വീണ്ടും ആ വാകമരച്ചുവട്ടിലേക്ക് നവതിയിലെത്തിയ കൊച്ചുസ്‌കൂള്‍

പുഷ്പ ബേബി തോമസ്

1930 ജൂലൈ 15ന് ഈസ്റ്റ് മദാമ്മ ആരംഭിച്ച ബേക്കര്‍ മെമ്മോറിയല്‍ കിന്‍ഡര്‍ ഗാര്‍ട്ടന്‍ സ്‌കൂളാണ് നവതിയിലെത്തിനില്‍ക്കുന്ന കൊച്ചുസ്‌കൂള്‍. അധ്യാപികമാരെ കൊച്ചമ്മമാര്‍ എന്നുവിളിക്കുന്ന ഗൃഹാന്തരീക്ഷമാണ് ഇവിടെ

അക്ഷരനഗരിയായ കോട്ടയത്തിന് ആ പേര് ലഭിക്കാന്‍ കാരണങ്ങളേറെ. ബെഞ്ചമിന്‍ ബെയ്‌ലി ആദ്യ മലയാള അച്ചുകൂടം സ്ഥാപിച്ച സ്ഥലം. പത്രമുത്തശ്ശിമാര്‍ ജനിച്ചുവീണ ഇടം. കേരളത്തിലെ ആദ്യത്തെ കലാലയം സ്ഥാപിച്ച പട്ടണം. തെക്കേ ഇന്ത്യയിലെ ആദ്യത്തെ പെണ്‍പള്ളിക്കൂടം ആരംഭിച്ച സ്ഥലം. ആദ്യ കിന്റര്‍ ഗാര്‍ട്ടന്‍ സ്‌കൂള്‍ തുടങ്ങിയ സ്ഥലം.
ഇന്നിപ്പോള്‍ സ്‌കൂള്‍-കോളേജ്-പത്ര-മാസിക-റേഡിയോ-ടിവി കേന്ദ്രങ്ങളാല്‍ നിറഞ്ഞു നില്‍ക്കുകയാണ് കോട്ടയം. അവിടെ 1930 ജൂലൈ 15-ാം തീയതി മിസ്. ഈസ്റ്റ് മദാമ്മ ആരംഭിച്ച ഇന്ന് നവതിയില്‍ എത്തിനില്‍ക്കുന്ന കൊച്ചു സ്‌കൂള്‍ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ബേക്കര്‍ മെമ്മോറിയല്‍ കിന്റര്‍ ഗാര്‍ട്ടന്‍ സ്‌കൂള്‍ (ഇപ്പോള്‍ ബേക്കര്‍ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍) പല കാര്യങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്ന വിദ്യാലയമാണ്.
ചര്‍ച്ച് മിഷനറി സൊസൈറ്റിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് മിസ്. ഈസ്റ്റ് മദാമ്മ കോട്ടയത്ത് എത്തിയത്. അവര്‍ക്ക് ലഭിച്ച ദര്‍ശനമാണ് കൊച്ചുസ്‌കൂളായി മാറിയത്. അതിനവര്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നു. തന്റെ സ്വപ്‌നസാക്ഷാത്കാരത്തിനായി ലണ്ടനിലെ റേച്ചല്‍ മാക്മില്ലന്‍ ട്രെയിനിംഗ് സെന്ററില്‍ പോയി ടീച്ചേഴ്‌സ് ട്രെയിനിംഗ് പൂര്‍ത്തിയാക്കി ഇവിടെ എത്തി. അഞ്ചാറ് വയസ്സുവരെ കളിച്ചു നടന്ന് പിന്നീട് നിലത്തെഴുത്ത് കളരിയില്‍ വിദ്യാഭ്യാസം തുടങ്ങുന്ന രീതിയായിരുന്നു നമ്മുടേത്. അവിടെയാണ് പാട്ടും കളികളുമായി മദാമ്മ എത്തുന്നത്.

