വെയിലത്തും മഴയത്തും ഒരു കഥാകാരന്‍

രാമചന്ദ്രന്‍ കടമ്പേരി

കേരളത്തിലെ മുഖ്യധാരായെഴുത്തുകാരെ നിരീക്ഷിച്ചാല്‍ പൊതുവില്‍ ചില പ്രത്യേകതകള്‍ കണ്ടെത്താന്‍ കഴിയും. അവര്‍ നല്ല വിദ്യാഭ്യാസമുള്ളവരായിരിക്കും. പിന്നെ സുരക്ഷിതമായ, മിക്കവാറും സര്‍ക്കാര്‍ ജോലിയോ അതിന് സമാനമായ എന്തെങ്കിലും ജോലി ചോയ്യുന്നവരോ ആകും. അങ്ങനെ ദൈനംദിനജീവിതം സുഗമമായ് പുലരാനുള്ള സാഹചര്യത്തില്‍ ഇരുന്നുകൊണ്ടാണ് ഭൂരിഭാഗം സാഹിത്യകാരന്മാരും ദാരിദ്ര്യത്തേയും അസമാധാനത്തേയും പറ്റിയൊക്കെയുള്ള രചനാപരീക്ഷണങ്ങളില്‍ മുഴുകുന്നത്. ഒരു സി. അഷറഫോ, പവിത്രന്‍ തീക്കുനിയോ പോലെ അപൂര്‍വ്വം വ്യക്തിത്വങ്ങളെ പൊതുവായ ഈ ചട്ടക്കൂടില്‍ നിന്ന് വ്യത്യസ്തരായുള്ളൂ. ഈ അപൂര്‍വ്വതയിലേക്ക് പുതിയൊരു എഴുത്തുകാരന്‍ കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മലപ്പുറം ജില്ലാ സ്വദേശിയായ പ്രദീപ് പേരശ്ശനൂര്‍. എം.ടി. യുടെ കൂടല്ലൂരിനേയും പേരശ്ശനൂരിനേയും വെവ്വേറെയാക്കുന്നത് നടുവിലൂടെ ഒഴുകുന്ന ഭാരതപ്പുഴയാണ്. അതുകൊണ്ടുതന്നെ ഒരു മഹാമേരുവായ് വളര്‍ന്ന് പന്തലിച്ച എം.ടിയെന്ന വലിയ എഴുത്തുകാരന്‍ പ്രദീപിനെ പ്രചോദിപ്പിക്കാതേയും പ്രേരിപ്പിക്കാതേയും തരമില്ല.
അരക്ഷിതവും ദരിദ്രവുമായ കുട്ടിക്കാലം. പ്രദീപിന്റെ പിതാവ് സമ്പൂര്‍ണ്ണ മദ്യപാനിയും അതുമൂലമുള്ള സാഡിസ്റ്റ് സ്വഭാവം വെച്ചു പുലര്‍ത്തുന്നയാളുമായിരുന്നു. ഒരിക്കല്‍പോലും ഒരു പിതാവും പുത്രനും തമ്മിലുള്ള വാല്‌സല്യത്തിലധിഷ്ഠിതമായ ഊഷ്മളബന്ധം ഓര്‍മ്മിച്ചെടുക്കാവുന്ന ആഴങ്ങളിലൊന്നും പ്രദീപിന് കണ്ടെത്താനാവുന്നില്ല. എല്ലാ പിതാക്കന്മാരും ഇങ്ങനെയായിരിക്കും എന്നായിരുന്നത്രെ അന്നൊക്കെ അയാളുടെ ധാരണ. അവഗണനയുടേയും അശാന്തിയുടേതുമായ ആ കാലം പ്രദീപ് എന്ന കുട്ടിയെ അന്തര്‍മുഖനും ഏകാകിയും അസ്വസ്ഥനുമാക്കി. എഴുത്തുകാരനായ് തീരാനുള്ള പ്രധാന യോഗ്യതയായ് പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ രേഖപ്പെടുത്തുന്നത് അയാള്‍ ജന്മനാ അസ്വസ്ഥനായിരിക്കണം എന്നാണ്. എവിടെയും താനൊറ്റപ്പെടുന്നു എന്ന തോന്നലും അതുമൂലമുണ്ടാകുന്ന ചുറ്റുപാടുകളിലെ കുറ്റപ്പെടുത്തലും താനൊന്നിനും കൊള്ളില്ല എന്ന അധമബോധവും പ്രദീപിനെ പുസ്തകങ്ങളുടെ കൂട്ടുകാരനാക്കി. അന്നൊക്കെ എഴുതുക എന്നത് അയാളെ സംബന്ധിച്ച് വിദൂരമായ ഒരു സ്വപ്‌നം പോലുമായിരുന്നില്ല. പ്രദീപ് പത്താംക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ മദ്യപാനം മൂലം അച്ഛന്റെ ജീവിതതാളം പരിപൂര്‍ണ്ണമായ് താളം തെറ്റിയിരുന്നു. അതുകൊണ്ട് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ക്ലാസ്സുണ്ടായിരുന്നിട്ടും തുടര്‍ന്ന് പഠിക്കാനുള്ള മോഹം ഉപേക്ഷിച്ച് വാര്‍പ്പുപണിക്കിറങ്ങി കൂലിപ്പണിക്കാരനായി. അസഹ്യമായ ചൂടും കനത്ത മഴയും! വാര്‍പ്പുപണിക്കാരന്‍ ഇത് രണ്ടും സര്‍വ്വാത്മനാ ഏല്‍ക്കണം. കത്തിക്കാളുന്ന വെയിലില്‍ വിയര്‍പ്പ് വറ്റുമ്പോഴുള്ള അസ്വാഭാവിക ഗന്ധത്തെ പറ്റി ‘ഒരു അവസാനത്തിന്റെ ആരംഭം’ എന്ന കഥയില്‍ കഥാകാരന്‍ എഴുതിയത് സ്വാനുഭവത്തിന്റെ തീക്ഷ്ണതയിലായിരുന്നിരിക്കണം.
ഇപ്പോള്‍ പ്രദീപിനെ എഴുത്തിന്റെ മുഖ്യധാരയില്‍ ശ്രദ്ധേയനാക്കിയിരിക്കുന്നത് രണ്ട് പുസ്തകങ്ങളാണ്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ കാരൂര്‍ നോവല്‍ പുരസ്‌കാരം നേടിയ
‘ചുരുണ്ടടവ്’ എന്ന നോവലാണ് അതിലൊന്ന്. ഈ പുസ്തകത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. മലയാളത്തില്‍ എയ്ഡ്‌സ് മുഖ്യ പ്രമേയമായ് വരുന്ന ആദ്യത്തെ നോവലാണ് ചുരുണ്ടടവ്. ഭീതിയോടും അതിലേറെ ആകാംക്ഷയോടും മാത്രമേ ഈ നോവന്‍ വായിച്ചു പോകാന്‍ കഴിയുള്ളൂ. എയ്ഡ്‌സുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍, ഒരെഴുത്താകാരനായ് തീരാനുള്ള ഒരാളുടെ അശ്രാന്തപരിശ്രമവും പരാജയവും, രക്തബന്ധമുള്ളവര്‍ തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങള്‍…. ഇങ്ങനെ വ്യത്യസ്ഥമായ കഥാഗതികളെ ഒരു ചരടില്‍ കോര്‍ത്ത രസാവഹമായ സൃഷ്ടിയാണ് ചുരുണ്ടടവ്. ഈ നോവല്‍ വായിച്ചു പൂര്‍ത്തിയാക്കിയാല്‍ ആ വ്യക്തി പിന്നെ അവിഹിത ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടാനൊന്ന് അറയ്ക്കും. അത്ര തീവ്രവും സത്യസന്ധവുമാണിതിലെ എഴുത്തും സന്ദേശവും.
