച്ച് ക്ലാസിലെത്തി ,ഉച്ചഭക്ഷണ സമയത്ത് നോക്കുമ്പോള്‍ ഏതെങ്കിലും ഒരു കുട്ടിയുടെ ലഞ്ച് ബോക്‌സില്‍ ഭക്ഷണം കാണില്ല. ആരോ എടുത്ത് കഴിച്ച് പാത്രം അതുപോലെ അടച്ചു വച്ചിരിക്കും.
പല തവണ ഈ സംഭവം ആവര്‍ത്തിച്ചപ്പോള്‍ ക്ലാസ് ടീച്ചര്‍ക്കും വിഷമം ആയി.
ക്ലാസിന് മുന്നില്‍ പടര്‍ന്നു പന്തലിച്ച് കിടന്നിരുന്ന ഒരു മാവ് ഉണ്ടായിരുന്നു. ചില ദിവസം ഞങ്ങള്‍ കൂട്ടുകാര്‍ കളിക്കാന്‍ പോവാതെ ആ മരത്തിന്റെ കൊമ്പില്‍ കയറിയിരിക്കും. ഒരു ചില്ലയില്‍ നിന്ന് അടുത്ത ചില്ലയിലേക്ക് ചാടും. അങ്ങനെ കുട്ടിക്കരണം മറിയുന്നതിനിടയില്‍ ഒരു ദിവസം ക്ലാസിലെ ആരോടും അധികം സംസാരിക്കാത്ത ഒരു പെണ്‍കുട്ടി ക്ലാസിലേക്ക് കയറിപ്പോവുന്നത് എന്റെ കണ്ണില്‍ പെട്ടു. ഓറഞ്ച് നിറത്തിലുള്ള ഷര്‍ട്ടും കറുപ്പു നിറത്തിലുള്ള പാവാടയും ആയിരുന്നു വേഷം. ഒരു തമാശക്ക് ഞങ്ങളും പുറകെ ചെന്നു. ഞങ്ങളെയെല്ലാം അമ്പരപ്പിച്ചു കൊണ്ട് അവള്‍ഏതോ ഒരു ബാഗില്‍ നിന്ന് ലഞ്ച് ബോക്‌സ് എടുത്ത് തുറന്ന് ചുറ്റുപാടും ശ്രദ്ധിക്കാതെ ആര്‍ത്തിയില്‍ ചോറ് വായിലേക്കിടുന്നു. ഞങ്ങളെ കണ്ടതും അവളുടെ കൈ നിശ്ചലമായി.വാരിയെടുത്ത ചോറ് ആകൈകളില്‍ നിന്ന് ഊര്‍ന്നുവീണു. ആ കണ്ണുകളിലെ ദൈന്യത ഇന്നും എന്നെ വിടാതെ പിന്‍തുടരുന്നു.
ക്ലാസിലെ കുട്ടികളും അധ്യാപികയും എല്ലാം അറിഞ്ഞതിലുള്ള നാണക്കേടും അപമാനഭാരവും ഒക്കെ കൊണ്ടാവും എച്ചില്‍ കൈ പോലും കഴുകാതെ അന്നു മുഴുവന്‍ അവള്‍ ആ ഡസ്‌കില്‍ തല താഴ്ത്തിക്കിടന്നത്. ആ കിടപ്പ് ഇന്നും വേദനയോടെയേ ഓര്‍ക്കാന്‍ പറ്റുന്നുള്ളൂ.
എന്റെ സഹോദരീ, നിന്റെ പേര് പോലും എനിയ്ക്ക് ഓര്‍മ്മയില്ല എന്തായാലും മാപ്പ്. ‘നിന്റെ ജഢരാഗ്‌നിയുടെ ചൂട് മനസ്സിലാക്കാന്‍ അന്നെനിക്ക് സാധിച്ചില്ല. ഒരു നേരത്തെ ഭക്ഷണമെങ്കിലും പകുത്തുതരാനും സാധിച്ചില്ല. ദൈന്യമായ കണ്ണുകളും എണ്ണമയം ഒട്ടും ഇല്ലാത്ത പാറിപ്പറക്കുന്ന മുടിയിഴകളും വല്ലാതെ വേട്ടയാടുന്നു.
ഇന്ന് സര്‍ക്കാര്‍ നടപ്പിലാക്കിയ ഉച്ചക്കഞ്ഞിപദ്ധതി കുട്ടികള്‍ക്ക് വലിയൊരു അനുഗ്രഹം തന്നെയാണ്. വിഭവ സമൃദ്ധമായ ഭക്ഷണം തന്നെയാണ് സ്‌കൂളുകളില്‍ കൊടുത്തു വരുന്നത് .പട്ടിണി കിടന്ന് ഒരു കുട്ടി പോലും ക്ലാസില്‍ ഇരിക്കുന്നില്ല എന്നത് എത്ര ആശ്വാസജനകമാണ്.!
ഇന്നും എന്നില്‍ നീറ്റലുണ്ടാക്കുന്ന ഈ അനുഭവം നിങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കട്ടെ….. വല്ലാത്ത നൊമ്പരത്തോടെ………

 

You must be logged in to post a comment Login