വീണ്ടും ചാട്ടം; എപി അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരും

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ എപി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്. ചൊവ്വാഴ്ച രാവിലെ ഔദ്യോഗികമായി അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിക്കും. ന്യൂഡല്‍ഹിയിലെ ബിജെപിയുടെ പാർലമെന്‍ററി പാർട്ടി ഓഫീസിലെത്തിയാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിക്കുകയെന്നാണ് വിവരം.

അതേസമയം അബ്ദുള്ളക്കുട്ടി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയിൽ ചേരാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തി. പ്രധാനമന്ത്രിയെ കണ്ട ശേഷം അമിത് ഷായുമായും അബ്ദുള്ളക്കുട്ടി ആശയവിനിമയം നടത്തിയിരുന്നു.

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട അദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നേക്കുമെന്ന് മുമ്പ് തന്നെ സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നിരുന്നു. പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ഫേസ്ബുക് പോസ്റ്റ് ഇട്ടതിനാണ് കോൺഗ്രസ് അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്. നേരത്തെ പ്രധാനമന്ത്രിയുടെ ഗുജറാത്ത് വികസനത്തെ കുറിച്ച് പ്രശംസിച്ച് സംസാരിച്ചതിന് സിപിഎം പാർട്ടിയിൽ നിന്ന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് പ്രവേശനം.

യോഗാദിനം ആഘോഷിച്ചതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പ്രധാനമന്ത്രിയോട് പറഞ്ഞെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. പ്രധാനമന്ത്രി അതിൽ സന്തോഷം പ്രകടിപ്പിച്ചെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അതേസമയം, അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വരുന്നതിൽ സന്തോഷം മാത്രമേയുള്ളുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ വ്യക്തമാക്കി.

You must be logged in to post a comment Login