വിഷു വസന്തഋതു

ശ്രീകല ചിങ്ങോലി

കണികണ്ടുണരുന്ന നന്മ തന്നെയാണ് എക്കാലവും വിഷുവിനെ മറ്റാചാരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഒരു വര്‍ഷത്തെ ഫലമാണ്
ഒരു വിഷുക്കണിക്കാഴ്ച. അക്കാരണത്താല്‍ തന്നെ ഭൂമിയിലെ മംഗളവസ്തുക്കളെയെല്ലാം ഒന്നിച്ച് ഒരേ സ്ഥലത്ത് ഒരുക്കിക്കാണുന്ന കണി വിശ്വാസിയ്ക്ക് നന്മയും
സമൃദ്ധിയും പകരുന്നു. ‘വിഷുപ്പിറ്റേന്ന് വിതയെന്ന” പഴമൊഴി വിഷുവൊരു തികഞ്ഞ
കാര്‍ഷികോത്സവമാണെന്നുകൂടി കാട്ടിത്തരുന്നു. സമൃദ്ധിയുടെ അമൃതം ഭൂമിയില്‍ നിറയ്ക്കുന്ന
വിഷു കര്‍ഷകന്റെ കര്‍മ്മപൂജയുടെ തുടക്കം കുറിക്കുന്നു.

 

വിജയമങ്ങേക്കു വിഷുവമേ, ലോക-
ഭജനീയോത്സവതിലകമേ-
മഹിമ തിങ്ങുന്നോരവിടുത്തെ കാണ്‍മാന്‍
ബഹുലക്ഷം നേത്ര മുഴറുന്നു…
അതെ, വിഷുവിന്റെ കമനീയതയും സമൃദ്ധിയും സൗഭാഗ്യവും മതിയാവോളം കണ്ടുനിറയാന്‍ ഓരോ മലയാളിയും കൊതിയോടെയാണ് കണ്ണുതുറക്കുന്നത്. ഒരു വര്‍ഷത്തെ സൗഭാഗ്യവുമായെത്തുന്ന വിഷു കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും പല പേരുകളില്‍ ആഘോഷിക്കപ്പെടുന്നു.
രാവും പകലും തുല്യമായി വരുന്ന ‘വിഷുവ’ത്തില്‍ നിന്നാണ് ‘വിഷു’വുണ്ടായത്. തുല്യാവസ്ഥയെന്ന് ഇതിനര്‍ത്ഥം. സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്കു സംക്രമിക്കുന്ന സുദിനം കൂടിയാണ് വിഷു. പ്രാചീനചരിത്ര രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വിഷു അത്രയേറെ പ്രാധാന്യം അര്‍ഹിച്ചിരുന്നു. മഹോദയപുരത്തെ പ്രസിദ്ധനായ ചക്രവര്‍ത്തി ഭാസ്‌ക്കര രവിവര്‍മ്മന്റെ നാല്പത്തിയെട്ടാം ഭരണവര്‍ഷത്തില്‍ എഴുതപ്പെട്ട തൃക്കൊടിത്താനം ശാസനത്തില്‍ വിഷുവിനെ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ”കോപ്പാര്‍ക്കാര ഇരവി രവിവര്‍മ്മന്‍ തിരുവടിക്കു ചെല്ലാനിന്റ മാണ്ടൈക്കെതിരാമാണ്ട് നാല്പത്തെട്ടും യെന്റ തുലാത്തില്‍ വിയാഴന്‍ നിന്റ ചിത്തിര വിഴുവിന്‍നാള്‍” അപൂര്‍ണ്ണമായ ആ രേഖയില്‍ ചേര്‍ത്തിരിക്കുന്ന ”ചിത്തിര വിഴു” നമ്മുടെ കാര്‍ഷികോത്സവമായ ”വിഷു” തന്നെയാണ്. ‘ചിത്തിര വിഴുവിനു’ നടന്ന സംഭവത്തെക്കുറിച്ച് രേഖയില്‍ വിവരിച്ചിട്ടില്ല. മഹോദയപുരം തലസ്ഥാനമാക്കി എ. ഡി. 