വിഹിതം പങ്കുവെയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ക്രിസ്മസ് റിലീസുകള്‍ മാറ്റി

കൊച്ചി: ക്രിസ്മസിന് സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. തീയറ്ററുകളില്‍ നിന്നുള്ള വിഹിതം പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് റിലീസുകള്‍ വേണ്ടെന്ന് വെയ്ക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം.

സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ നിന്നുള്ള വിഹിതത്തിന്റെ പകുതി വേണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നിലപാട് സ്വീകരിച്ചതോടെയാണ് തര്‍ക്കം രൂപപ്പെട്ടത്. തിയറ്റര്‍ വിഹിതം നിലവിലുള്ള അതേ വ്യവസ്ഥയില്‍ തുടരണമെന്നാവശ്യപ്പെട്ട് തിയറ്റര്‍ ഉടമകളുടെ സംഘടനയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തിയറ്റര്‍ ഉടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്. അതേസമയം തിയറ്റര്‍ ഉടമകളുടെ ആവശ്യം പരിഗണിക്കുന്ന നിര്‍മാതാക്കളുമായി സഹകരിക്കാനാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനം.

മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജ് നായകനാകുന്ന എസ്ര, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവയാണ് പ്രധാന ക്രിസ്മസ് റിലീസുകള്‍.

You must be logged in to post a comment Login