വെണ്ട നടാം അടുക്കളതോട്ടത്തില്‍

മലയാളികള്‍ക്കേറെ ഇഷ്ടമുള്ള പച്ചക്കറിയാണ് വെണ്ട. അയഡിന്‍, കാത്സ്യം, ഫോസ്ഫറസ് എന്നിവയടങ്ങിയതിനാല്‍ ഇത് ആരോഗ്യസംരക്ഷകനാണ്. ചെടിച്ചട്ടി, പ്ലാസ്റ്റിക് ബക്കറ്റ്, ചാക്കുകള്‍ എന്നിവയിലും വെണ്ട നടാം.നേരിട്ട് വിത്ത് പാകിയാണിത് നടുന്നത്. ജനവരി  ഫിബ്രവരി മാസങ്ങള്‍ക്കു പുറമേ മെയ് ജൂണ്‍, സപ്തംബര്‍  ഒക്ടോബര്‍ മാസങ്ങളിലും വെണ്ട നടാം.

ladiesവേനലില്‍ ഇലമഞ്ഞളിപ്പു വരുന്ന ഇനങ്ങള്‍ നല്ലതല്ല. നരപ്പുദീനത്തിനെതിരെ നല്ല പ്രതിരോധ ശേഷിയുള്ള ‘അര്‍ക്ക അനാമിക’ നല്ലതാണ്. ‘മഞ്ചിമ’ എന്നയിനം ഇല മഞ്ഞളിപ്പിനെതിരെ പ്രതിരോധ ശേഷിയുള്ള സങ്കരയിനമാണ്. മഴക്കാലമായാല്‍ ഉയര്‍ന്നു കിടക്കുന്ന ഭാഗങ്ങളില്‍ പ്രത്യേകിച്ച് കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ യോജിച്ചയിനമാണ് ‘മഞ്ചിമ’. ഇളം പച്ചനിറത്തിലുള്ള കായ്കള്‍, രുചികരമാണ്. ഒരു ഹെക്ടറില്‍ 16 ടണ്‍വരെയാണ് ‘മഞ്ചിമ’യുടെ വിളവ്. അരുണ, സത്കീര്‍ത്തി എന്നിവയും നല്ല വെണ്ടയിനങ്ങളാണ്. ‘അഞ്ജിത’ എന്ന വെണ്ടയിനവും ഇലമഞ്ഞളിപ്പ് എന്ന വൈറസിനെ പ്രതിരോധിച്ച് വളരുന്നയിനമാണ്. നല്ല നീളമുള്ള പച്ചവെണ്ടയിനമാണിത്. ഹെക്ടറിന് 14 ടണ്ണിലേറെ വിളവ് കിട്ടും.’അഞ്ജിത’ വെണ്ടയിനം വേനലിലേക്കു യോജിച്ചതാണ്. ‘സുസ്ഥിര’ എന്ന വെണ്ടയിനം പേരുപോലെത്തന്നെ സ്ഥിരം കായ്ക്കുന്നതാണ്. ഒരിക്കല്‍ നട്ടാല്‍, പല പ്രവാശ്യം വിളവു ലഭിക്കും. ഇത് താമരവെണ്ടയിനമാണ്. അടുക്കളത്തോട്ടത്തിലേക്ക് പറ്റിയതാണ്. ‘സുസ്ഥിര’ നട്ടാല്‍ എട്ട് മാസംവരെ തുടര്‍ച്ചയായി വിളവ് ലഭിക്കും. ഹെക്ടറില്‍ നിന്ന് പതിനെട്ട് ടണ്‍ വരെ വിളവ് കിട്ടും.

മഞ്ഞളിപ്പുരോഗപ്രതിരോധശേഷിയും സുസ്ഥിരയുടെ സവിശേഷതയാണ്. ഇതിനു പുറമെ നിരവധി വെണ്ടയിനങ്ങള്‍ പ്രചാരത്തിലുണ്ട്.
നേരിട്ടു വിത്തു പാകിയാണ് വെണ്ടക്കൃഷി ചെയ്യുന്നത്. ഒരു സെന്റിലേക്ക് മുപ്പതുഗ്രാം വിത്ത് ആവശ്യമാണ്. കൃഷിയിടം നന്നായി കിളച്ച്, ചാലുണ്ടാക്കിയാണ് വിത്തിടേണ്ടത്.
രണ്ട് ചാലുകള്‍ തമ്മില്‍ അറുപത് സെന്റിമീറ്ററും രണ്ട് ചെടികള്‍ തമ്മില്‍ 30 മുതല്‍ 45 സെന്റിമീറ്റര്‍ വരെയകലമാവാം. ‘സ്യൂഡോമോണാസ്’ എട്ട് ഗ്രാം ഒരു കിലോ വെണ്ടവിത്തിനെന്ന കണക്കില്‍, വിത്തുപരിചരിക്കണം. വെണ്ട വിത്ത് വെള്ളത്തില്‍ മുക്കിയിട്ടശേഷം നട്ടാല്‍ നന്നായി മുളച്ചുകിട്ടും.

 

 

You must be logged in to post a comment Login