വിശ്വാസ വോട്ടെടുപ്പിന് ശബ്ദവോട്ട് പാടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ ശബ്ദ വോട്ടെടുപ്പ് നടത്തരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. പര്‍ലമെന്റിലും മറ്റും ഭരണകക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളപ്പോള്‍ തീരുമാനങ്ങളെ അനുകൂലിക്കുന്നവര്‍ യെസ് എന്നും അല്ലാത്തവര്‍ നോ എന്നും പറഞ്ഞ ശേഷം താന്‍ കേട്ടത് എസ് എന്നാണെന്ന പ്രഖ്യാപനത്തോടെ സ്പീക്കര്‍ ഭരണകക്ഷിക്ക് അനുകൂല തീരുമാനമെടുക്കുന്ന രീതിയാണ് ശബ്ദ വോട്ടെടുപ്പ്.

എന്നാല്‍ ചെറിയ വ്യത്യാസം മാത്രമാണ് കക്ഷി നിലയിലുള്ളതെന്നതിനാലും കൂറുമാറി വോട്ട് ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നതടക്കമുള്ള കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാലും ശബ്ദവോട്ട് ഇന്ന് കര്‍ണ്ണാടക നിയമസഭയില്‍ നടത്താനാവില്ല. കെ.ജി ബൊപ്പയ്യ ഇത്തരത്തില്‍ ശബ്ദ വോട്ടെടുപ്പ് നടത്തി യെദ്യൂരപ്പയെ സഹായിക്കുമെന്ന ആശങ്കയിലാണ് ഇക്കാര്യം കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയിലെത്തിച്ചത്. ശബ്ദ വോട്ടെടുപ്പ് സുപ്രീം കോടതി വിലക്കി.

എല്ലാ നടപടികളും തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു. അംഗങ്ങളുടെ സത്യപ്രതിജ്ഞയും വിശ്വാസ വോട്ടെടുപ്പും അല്ലാതെ മറ്റൊരു നടപടിയും ഇന്ന് സഭയില്‍ നടത്തരുതെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടു. എന്നാല്‍ പ്രോടേം സ്പീക്കറെ മാറ്റണമെന്ന പ്രധാന തീരുമാനം കോടതി തള്ളിയത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി തന്നെയാണ്. കര്‍ണ്ണാടക നിയമസഭയില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

You must be logged in to post a comment Login