വെറ്റില ക്യഷി

NQLN0200582

അറിയുംതോറും മൂല്യമേറുന്ന ഔഷധമാണ് വെറ്റില. സംസ്‌കൃതത്തില്‍ നാഗവല്ലരി എന്നും സപ്തശിര എന്നും പേരുള്ള വെറ്റിലയുടെ ജന്മദേശം നമ്മുടെ ഭാരതം തന്നെ. ചില മംഗളകാര്യങ്ങള്‍ക്ക് വെറ്റില പ്രധാനിയാണ്. വെറ്റിലയില്‍ ജീവകം സി, തയാമിന്‍, നിയാസിന്‍, റൈബോഫ്‌ലേവിന്‍, കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് വെറ്റിലക്കൊടിയ്ക്ക് നല്ലത്. കേരളത്തില്‍ വെറ്റില അടയ്ക്കാത്തോട്ടങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും ഇടവിളയായാണ് വളര്‍ത്തുന്നത്. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണില്‍ ഇത് നന്നായി വളരും. വെള്ളക്കെട്ടുള്ള ഉപ്പുരസമോ, ക്ഷാര സ്വഭാവമോ ഉള്ള മണ്ണ് വെറ്റിലക്കൃഷിയ്ക്കു നന്നല്ല. ചെമ്മണ്‍ പ്രദേശങ്ങളിലും വെറ്റില നന്നായി വളരും. തുളസി, വെണ്മണി, അരിക്കൊടി, കല്‍ക്കൊടി, കരിലാഞ്ചി, കര്‍പ്പൂരം, ചീലാന്തി കര്‍പ്പൂരം, കുറ്റക്കൊടിനന്തന്‍, പെരുംകൊടി, അമരവിള പ്രമുട്ടന്‍ എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഒരു മീറ്റര്‍ നീളവും മൂന്നു മുട്ടുകളുമുള്ള വള്ളിക്കഷണങ്ങളാണ് നടാനെടുക്കുന്നത്. നല്ല തണലും നനയ്ക്കാന്‍ സൗകര്യമുള്ള സ്ഥലമാണ് വെറ്റിലകൃഷിയ്ക്ക് നന്ന്. കൃഷി സ്ഥലം നന്നായി കിളച്ച് ഒരുമീറ്റല്‍ അകലത്തില്‍ വാരങ്ങള്‍ എടുത്തുവേണം വള്ളികള്‍ നടേണ്ടത്.

നന്നായി അഴുകിപ്പൊടിഞ്ഞ ജൈവവളവും പച്ചിലകളും മേല്‍മണ്ണും ചാരവുമായി കലര്‍ത്തി വാരങ്ങളില്‍ ചേര്‍ക്കുക. നടുമ്പോള്‍ ഒരു മുട്ട് മണ്ണിനടിയിലും രണ്ടാമത്തെ മുട്ട് മണ്‍നിരപ്പിനു മുകളിലുമായി വരണം. വള്ളിയ്ക്കു ചുറ്റും മണ്ണമര്‍ത്തുന്നത് പെട്ടെന്ന് മുളപൊട്ടാന്‍ ഇടയാകും. നട്ട വള്ളികള്‍ക്ക് തണല്‍ നല്‍കണം. തോട്ടം കളകള്‍ വളരാതെയും ഇടയ്ക്ക് ഇടയിളക്കിയും വൃത്തിയായി സൂക്ഷിക്കണം.

ഓരോ തവണ വിളവെടുക്കുമ്പോഴും, വളം ചേര്‍ക്കണം. 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുന്നത് രോഗനിയന്ത്രണത്തിനുപകരിക്കും. രണ്ടാഴ്ച ഇടവിട്ട് ഉണങ്ങിയ ഇലകളും ചാരവും കുഴികളില്‍ ചേര്‍ക്കുകയും ചാണകക്കുഴമ്പ് ചുവട്ടില്‍തളിയ്ക്കുകയും വേണം. ശീമക്കൊന്നയില, മാവില എന്നിവ ഓരോ മാസം ഇടവിട്ടു ചേര്‍ക്കുന്നതും വള്ളികള്‍ക്ക് നല്ലതാണ്.

നല്ലൊരു വേദനസംഹാരിയണിത്. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടിയാല്‍ വേദന ശമിക്കും. വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദയനയ്ക്ക് ആശ്വാസമേകും. മുറിവില്‍ വെറ്റില വച്ച ശേഷം ബാന്‍ഡേജിട്ടാല്‍ മുറിവുണങ്ങും. ഈ വള്ളിച്ചെടിയെ പൂന്തോട്ടത്തിന് അലങ്കാരമാക്കാന്‍ ഇനി വൈകില്ലല്ലോ…

You must be logged in to post a comment Login