8-ാം ശതകം മുതല്‍ 12-ാം ശതകം വരെ കേരളം ഭരിച്ച കുലശേഖരചക്രവര്‍ത്തിമാരില്‍ പ്രധാനിയാണ് ഭാസ്‌ക്കര രവിവര്‍മ്മന്‍. അക്കാലത്തെ പല ശാസനങ്ങളും കേരളത്തിലെ പ്രധാനവിഷ്ണുക്ഷേത്രങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അതിനാല്‍ കുലശേഖരന്മാര്‍ വൈഷ്ണവ വിശ്വാസികളാണെന്നു കാണാം. ഇക്കാലത്ത് വൈഷ്ണവ വിശ്വാസവുമായി ബന്ധപ്പെട്ട വിഷുവിന് കേരളത്തില്‍ പ്രചുരപ്രചാരം കിട്ടി. എന്നാല്‍ അതിനുവളരെക്കാലം മുന്‍പു മുതലേ വിഷു കേരളത്തില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ചരിത്ര നിരീക്ഷകര്‍ ഇക്കാലത്തെ സ്ഥാണു രവിവര്‍മ്മയുടെ കാലഘട്ടവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. കേരളത്തിന്റെ സുവര്‍ണ്ണകാലഘട്ടമായിരുന്ന സ്ഥാണുരവിവര്‍മ്മയുടെ കാലത്താണ് ശാസ്ത്ര-സാങ്കേതിക-ഗണിതരംഗങ്ങളില്‍ കേരളം അത്യുന്നതങ്ങളില്‍ എത്തിയത്. ”ശങ്കരനാരായണീയം” എന്ന ഗണിതശാസ്ത്രഗ്രന്ഥത്തിന്റെ രചനയും ഇക്കാലത്താണ്. മഹോദയപുരത്തെ നക്ഷത്രബംഗ്ലാവും ജ്യോതിശാസ്ത്ര ഗവേഷണരംഗത്തെ പുരോഗതികളും വിലയിരുത്തുമ്പോള്‍ വിഷുവിന്റെ ജ്യോതിശാസ്ത്രപ്രാധാന്യം ഇക്കാലത്തേ കണ്ടറിഞ്ഞിരുന്നുവെന്നു വേണം കരുതാന്‍. എന്നാല്‍ വിഷവും ഓണവുമെല്ലാം ഇക്കാലത്തിനുമുമ്പേ കേരളത്തില്‍ ആഘോഷിക്കപ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്ന ചരിത്രരേഖകളും ഉണ്ടായിരുന്നുവെങ്കിലും അവയ്‌ക്കൊന്നും അടിസ്ഥാനപരമായ ആചാരരീതികളോ ചിട്ടകളോ അന്ന് കണ്ടുവന്നിരുന്നില്ല.
കണികണ്ടുണരുന്ന നന്മതന്നെയാണ് എക്കാലവും വിഷുവിനെ മറ്റാചാരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഒരു വര്‍ഷത്തെ ഫലമാണ് ഒരു വിഷുക്കണിക്കാഴ്ച. അക്കാരണത്താല്‍ തന്നെ ഭൂമിയിലെ മംഗളവസ്തുക്കളെയെല്ലാം ഒന്നിച്ച് ഒരേ സ്ഥലത്ത് ഒരുക്കിക്കാണുന്ന കണി വിശ്വാസിയ്ക്ക് നന്മയും സമൃദ്ധിയും പകരുന്നു. ചില ഔഷധഗുണങ്ങള്‍ ഉണ്ടെന്നതൊഴികെ കാര്യമായ മറ്റുപയോഗങ്ങളൊന്നും ഇല്ലാത്ത കൊന്നമരം ഏറ്റവും ഹൃദ്യവും ആകര്‍ഷകവും അനിവാര്യവുമാകുന്ന ദിനമാണ് വിഷു. കൊന്നപ്പൂവില്ലെങ്കില്‍ കണിയൊരുക്കിയിട്ടു കാര്യമില്ല. അടിമുടി മഞ്ഞക്കിങ്ങിണിതൂക്കി ഒരൊറ്റ ഇലയുമില്ലാതെ പൂത്തുലഞ്ഞുനില്‍ക്കുന്ന കൊന്നമരത്തെ ഒരു നിമിഷം നോക്കാതെ കടന്നുപോകാന്‍ അരസികന്മാര്‍ക്കു പോലും കഴിയില്ല. വിഷുക്കണി തലേദിവസം വൈകുന്നേരം തന്നെ ഒരുക്കുന്നതാണ് പതിവ്. സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന കണിവെള്ളരി, കുങ്കുമം, കണ്ണാടി, തേങ്ങ, പറയില്‍ നിറച്ച നെല്ല്, ഗ്രന്ഥം, സ്വര്‍ണ്ണാഭരണങ്ങള്‍, പഴുത്തമാങ്ങ, കൊന്നപൂവ്, മഞ്ഞനിറമുള്ള പഴങ്ങള്‍ എന്നീ വസ്തുക്കള്‍ സ്വര്‍ണ്ണംപോലെ തിളങ്ങുന്ന ഓട്ടുരുളയില്‍ നിറച്ചുവയ്ക്കും. അലക്കിയ കസവുപുടവയ്ക്കു മേല്‍ കൊന്നപൂവ് വിരിച്ചുവയ്ക്കും. അഴകോലുന്ന അമ്പാടി മണിവര്‍ണ്ണന്റെ പ്രതിമ ഇതിനുമുമ്പില്‍ സ്ഥാനം പിടിക്കും. വിഷുവിന്‍നാള്‍ പുലര്‍ച്ചെ വീട്ടിലെ മുതിര്‍ന്നയാള്‍ തേച്ചുമിനുക്കിയ നിലവിളക്കില്‍ ഏഴുതിരിയിട്ട് കത്തിക്കും. അതിനുശേഷം കുടുംബാംഗങ്ങളെയെല്ലാം വിളിച്ചുണര്‍ത്തി കണികാണിക്കും. പിന്നീട് കുടുംബനാഥന്‍ എല്ലാവര്‍ക്കും വിഷുകൈനീട്ടം നല്‍കും. പണ്ട് സ്വര്‍ണ്ണനാണയങ്ങളോ വെള്ളിനാണയങ്ങളോ ആണ് കൈനീട്ടമായി കൊടുത്തിരുന്നത്. പിന്നീട് അത് വെള്ളിത്തുട്ടുകളും നോട്ടുകളുമൊക്കയായി പരിണമിച്ചു. കുട്ടികള്‍ക്ക് ഏറെ സന്തോഷമുണ്ടാവുന്ന ഒന്നാണ് വിഷുകൈനീട്ടം ലഭിക്കുക എന്നത്. കുടുംബബന്ധങ്ങളുടെ മഹിമയും കരുതലിന്റെയും സ്‌നേഹത്തിന്റെയും സന്ദേശവും കൂടിയാണ് വിഷുക്കൈനീട്ടം നല്‍കലിന്റെ പിന്നിലുള്ളത്. ജീവിത ഭദ്രതയേയും മുതിര്‍ന്ന തലമുറയെ അംഗീകരിക്കലിന്റെയും രീതികളേയും വിഷു നമുക്ക് കാട്ടിത്തരുന്നു.
ജന്മിത്ത കാലത്തെ യജമാനന്‍- അടിയാളന്‍ ബന്ധങ്ങളുടെ ചില നല്ല വശങ്ങളെയും വിഷു ആചാരങ്ങള്‍ പ്രതീകവല്‍ക്കരിക്കുന്നുണ്ട്. അതായത് ഒരു വിഷുദിനത്തില്‍ ഒരു ജന്മിയുടെ കൃഷിസ്ഥലത്തെ വിളയുടെ ഉത്തരവാദിത്വവും കൃഷിയും ഏറ്റെടുത്താല്‍ തന്റെ സുഖം വെടിഞ്ഞ് ആ അടിയാളന്‍ കൃഷിപ്പണികളില്‍ മുഴുകി ഏറ്റവും നല്ല വിളവ് ഉടമയ്ക്ക് കാഴ്ചവയ്ക്കും. അതൊരു ബന്ധത്തിന്റെയും വിശ്വാസത്തിന്റെയും തുടര്‍ച്ചയാണ്. ഒരു സത്പ്രവൃത്തിക്കുള്ള ഉടമ്പടിയായി വിഷുദിനം അങ്ങനെയും പ്രാധാന്യമര്‍ഹിക്കുന്നു. കന്നിവിളയുടെ ഫലം ആ വര്‍ഷത്തെ ഫലസമൃദ്ധിയുടെ ഫലം കൂടിയാണ്. ഇതില്‍ ചതിവോ അലസതയോ പാടില്ല. അങ്ങനെ അധ്വാനത്തിന്റെ മഹത്വം കൂടി വിഷു പ്രഘോഷണം ചെയ്യുന്നു.
