വീണ്ടും ക്രൂരത; മഹാരാഷ്ട്രയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

മഹാരാഷ്ട്രയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. നാഗ്പൂരിലെ കമലേശ്വർ മേഖലയിലാണ് ക്രൂരത അരങ്ങേറിയത്. സംഭവത്തിൽ 32 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകിട്ടോടെ പെൺകുട്ടിയെ കാണാതായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിൽ ഞായറാഴ്ച വൈകിട്ടോടെ വയലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ബലാത്സംഗ ശ്രമത്തിനിടെ തലയ്ക്ക് പിന്നിലേറ്റ ഗുരുതര പരുക്കാണ് ബാലികയുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ അക്രമികൾ കത്തിച്ചത് കഴിഞ്ഞ ദിവസമാണ്. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടി പിന്നീട് ആശുപത്രിയിൽ മരിച്ചു. ഉന്നാവിൽ തന്നെ മൂന്ന് വയസുകാരി പീഡനത്തിനിരയായതും ദിവസങ്ങൾക്ക് മുൻപാണ്. ബലാത്സംഗ പരാതി പിൻവലിക്കാൻ വിസമ്മതിച്ച പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടന്നതും നടുക്കത്തോടെയാണ് രാജ്യം കേട്ടത്. ഇതിനിടെ കേരളത്തിൽ വിവിധയിടങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിനിരയായ വാർത്തകളും പുറത്തുവന്നു.

You must be logged in to post a comment Login