സ്‌കൂള്‍ ആരംഭിക്കുവാനുള്ള കെട്ടിടത്തിനായി കോട്ടയം ചാലുകുന്നിനടുത്തുള്ള ചെട്ടിത്തെരുവിലെ, തന്റെ വീട് നല്‍കാന്‍ കോരയച്ചന്‍ തയ്യാറായി. അങ്ങനെ 1930 ജൂലൈ 15-ാം തീയതി 15 കുട്ടികളുമായി അദ്ധ്യയനം ആരംഭിച്ചു. രണ്ട് കിന്റര്‍ ഗാര്‍ട്ടന്‍ ക്ലാസ്സുകളും, ഒന്നും രണ്ടും ക്ലാസുകളുമാണ് അന്ന് തുടങ്ങിയത്. നാട്ടുകാരിയായ ക്രിസ്റ്റീന്‍ ജോണി ഹെഡ്മിസ്ട്രസ് ആയി ചുമതല ഏറ്റു. മറിയം സാമുവേല്‍ സ്‌കൂളിനുവേണ്ടി സിലബസ് തയ്യാറാക്കുകയും അതിനനുസരിച്ച് അദ്ധ്യയനം നടത്താനും തുടങ്ങി.

ഏറെ പ്രത്യേകതകള്‍ നിറഞ്ഞ പാഠ്യരീതിയും, അന്തരീക്ഷവുമാണ് കൊച്ചുസ്‌കൂളില്‍. വീട്ടില്‍ നിന്ന് അകന്ന് മറ്റൊരു വീട്, അതായിരുന്നു മിസ് ഈസ്റ്റ് മദാമയുടെ സ്വപ്‌നം. ബാല്യത്തിന്റെ ആദ്യദിനങ്ങളില്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്ന കുഞ്ഞുങ്ങള്‍..അവര്‍ക്ക് അമ്മയുടെ സ്‌നേഹം അനുഭവിച്ച് മതിയായിട്ടുണ്ടാവില്ല, കൊതി മാറിയിട്ടുണ്ടാവില്ല. പക്ഷേ, അമ്മയ്ക്ക് പകരം ആവില്ല മറ്റാരും. എന്നാല്‍ അമ്മയെപ്പോലെ തന്നെ കുഞ്ഞുങ്ങള്‍ക്ക് വാത്സല്യം പകരാന്‍ കഴിയുന്നവരാണ് അമ്മയുടെ സഹോദരിമാര്‍, കൊച്ചമ്മമാര്‍. കുട്ടികള്‍ക്ക് കൊച്ചമ്മമാര്‍ ആവണം അദ്ധ്യാപികമാര്‍ എന്നായിരുന്നു മിസ് ഈസ്റ്റിന്റെ ആഗ്രഹം. അതിനാല്‍ കുട്ടികള്‍ അദ്ധ്യാപികമാരെ കൊച്ചമ്മമാര്‍ എന്നാണ് അന്നുമുതല്‍ ഇന്നുവരെയും വിളിക്കുന്നത്. ബഹുമാനത്തിനപ്പുറം ഒരു വാത്സല്യത്തിന്റെയും അടുപ്പത്തിന്റെയും മാധുര്യം ആ വിളിയില്‍ നിറഞ്ഞു നില്‍ക്കുന്നു.