മുഖ്യധാരയില്‍ വരുന്ന പ്രദീപിന്റെ ആദ്യത്തെ പുസ്തകം ‘കമ്പപ്പോല്‍’ എന്ന ചെറുനോവലാണ്. ചിന്ത പബ്ലിഷേഴ്‌സാണിതിന്റെ പ്രസാധകര്‍. അസാധാരണമായ ശീര്‍ഷകം പോലെ തന്നെ ഈ പുസ്തകംഅസാധാരണജീവിതകഥ പറയുന്നു. പുരാണകഥാപശ്ചാത്തലത്തിലാണീ രചന. ഹൈന്ദവ ഫാസിസം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ആധുനിക ഭാരതത്തിലെ സമകാലികാവസ്ഥയില്‍ കമ്പപ്പോല്‍ ഫാസിസത്തിനെതിരായുള്ള ചാട്ടുളിയാകുന്നു എന്നാണ് പ്രശസ്ത നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണന്റെ അഭിപ്രായം. ദുരാചാരങ്ങളുടെയും ഉപചാപങ്ങളുടെയും ഫലമായ് സ്വന്തം മാതാവിനെ വിവാഹം കഴിക്കണം എന്ന പുരോഹിതവൃന്ദത്തിന്റെ തിട്ടൂരത്തിന് മുമ്പില്‍ സംഘര്‍ഷത്തിലാകുന്ന രാജകുമാരന്റേയും അയാളുടെ പോരാട്ടത്തിന്റെയും കഥയാണ് കമ്പപ്പോല്‍.
ഒരെഴുത്തുകാരനാകണം എന്ന് കുട്ടിക്കാലത്തോ പഠനകാലത്തോ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത പ്രദീപ് ആ മേഖലയിലെത്തിപ്പെട്ടത് അതിശയകരമായ കാര്യമാണ്. പരോക്ഷമായ് അതിന് കാരണം കഥാകാരന്റെ പിതാവ് തന്നെ.
മൂന്ന് വര്‍ഷം ഒരു കോണ്‍ട്രാക്ടറുടെ കീഴില്‍ പണി ചെയ്തുകഴിഞ്ഞപ്പോള്‍ ആത്മവിശ്വാസമായി. അങ്ങനെ തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ പ്രദീപും വാര്‍പ്പുപണി കരാറുകാരനായി. വായന അപ്പോഴും അനുസ്യൂതം തുടരുന്നുണ്ടായിരുന്നു. ഇതിനിടയ്ക്ക് പിതാവ് മരണപ്പെട്ടു. ആ ആകസ്മിക വിയോഗം, ശൂന്യത….. തന്റെ പരുക്കന്‍ ഭാവത്തിനപ്പുറം പിതാവ് ഉള്ളില്‍ സൂക്ഷിച്ചുവെച്ച സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും ഉറവ മരണാനന്തരമാണ് പ്രദീപിന് ബോധ്യപ്പെട്ടത്. ഒരാള്‍ മദ്യപാനിയാകുന്നതിലും സാഡിസ്റ്റാകുന്നതിലും സമൂഹത്തിനും വ്യവസ്ഥിതിക്കും പങ്കുണ്ട്. ആ കണ്ടെത്തല്‍ ഒരു കഥയായ് രൂപം പ്രാപിച്ചു. സഞ്ചയനം എന്നായിരുന്നു ആ കഥയുടെ പേര്. സഞ്ചയനമെന്നാല്‍ ഒരു ഹൈന്ദവ മരണാന്തര ചടങ്ങാണ്.
ആ കഥ ഒന്ന് പ്രസിദ്ധീകരിച്ചുകാണണം എന്നേ പ്രദീപ് ആഗ്രഹിച്ചിരുന്നുള്ളൂ. അല്ലാതെ തുടര്‍ന്നും എഴുതണമെന്നോ അതിന് വേണ്ട സാമഗ്രികള്‍ തന്റെയുള്ളിലുണ്ടെന്നോ ഒരിക്കലും നിനച്ചിരുന്നില്ല.
