വീണ്ടും വിജയം കൊയ്യാന്‍ സെനോണുമായി ടാറ്റ

ഇന്ത്യയിലെ മുന്‍നിര വാഹനനിര്‍മാതാക്കളായ ടാറ്റ തങ്ങളുടെ പുതുക്കിയ സെനോണ്‍ പിക്അപ്പ് വാഹനവുമായി വിപണിയിലേക്ക്. സെനോണ്‍ യോദ്ധ എന്നായിരിക്കും ഈ ഫേസ് ലിഫ്റ്റ് പതിപ്പിന്റെ പേര്. പിക് അപ്പിന്റെ അകത്തും പുറത്തും പുതിയ പരിഷ്‌കാരത്തോടെയാണ് സൈനോണിന്റെ അവതരണം. ഇതിനോടകം പുതുക്കിയ സെനോണിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിക്കപ്പെട്ടു കഴിഞ്ഞു.

പുതുക്കിയ ഫ്രണ്ട് ബംബര്‍, ടെയില്‍ലാമ്പ് എന്നിവയും ക്രോം ഉള്‍പ്പെടുത്തിയിട്ടുള്ള ഗ്രില്‍ തുടങ്ങിയ മാറ്റങ്ങളാണ് വാഹനത്തിന്റെ പുറമെ കാണുക. വളരെ ചെറിയ മാറ്റങ്ങളാണ് അകത്ത് വരുത്തിയിട്ടുള്ളത്. ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടുത്തി എന്നല്ലാതെ മറ്റു മാറ്റങ്ങളൊന്നുമില്ല.

2.2ലിറ്റര്‍ വാരികോര്‍ 400 ഡീസല്‍ എന്‍ജിനാണ് സെനോണ്‍ യോദ്ധയ്ക്ക് കരുത്തേകുന്നത്. 154ബിഎച്ച്പിയും 400എന്‍എം ടോര്‍ക്കുമാണ് ഇത് ഉല്പാദിപ്പിക്കുന്നത്. സഫാരി സ്‌ട്രോമിലും പുറത്തിറങ്ങാനിരിക്കുന്ന ഹെക്‌സയിലും ഇതേ എന്‍ജിനാണ് ഉപയോഗിച്ചിട്ടുള്ളത്. ചക്രങ്ങളുടെ വേഗത കൂട്ടാന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും അതോടൊപ്പം ഫോര്‍വീല്‍ ഡ്രൈവും ഓപ്ഷണലായി നല്‍കിയിട്ടുണ്ട്.

പഴയ സെനോണിന്റെ വില എക്‌സ്‌ഷോറൂം 9.96ലക്ഷം രൂപയായിരുന്നു. ഇതിനേക്കാള്‍ 20,000 രൂപ മുതല്‍ 30,000രൂപ വരെ വിലക്കൂടതല്‍ പുതിയ സെനോണ്‍ യോദ്ധയ്ക്ക് പ്രതീക്ഷിക്കാം. പിക് അപ് ട്രക്ക് സെഗ്മെന്റില്‍ ഇസൂസുവിന്റെ ഡി മാക്‌സ് വി ക്രോസുമായിട്ടായിരിക്കും ടാറ്റ സെനോണ്‍ യോദ്ധയ്ക്ക് ഏറ്റുമുട്ടേണ്ടതായി വരിക.

You must be logged in to post a comment Login