വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര പാകിസ്ഥാന്‍ സ്വന്തമാക്കി

സെന്റ് ലൂസിയ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ജയിച്ച് പാകിസ്താന്‍ പരമ്പര സ്വന്തമാക്കി.
അഞ്ച് ഏകദിനങ്ങളുടെ പരമ്പര 31 നാണു പാകിസ്താന്‍ സ്വന്തമാക്കിയത്. ബുധനാഴ്ച വൈകി നടന്ന അവസാന മത്സരത്തില്‍ നാലു വിക്കറ്റിനായിരുന്നു പാക് ജയം. അര്‍ധ സെഞ്ചുറി നേടിയ പാക് നായകന്‍ മിസ്ബ ഉള്‍ ഹഖിന്റെ (63) മികച്ച ബാറ്റിംഗാണു കൈവിട്ടെന്നു കരുതിയ മത്സരം പാകിസ്താന്‍ തിരിച്ചുപിടിച്ചത്. കളി തീരാന്‍ ഒരു പന്തു മാത്രം ശേഷിക്കേയായിരുന്നു ജയം. ടോസ് നേടിയ പാകിസ്താന്‍ വിന്‍ഡീസിനെ ബാറ്റിംഗിനു വിടുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 242 റണ്ണെടുത്തു.

pak vs wi

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണ്‍സണ്‍ ചാള്‍സ്(43), മര്‍ലോണ്‍ സാമുവല്‍സ്(45), നായകന്‍ ഡ്വെയ്ന്‍ ബ്രാവോ(48), ഡാരന്‍ സാമി (29) ലെന്‍ഡല്‍ സിമ്മണ്‍സ് (25) ക്രിസ് ഗെയ്ല്‍ (21) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണു വിന്‍ഡീസിനു പൊരുതാനുള്ള സ്‌കോര്‍ നേടിക്കൊടുത്തത്. 243 റണ്ണിന്റെ വിജയ ലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച പാകസ്താന് മഴ ഇടയ്ക്കു തടസമായിരുന്നു. 14 പന്തുകള്‍ ശേഷിക്കേ മഴയെത്തിയതു ജയ സാധ്യതയെ തന്നെ ബാധിച്ചു. മഴ മാറി കളി തുടങ്ങി വൈകാതെ മിസ്ബയെ അവര്‍ക്കു നഷ്ടപ്പെട്ടു. ഓഫ് സ്പിന്നര്‍ സയദ് അജ്മലാണ് അവസാന ഓവറില്‍ വിജയ റണ്ണെടുത്തത്.  വിന്‍ഡീസിനു വേണ്ടി പേസര്‍ ടിനോ ബെസ്റ്റ് മൂന്നു വിക്കറ്റെടുത്തു.
നേരത്തെ പാക് പേസര്‍ ജുനൈദ് ഖാന്‍ മൂന്നു വിക്കറ്റും മുഹമ്മദ് ഇര്‍ഫാന്‍, സയദ് അജ്മല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവുമെടുത്തിരുന്നു. പ്രോവിഡന്‍സില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ പാകിസ്താന്‍ 126 റണ്ണിനു ജയിച്ചിരുന്നു. അതേ വേദിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസ് 37 റണ്ണിനും ജയിച്ചു. ഗ്രോസ് ഈസ്‌ലെറ്റില്‍ നടന്ന മൂന്നാം ഏകദിനം സമനിലയായി. മഴ കളി മുടക്കിയ നാലാം ഏകദിനത്തില്‍ ഡക്ക്‌വര്‍ത്ത്/ ലൂയിസ് മഴനിയമ പ്രകാരം പാകിസ്താന്‍ ആറു വിക്കറ്റിനു ജയിക്കുകയായിരുന്നു. പാക് നായകന്‍ മിസ്ബ ഉള്‍ ഹഖാണ് ഏകദിനത്തിലെ താരവും പരമ്പരയിലെ താരവുമായത്.

You must be logged in to post a comment Login