പക്ഷെ കഥ എഴുതുന്നതിനേക്കാള്‍ പ്രയാസകരമാണ് തുടക്കക്കാരന് അത് പ്രസിദ്ധീകരിച്ച് കിട്ടലെന്ന് വളരെ വേഗം ബോദ്ധ്യപ്പെട്ടു. ഒന്നരവര്‍ഷത്തെ കഠിന പരിശ്രമത്തിനൊടുവില്‍ ആ കഥ ഉപേക്ഷിച്ച് മറ്റൊരു കഥ എഴുതി. തന്റെ അയല്‍പ്പക്കത്ത് തളര്‍ന്ന് കിടക്കുന്ന ഉദരപ്പന്‍ എന്നയാളെ കേന്ദ്രീകരിച്ചായിരുന്നു ‘മോക്ഷം’ എന്ന ആ കഥ. ഒരുപാട് ശ്രമങ്ങളുടെ ഫലമായ് തീരെ അപ്രശസ്തമായ ഒരു മാസികയില്‍ ആ കഥ അച്ചടിച്ചു വന്നു. അന്നനുഭവിച്ച ആഹ്ലാദത്തിനതിരില്ലായിരുന്നെന്ന് കഥാകൃത്ത് പറയുന്നു. ഒരെഴുത്തുകാരനാകണം എന്ന തീരുമാനമെടുക്കുന്നതും അന്നത്തെ രാത്രിയിലാണ്. പിന്നീട് തുടരെ തുടരെ കഥകളെഴുതി. ദേശാഭിമാനി, കലാകൗമുദി, ചന്ദ്രിക തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലൊക്കെ ആ കഥകള്‍ വന്നു. കുറേ വര്‍ഷം പിന്നിട്ടപ്പോള്‍ കഥ എഴുതി അംഗീകാരം നേടുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണെന്ന് പ്രദീപിന് സ്വയം തോന്നി. അത്രയേറെ എഴുതി പ്രശസ്തരായവരും അല്ലാത്തവരുമായ കഥാകൃത്തുക്കള്‍ മലയാളത്തിലുണ്ട്. മാത്രമല്ല ഒരു കഥയിലൊതുങ്ങാത്ത വലിയ ക്യാന്‍വാസില്‍ പറയേണ്ട പ്രമേയങ്ങള്‍ തന്റെ ഉള്ളിലുണ്ടെന്നും അയാള്‍ കണ്ടെത്തി. അങ്ങനെയാണ് നോവല്‍ രചനയിലേക്ക് തിരിഞ്ഞത്. നോവലെഴുതുന്നതിന് മുമ്പ് വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളും തപവും ഉണ്ടായിരുന്നുവെന്ന് എഴുത്തുകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതുവരെ മറ്റാരും പറയാത്ത കഥ, ഭാഷ. അതിന് വേണ്ടി ഊണിലും ഉറക്കത്തിലും ബോധപൂര്‍വ്വവും അല്ലാതെയും ആരായാന്‍ തുടങ്ങി. എത്രയോ പ്രമേയങ്ങള്‍ എഴുതിയും എഴുതാതേയും ഉപേക്ഷിച്ചു.