പാട്ടിനും കളികള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടുള്ള ബോധനരീതി. സര്‍ഗവാസനകള്‍ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കുന്നതിനും സഹായകമായ പാഠഭാഗങ്ങള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗാനം, തയ്യല്‍, ക്രാഫ്റ്റ്, ചിത്രരചന, കലാ-കായിക പരിശീലനം എന്നിവ, കഴിവുകള്‍ കണ്ടെത്തുന്നതിനോടൊപ്പം വിശ്രമവേളകള്‍ പ്രയോജനപ്രദമായി വിനിയോഗിക്കാനുള്ള തിരിച്ചറിവ് നല്‍കല്‍ കൂടിയായിരുന്നു.
ഭംഗിയും, വെടിപ്പുമുള്ള അക്ഷരങ്ങള്‍, പാഠപുസ്തകങ്ങള്‍ ഭംഗിയായി സൂക്ഷിക്കുക, അടുക്കും, ചിട്ടയോടും കൂടി കാര്യങ്ങള്‍ ചെയ്യുക, ശരീരവും, വസ്ത്രങ്ങളും വൃത്തിയായി സൂക്ഷിക്കുക, സംസാരത്തിലും പെരുമാറ്റത്തിലും പാലിക്കേണ്ട മര്യാദകള്‍..തുടങ്ങി ഏറെ ജീവിതപാഠങ്ങള്‍ കൊച്ചമ്മമാര്‍ പകര്‍ന്ന് നല്‍കി പോന്നു. മാതൃകാ ജീവിതമായിരുന്നു അവരുടേത്. ലളിത ജീവിതവും, മാന്യമായ പെരുമാറ്റവും, വാത്സല്യപൂര്‍വ്വമായ ഇടപെടലും കൊണ്ട് കുട്ടികളുടെ മനസ്സില്‍ അവര്‍ക്കുള്ള സ്ഥാനം വലുതാണ്. കുട്ടികളുടെ മാത്രമല്ല; മാതാപിതാക്കളുടേയും.
എന്നും രാവിലെ എല്ലാവരും ഹാളില്‍ ഒന്നിച്ചുകൂടി ‘നീലമണി’യിലെ പാട്ട് പാടി പ്രാര്‍ത്ഥിച്ച ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കുക. ‘നീലമണികള്‍’ എന്ന പാട്ടുപുസ്തകത്തിലെ പാട്ടുകള്‍ ഈ കാലയളവില്‍ മനഃപാഠമായിത്തീരും കുഞ്ഞുങ്ങള്‍ക്ക്. വേദപാഠ ക്ലാസ്സ് ആണ് ആദ്യം. അതിന് ശേഷം മറ്റു വിഷയങ്ങളിലേക്ക് കടക്കും. ബുധനാഴ്ചകളിലെ സ്‌തോത്രകാഴ്ച മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു.