വിഷുവെന്നത് വിവിധദേവതകളുമായും സൂര്യദേവനുമായും ബന്ധപ്പെടുത്തി വിവിധ പ്രദേശങ്ങളില്‍ ആചരിക്കുമ്പോള്‍ കേരളീയര്‍ വൈഷ്ണവ വിശ്വാസത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. ഉണ്ണിക്കണ്ണനെ കണികാണുന്നതു തന്നെ അതിന്റെ അടിസ്ഥാന കാരണമാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാമുപരി ഇതൊരു കാര്‍ഷികോത്സവമാണ് ഭൂമിയുടെ ജന്മദിനമെന്നാണ് വിഷുവിനെ ചിലയിടങ്ങളില്‍ വിവക്ഷിക്കുന്നത്. വിഷുവിന് ഭൂമിയില്‍ കൊത്തുകയോ കിളക്കുകയോ ചെയ്യരുതെന്ന് ചിലര്‍ വിശ്വസിക്കുമ്പോള്‍ ചില ദേശങ്ങളില്‍ കന്നിവിളയെ അനുസ്മരിപ്പിച്ചുകൊണ്ട് വിഷു പുലര്‍ച്ചെ കണി കണ്ടതിനുശേഷം കൈക്കോട്ടുകൊണ്ട് മണ്ണില്‍ മൂന്നുപ്രാവശ്യം കൊത്തുന്ന പതിവ് നിലനിര്‍ത്തുന്നു. ഇത് പരസ്പര വിരുദ്ധമായ വിശ്വാസങ്ങളാണെങ്കിലും കൃഷിയോടും ഭൂമിയോടും പ്രകൃതിയോടുമുള്ള ആദരവും അടുപ്പവും ഇത് വ്യക്തമാക്കുന്നു. ”വിഷുപ്പിറ്റേന്ന് വിതയെന്ന” പഴമൊഴി വിഷുവൊരു തികഞ്ഞ കാര്‍ഷികോത്സവമാണെന്നു കാട്ടിത്തരുന്നു. വിഷുദിവസം പ്രാതലിനും ഉച്ചഭക്ഷണത്തിനും നാലുമണിപ്പലഹാരത്തിനുമെല്ലാം ഭൂമിയില്‍ നിന്ന് (വയലില്‍ നിന്ന്) കിട്ടിയ വിളകളാണ് കൂടുതലും ഉപയോഗിക്കുന്നത്. പുന്നെല്ലരി വേവിച്ച കഞ്ഞിയില്‍ തേങ്ങപാല്‍ ചേര്‍ത്ത് വിഷുക്കഞ്ഞി തയ്യാറാക്കുന്നു. വാഴയിലയില്‍ അടയും നേന്ത്രക്കായ പഴുത്തത് നുറുക്കി ശര്‍ക്കര ചേര്‍ത്ത് പുഴുങ്ങിയതും രാവിലത്തെ വിഷു വിഭവങ്ങളാണ്.
കണിവയ്ക്കാനെടുത്ത പഴുത്ത മാമ്പഴവും വെള്ളരിക്കയും ചേര്‍ത്ത മാമ്പഴ പുളിശ്ശേരിയും വിളഞ്ഞ ചക്ക കൊണ്ടുണ്ടാക്കിയ എരിശ്ശേരിയും ഇന്നും പഴയ തലമുറ ഗൃഹാതുരതയോടെ, കൊതിയോടെ ഒര്‍മ്മിക്കുന്നുണ്ടാവണം. വിളവെത്താത്ത ചെറിയ ചക്കയുടെ തോരന്‍ (ഇടിച്ചക്ക), പഴുത്ത നേന്ത്രക്കായ കാളന്‍, ചക്കയും മുരിങ്ങക്കയും ചേര്‍ത്ത അവിയല്‍, വിഷുപ്പുഴുക്ക്, ചക്ക പ്രഥമന്‍ ചക്കയട എന്നിങ്ങനെ മുഴുവന്‍ വിഭവങ്ങളും പറമ്പിലെ കായ്കനികളാല്‍ ഉണ്ടാക്കുന്നു. ചക്കയടയും ചക്ക വറുത്തതുമാണ് അന്നത്തെ നാലുമണി പലഹാരം, ഇങ്ങനെ കാര്‍ഷിക വിഭവങ്ങള്‍ നമ്മുടെ ജീവിതത്തിന് ഉത്തമവും അനിവാര്യവുമെന്ന് കാട്ടിത്തരുന്ന കാര്‍ഷികോത്സവം തന്നെയാണ് വിഷു. ” കള്ളന്‍ ചക്കേട്ടു, വിത്തും കൈക്കോട്ടും, അച്ഛന്‍ കൊമ്പത്ത്, അമ്മ വരമ്പത്ത്, ചക്കയ്ക്കുപ്പുണ്ടോ?” എന്നിങ്ങനെ വിഷുപക്ഷിയുടെ പാട്ടുപോലും ഈ ചോദ്യങ്ങളായാണ് വിവക്ഷിക്കപ്പെടുന്നത്.