അവസാനം ശരിയായ് വന്നതാണ് കമ്പപ്പോലും ചുരുണ്ടടവും. രണ്ടു വര്‍ഷത്തെ ഇടവേളകളെ ഈ നോവലുകള്‍ തമ്മിലുള്ളൂ. ഈ രണ്ടു നോവലുകളും പുസ്തക രൂപത്തില്‍ വരാന്‍ വലിയ പരീക്ഷണം തന്നെ നേരിട്ടു. സ്വയം പണം മുടക്കി പുസ്തകം പ്രസിദ്ധീകരില്ലായെന്ന് പ്രദീപ് മുമ്പേ തീരുമാനിച്ചിരുന്നു. ഒരുപാട് തിരിച്ചടികള്‍ക്ക് ശേഷം ചിന്ത കമ്പപ്പോല്‍ പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുത്തു. കാരൂര്‍ സ്മാരക പുരസ്‌കാരത്തിന് പ്രസിദ്ധീകരിക്കാത്ത നോവലുകളാണ് പരിഗണിച്ചിരുന്നത്. പുരസ്‌കാരം കിട്ടിയപ്പോള്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ പബ്ലിഷിംഗ് വിഭാഗമായ നാഷണല്‍ ബുക്ക്‌സ് ചുരുണ്ടടവ് പ്രസിദ്ധീകരിച്ചു. രചനകള്‍ക്ക് പ്രസാധകര്‍ എന്ന കടമ്പ അങ്ങനെ കടന്നുകിട്ടി. പിന്നീടെഴുതിയത് രണ്ട് ബാലസാഹിത്യ നോവലുകളാണ്. ഉള്ളിലെന്നും കുട്ടിത്തം സൂക്ഷിക്കുന്നവര്‍ക്കേ ബാലസാഹിത്യമെഴുതാന്‍ കഴിയൂവെന്നാണ് പ്രദീപിന്റെ കാഴ്ചപ്പാട്. വളരെ ചെറിയ കുട്ടികള്‍ക്കുള്ളതല്ല പ്രദീപിന്റെ ബാലസാഹിത്യരചനകള്‍. ഹൈസ്‌കൂള്‍ തലം തൊട്ടുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്. ഇതില്‍ ‘അക്കിക്കാവെ’ന്ന ആദ്യ ബാലസാഹിത്യനോവല്‍ ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് ഖണ്ഡശ: പ്രസിദ്ധീകരിച്ചത്. രണ്ടാമത്തേത് വിദ്യാര്‍ത്ഥികളെ കഥകളിലൂടെയും സാഹചര്യങ്ങളിലൂടെയും ഇംഗ്ലീഷ് ഗ്രാമര്‍ പഠിപ്പിക്കാനുതകും വിധം തയ്യാറാക്കപ്പെട്ടതാണ്. ഒരേസമയം ഫിക്ഷനും നോണ്‍ഫിക്ഷനുമായൊരു പുസ്തകം. ചന്ദ്രിക പത്രത്തിന്റെ വിദ്യാഭ്യാസ സപ്ലിമെന്റായ പാഠമുദ്രയില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു ‘പാസീവ് വോയ്‌സെ’ ന്ന ഈ നോവല്‍. രണ്ടു നോവലും വൈകാതെ പുസ്‌കതമായിറങ്ങും. കഥയല്ല നോവലാണ് തന്റെ തട്ടകമെന്ന തിരിച്ചറിവിലാണ് പ്രദീപ് പേരശ്ശനൂര്‍.
സാഹിത്യകാരനായ് ശോഭിക്കുവാന്‍ അക്കാദമിക് വിദ്യാഭ്യാസത്തിന്റെ പിന്‍ബലം വേണമെന്നില്ല എന്ന് തെളിയിക്കുകയാണ് തന്റെ സാഹിത്യജീവിതത്തിലൂടെ പ്രദീപ്. കഠിനമായ മഴയിലും ഉഷ്ണത്തിലും താന്‍ അനുഭവിച്ചു തീര്‍ത്ത ജീവിതവും വേദനാജനകമായ കുട്ടിക്കാലവുമാണ് എഴുത്തിലെ തന്റെ മൂലധനമെന്ന് ഈ കഥാകാരന്‍ ഉറപ്പിച്ചു പറയുന്നു. കഴിവിനൊപ്പം പിന്നെ വേണ്ടത് ആത്മവിശ്വാസവും അര്‍പ്പണ ബോധവുമാണല്ലോ.
പിറവി ആഘോഷിക്കേണ്ട നോവലിസ്റ്റാണ് പ്രദീപാണ് പേരശ്ശനൂരെന്ന് അയാളുടെ കമ്പപ്പോല്‍, ചുരുണ്ടടവ് തുടങ്ങിയ നോവലുകള്‍ തെളിയിക്കുന്നു. വായനക്കാരുടെ പ്രോത്സാഹനം അത്രയും ഈ കഥാകാരന്‍ അര്‍ഹിക്കുന്നു.

You must be logged in to post a comment Login