ഉച്ചഭക്ഷണത്തിന് എല്ലാവരും ഒന്നിച്ച് ഊട്ടുമുറിയില്‍ ഒത്തുകൂടും. ആഹാരം തന്ന ദൈവത്തിന് പാട്ടുപാടി നന്ദി അര്‍പ്പിച്ച ശേഷമാണ് ഭക്ഷണം കഴിച്ചിരുന്നത്.
കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് ഉറക്കം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ മിസ് ഈസ്റ്റ് ഒന്നാം ക്ലാസ് വരെ ഉച്ചവരെയാണ് പഠനം നടത്തിയിരുന്നത്. താത്പര്യമുള്ളവര്‍ക്ക് വീട്ടില്‍ പോകാം. മറ്റുകുട്ടികള്‍ ഉച്ചകഴിഞ്ഞ് ഉറങ്ങിയും, കളിച്ചും ചെലവഴിക്കും. 2,3,4 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഉച്ചകഴിഞ്ഞ് ഒരു മണിക്കൂര്‍ സമയം ഉറങ്ങാനുള്ളതാണ്. സുശക്തമായ നേതൃത്വവും, ആത്മാര്‍ത്ഥതയുമുള്ള അധ്യാപികമാരും ആണ് സ്‌കൂളിന്റെ ഉയര്‍ച്ചയ്ക്ക് അടിസ്ഥാനം. 1932 ല്‍ ക്രിസ്റ്റീന്‍ ജോണി കൊച്ചമ്മ ചുമതല ഒഴിഞ്ഞ ശേഷം അന്നാമ്മ കൊച്ചമ്മ(1932-33), അച്ചാമ്മ മത്തായി (1933-36), ഏലി വര്‍ക്കി എന്ന തങ്കമ്മ കൊച്ചമ്മ(1936-75) എസ്‌തേര്‍ എബ്രഹാം, മറിയാമ്മ എബ്രഹാം, പി.എസ്.മേരിക്കുട്ടി, എം.സി.സാറാമ്മ, ഗ്രേസിക്കുട്ടി, രാജമ്മ കൊച്ചമ്മ, മിസ് പോള്‍(തങ്കു കൊച്ചമ്മ), സാറാമ്മ ജോര്‍ജ്ജ് എന്നിവരായിരുന്നു കൊച്ചു സ്‌കൂളിനെ നയിച്ചവര്‍. മേഴ്‌സി കൊച്ചമ്മ എന്നു വിളിക്കുന്ന മറിയാമ്മ ഉമ്മന്‍ ആണ് ഹെഡ്മിസ്ട്രസ്സ്.
തങ്കമ്മ കൊച്ചമ്മ എന്നു വിളിച്ചിരുന്ന ഏലി വര്‍ക്കി നേതൃത്വം നല്‍കിയ 39 വര്‍ഷങ്ങള്‍ കൊച്ചുസ്‌കൂളിന്റെ സുവര്‍ണ്ണകാലം എന്നു പറയാം. ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപിക ജോലി രാജിവച്ചാണ് കൊച്ചുസ്‌കൂളിലെ അധ്യാപികയായി എത്തുന്നത്. ഇന്നു കാണുന്ന സ്‌കൂള്‍ കെട്ടിടം തങ്കമ്മ കൊച്ചമ്മയുടെ ശ്രമഫലമായി പണികഴിപ്പിച്ചതാണ്. 1938ല്‍ സ്‌കൂള്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥലത്തേക്ക് മാറി പ്രവര്‍ത്തിച്ചുതുടങ്ങി. കിന്റര്‍ ഗാര്‍ട്ടന്‍ സ്‌കൂളിലേക്ക് വേണ്ട അധ്യാപികമാര്‍ക്ക് പരിശീലനം നല്‍കാന്‍ നേഴ്‌സറി ട്രെയിനിംഗ് സ്‌കൂളും അക്കാലത്ത് തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
1931ല്‍ അധ്യാപികമാര്‍ക്കും, ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും താമസിക്കാനായി ബോര്‍ഡിംഗ് ആരംഭിച്ചു. സുശക്തമായ ഒരു അധ്യാപക-രക്ഷകര്‍ത്തൃസംഘടനയും സ്‌കൂളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി എന്നും ഉണ്ട്.
വാകപ്പൂക്കള്‍ പൂക്കുട വിരിച്ചു പിടിച്ച് വരവേല്‍ക്കുന്ന ജൂണും, ജക്കരാത്ത പൂത്തുലഞ്ഞു നില്‍ക്കുന്ന മാര്‍ച്ചും ഈ വിദ്യാലയസ്മരണകളില്‍ ഓരോ കുട്ടിയുടെയും മനസ്സിലുണ്ടാവും. നഖപ്പൂക്കള്‍ (വാകപ്പൂമൊട്ട്) കൊണ്ട് നഖമുണ്ടാക്കി കളിക്കാനും, ഞൊട്ടപ്പൂവ് (ജക്കരാത്ത) നെറ്റിയില്‍ അടിച്ചു ഞൊട്ട വിടാനും, കൊച്ചമ്മമാരുടടെ സാരിത്തുമ്പില്‍ അവരറിയാതെ ഒന്നുതൊടാനും ‘നീലമണി’യിലെ പാട്ടുകള്‍ ഒന്നുറക്കെ പാടാനും, നീലയും, വെള്ളയും നിറമുള്ള ശലഭമായി ആ തിരുമുറ്റത്തിലൂടെ ഒന്നുകൂടി പാറിപ്പറക്കാനും കൊതിച്ചുകൊണ്ട് നവതി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ജൂലൈ 13ന് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ എത്തിച്ചേരാന്‍ കാത്തിരിക്കുകയാണ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍. അവരെ വരവേല്‍ക്കാന്‍ നവതി ശോഭയോടെ കാത്തിരിക്കുന്ന കൊച്ചുസ്‌കൂളും…

 

You must be logged in to post a comment Login