പഴയകാലത്ത് ഉഴവിടല്‍ എന്നൊരു ചടങ്ങുണ്ടായിരുന്നു. അതൊരു പ്രത്യേക തരം കൃഷിരീതിയായിരുന്നു. കാടും പടലും വെട്ടിത്തെളിച്ച് തീയിടും, തീ കെട്ടടങ്ങി മണ്ണാറുമ്പോള്‍ മണ്ണ് ഉഴും. ഇതാണ് ഉഴവിടല്‍. അതിനുശേഷം വിളയിറക്കും ഇത് നടത്തിയിരുന്നത് മേടമാസത്തിലാണ്. മേടം ഒന്നാണ് വിഷു. അപ്പോഴും വിഷുവിനെ കൃഷി ഭൂമിയുമായും കൃഷിയുമായാണ് ബന്ധം. ഇന്ന് നാം വയലായ വയലുകളൊക്കെ നികത്തി കെട്ടിടങ്ങളും ഫാക്ടറികളും പണിതുയര്‍ത്തുകയും കൃഷിഭൂമിയെയും കൃഷിയെയും പാടെ മറക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ തന്നെ വിഷുവാചാരങ്ങള്‍ക്കും മങ്ങലേറ്റിരിക്കുന്നു.
നമ്മുടെ മറ്റാചാരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ദൈവികവും മതപരവുമായ ചടങ്ങുകളേക്കാളുപരി പ്രകൃതിയെ, ജ്യോതി ശാസ്ത്രത്തെ സൂര്യനെ ഗാഢമായി കൂടെകൂട്ടുന്ന വിഷു എന്തുകൊണ്ടും പ്രത്യേകതയര്‍ഹിക്കുന്നു. മലയാളിക്ക് ഗൃഹാതുരത്വം പകരുന്ന വസന്തഋതുവാണിത്. മേടവിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയോട് വളരെ അടുക്കുന്നു. അതിനാല്‍ തന്നെ ഭൂമിയുടെ വീര്യവും ഉല്പാദനക്ഷമതയും ഇക്കാലത്ത് വര്‍ദ്ധിക്കുന്നു.
സമൃദ്ധിയുടെ അമൃതം ഭൂമിയില്‍ നിറയ്ക്കുന്ന വിഷു കര്‍ഷകന്റെ കര്‍മ്മ പൂജയുടെ തുടക്കം കുറിക്കുന്നു. കര്‍മ്മയോഗ സിദ്ധാന്തത്തിന്റെ തുയിലുണര്‍ത്തുപാട്ടാണ് വിഷുക്കിളിയുടെ പാട്ട്. വിഷുവിന്റെ ആഗമനം അറിയിച്ച് മീനക്കൊടും വെയിലിനെ വകഞ്ഞ് ഒരു പുതുമഴയുടെ മണിമുത്തുകള്‍ മണ്ണില്‍ വിതറിയാണ് മേടമെത്തുക. വെയിലാലസ്യത്തില്‍ മയങ്ങിയ വള്ളികളും ചെടികളും പുളകിതഗാത്രരായി പച്ചകുടചൂടി, പൂമൊട്ടുകള്‍ വിരിയിച്ച്, പക്വഫലങ്ങള്‍ നിരത്തി വിഷുവിനെ വരവേല്‍ക്കുന്നു. സൗന്ദര്യത്തിന്റെ മൂര്‍ത്തിമദ്ഭാവമായി കൊന്നകള്‍ പൊന്നലുക്കുകള്‍ തൂക്കി വിരിഞ്ഞാടുന്നു. കലാസുഭഗതയുടെയും സൗകുമാര്യതയുടേയും ഉത്സവം കൂടിയാണ് വിഷു. സര്‍വ്വദേവതാനുഗ്രവും ഉര്‍വ്വരതയുടെ സാക്ഷാല്‍ക്കാരവും വിഷു വിളംബരം ചെയ്യുന്നു ആചാരനിറവും കാര്‍ഷികപുഷ്ടിയും നമ്മെ ഊര്‍ജ്ജസ്വലരാക്കുന്നു. സ്വയം പര്യാപ്തതയുടേയും അതിജീവനത്തിന്റെയും കരുതലിന്റെയും കര്‍ണ്ണികാര പുഷ്പങ്ങള്‍ വിരിയിച്ച് ഗ്രാമ നന്മയെ കുടിയിരുത്തി വിഷു വീണ്ടും വരട്ടെ..മനം നിറഞ്ഞ് വിഷു പക്ഷി വീണ്ടും പാടട്ടെ. എല്ലാ ആസുരതകളേയും മറികടന്ന് നമ്മില്‍ ദേവചൈതന്യം നിലകൊള്ളട്ടെ- നന്മയും നിറവും വീണ്ടും വിഷു സന്ദേശമാകട്ടെ.

You must be logged in to post a comment Login