വീരേന്ദര്‍ സേവാഗ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു

 

ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ പതിപ്പായ ട്വന്റി-10 ക്രിക്കറ്റ് ലീഗിന് തുടക്കമായി. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ പാക് താരം സര്‍ഫറാസ് അഹമ്മദ് നയിക്കുന്ന ബംഗാള്‍ ടൈഗേഴ്‌സ് ഇയാന്‍ മോര്‍ഗന്റെ കേരളാ കിങ്‌സിനെ നേരിടും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വിരേന്ദര്‍ സേവാഗ് ക്രീസില്‍ തിരിച്ചെത്തുന്നു എന്നതാണ് ലീഗിന്റെ മറ്റൊരു പ്രത്യേകത. മറാത്ത അറേബ്യന്‍സ് ടീമിന് വേണ്ടിയാണ് ലീഗില്‍ സെവാഗ് പാഡ് അണിയുന്നത്. ടീമിന്റെ ക്യാപ്റ്റനും സേവാഗ് തന്നെയാണ്.

ഫുട്ബാളിലേതിന് സമാനമായി 90 മിനിറ്റുകള്‍ കൊണ്ട് അവസാനിക്കുന്ന മത്സരങ്ങളാണ് ട്വന്റി-20 ലീഗിന്റെ പ്രത്യേകത. പത്ത് ഓവര്‍ വീതമുള്ള ഓരോ ഇന്നിങ്‌സുകളായാണ് മത്സരം നടക്കുക. ആറു ടീമുകളാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ട്വന്റി-10 ലീഗില്‍ മാറ്റുരക്കുന്നത്. ബംഗാള്‍ ടൈഗേഴ്‌സ്, കേരളാ കിങ്‌സ്, മറാത്ത അറേബ്യന്‍സ്, പാക്തൂണ്‍സ്, പഞ്ചാബ് ലെജന്‍ഡ്‌സ്, ടീം ശ്രീലങ്ക എന്നിവയാണ് ടീമുകള്‍. ഡിസംബര്‍ 14 മുതല്‍ 17 വരെയുള്ള നാല് ദിവസങ്ങളിലായാണ് ട്വന്റി-10 ലീഗ് നടക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒട്ടേറെ ഇതിഹാസ താരങ്ങളെ അണിനിരത്തിയാണ് ട്വന്റി-10 ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്. സെവാഗിന് പുറമെ ഷഹീദ് അഫ്രീദി, മൊഹമ്മദ് ആമിര്‍, മിസ്ബാ ഉള്‍ഹഖ് എന്നീ പാക് ഇതിഹാസങ്ങളും, ശ്രീലങ്കയുടെ ദിനേശ് ചണ്ടിമാല്‍, ലാഹിരു തിരിമാനേ, ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയില്‍സ്, വെസ്റ്റിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ തുടങ്ങി മറ്റനവധി ഇതിഹാസതാരങ്ങളും കുട്ടിക്രിക്കറ്റില്‍ വരും ദിവസങ്ങളില്‍ ‘അരങ്ങേറും’.

കൂടാതെ വസീം അക്രം, വഖാര്‍ യൂനിസ്, റോബിന്‍ സിംഗ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ വിവിധ ടീമുകളുടെ പരിശീലകരായും ടി10 ലീഗിന്റെ ഭാഗമാവുന്നത് ലീഗിന്റെ താരപ്പകിട്ട് കൂട്ടുന്നു.

You must be logged in to post a comment Login